ചോദ്യം ചെയ്യുമ്പോള്‍ നിരന്തരം മിസ്ഡ് കോള്‍; 19-ാമത്തെ കോള്‍ എടുക്കാന്‍ ആവശ്യപ്പെട്ടത് സ്പീക്കര്‍ ഫോണ്‍ ഓണാക്കി; എതിര് വശത്തുള്ള ആള് ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാന്‍ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുല്‍പ്പള്ളിക്കാരന്റെ കൂര്‍മ്മ ബുദ്ധി; ശരണ്യയെ 'ഫോറന്‍സിക്കില്‍' കുടുക്കിയത് സതീശന് സിഐ; കേരളം കൈയടിക്കുന്ന 'തയ്യില്‍' അന്വേഷണ മികവിന്റെ കഥ
കണ്ണൂര്‍: ഒന്നര വയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും മാതാവാണ് കൃത്യം നടത്തിയത് എന്ന് തെളിയിച്ച കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര് സതീശന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് സതീശന്റെ അന്വേഷണ മികവ് തന്നെയാണ്. ശാസ്ത്രീയമായ പരിശോധനയിലൂടെയും മികച്ച കുറ്റാന്വേഷണത്തിലൂടെയും ഒന്നര വയസ്സുകാരന്റെ മാതാവാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. പഴുതടച്ചുള്ള അന്വേഷണത്തെ പറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര് സതീശന് മറുനാടന്‍ മലയാളിയോട് പങ്കുവയ്ക്കുന്നു.
കടല്ക്കരയില് ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി എന്ന വിവരമറിഞ്ഞാണ് തയ്യില്‍ കടപ്പുറത്തെത്തിയത്. പ്രഥമ ദൃഷ്ടിയാല്‍ ഒരു അസ്വഭാവികത തോന്നിയിരുന്നു. സംഭവം നടക്കുന്ന രാത്രിയില്‍ വീട്ടിലുണ്ടായിരുന്ന നാലു പേരെയാണ് ആദ്യം ചോദ്യം ചെയ്തത്. ശരണ്യയുടെ മാതാവോ സഹോദരനോ ആവാം കൃത്യം നിര്‍വ്വഹിച്ചത് എന്നാണ് അദ്യം കരുതിയത്. കാരണം പിതാവ് പ്രണവ് നാളുകള്‍ക്ക് ശേഷമാണ് വീട്ടിലേക്ക് എത്തിയത്. അതിനാല്‍ അയാള്‍ കൃത്യം നിര്‍വ്വഹിക്കാന്‍ സാധ്യത ഇല്ല. വിവാഹ ബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹത്തിനായി ശരണ്യക്ക് തടസം കുഞ്ഞായതിനാല്‍ വീട്ടുകാരാണോ എന്നായിരുന്നു സംശയം. എന്നാല്‍ ആ സംശയം മാറിയത് ശരണ്യയെ ചോദ്യം ചെയ്തപ്പോള്‍ വന്ന ഒരു ഫോണ്‍ കോളില്‍ കൂടിയാണ്.
ശരണ്യയെ വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് പ്രണവിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചിരുന്നത്. കുഞ്ഞിനോട് സ്നേഹമില്ല ഉപദ്രവിക്കുമായിരുന്നു എന്നൊക്കെയാണ് കൂടുതലും പറഞ്ഞത്. കൊല ചെയ്തത് ഭര്‍ത്താവ് പ്രണവാണ് എന്ന് വരുത്തി തീര്‍ക്കാനുള്ളത് പോലെ തോന്നി. ഇതിനിടയില്‍ ശരണ്യയുടെ മൊബൈലിലേക്ക് ഒരു നമ്പരില്‍ നിന്നും നിരന്തരമായി കോള്‍ വരുന്നുണ്ടായിരുന്നു.
ഏകദേശം പത്തൊന്‍പതോളം മിസ്ഡ് കോള്‍ വന്നു. ഇതോടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ശരണ്യയോട് ആവശ്യപ്പെട്ടു. ഫോണ്‍ ലൗഡ് സ്പീക്കറില്‍ ഇട്ട് സംസാരിക്കാന്‍ പറഞ്ഞു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ തന്നെ എതിര് വശത്തുള്ള ആള് അധികരിത്തോടെ നീ എവിടെയായിരുന്നു? എന്താ ഫോണ്‍ എടുക്കാത്തത് എന്നൊക്കെ ചോദിക്കുന്നു. പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ശരണ്യ വേഗം സംഭാഷണം അവസാനിപ്പിച്ചു.
പിന്നെയാണ് കഥയുടെ ഗതി മാറിയത്. ഫോണില്‍ സംസാരിച്ചത് ആരാണ് എന്ന ചോദ്യത്തില്‍ തനിക്കറിയില്ല എന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ശരണ്യയുടെ ഫോണിലെ വാട്ട്സാപ്പും ഫെയ്സ് ബുക്കും പരിശോധിച്ചു. ഫോണില്‍ സംസാരിച്ച ആളുമായി നിരവധി തവണ മെസ്സേജ് അയച്ചതായി കണ്ടെത്തി. മെസ്സേജുകളിലെല്ലാം പ്രണയം തന്നെയായിരുന്നു വിഷയം. അങ്ങനെയാണ് കാമുകനെ പറ്റി ശരണ്യ വെളിപ്പെടുത്തുന്നത്. തന്നെ ഇഷ്ടപ്പെടുന്നയാളാണെന്നും വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ശരണ്യ പറഞ്ഞതോടെ ചില സംശയങ്ങള്‍ ഉരുത്തുരിഞ്ഞു. കുഞ്ഞിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ വേഗം ശരണ്യയെ കാണിച്ചു. കാണുമ്പോഴുള്ള മുഖഭാവം എങ്ങനെയാവും എന്നറിയാനായിരുന്നു. കൃത്രിമമായി തോന്നുന്ന തരത്തില്‍ ഒരു കരച്ചിലായിരുന്നു ഉണ്ടായത്.
അടുത്തതായി ഭര്‍ത്താവ് പ്രണവിനെ ചോദ്യം ചെയ്തു. രാത്രിയില്‍ തന്റെയൊപ്പം കിടന്നിരുന്ന കുഞ്ഞിനെ പുലര്‍ച്ചെ മൂന്ന് മണിയോടെ ശരണ്യ പാലു കൊടുക്കാനായി എടുത്തു കൊണ്ടു പോകുന്നത് മാത്രമേ കണ്ടുള്ളൂ എന്നും പിന്നെ രാവിലെ കുഞ്ഞിനെ കാന്നുന്നില്ല എന്നുള്ള ശരണ്യയുടെ ഒച്ചപ്പാടാണ് കേട്ടതെന്നും പ്രണവ് പറഞ്ഞു. ശരണ്യയെ കാണിച്ചത് പോലെ പ്രണവിനെയും കാണിച്ചു. എന്റെ മോനെവിടെ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഒരു ചോദ്യമായിരുന്നു.
അങ്ങനെ ചോദ്യം ചെയ്യലില്‍ നിന്നും ശരണ്യയാണ് കുറ്റക്കാരി എന്ന് ഏകദേശ ധാരണ ലഭിച്ചു. എങ്കിലും തെളിവുകളുടെ അഭാവം വീണ്ടും തടസമായി. അങ്ങനെയാണ് അന്ന് തന്നെ കോടതിയില്‍ പ്രത്യേക കേസാണെന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതിനാല് ഫോറന്‍സിക് പരിശോധന എത്രയും വേഗം നടത്തി റിപ്പോര്‍ട്ട് കിട്ടണമെന്നും ആവശ്യപ്പെട്ടു.
അങ്ങനെ കോടതി അനുമതി നല്‍കിയതോടെ അന്ന് രാത്രിയില്‍ പ്രണവും ശരണ്യയും ഉപയോഗിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തിയത്. പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ മാത്രമാണ് ഉപ്പിന്റെ അംശം ഉണ്ടായിരുന്നത്. അപ്പോള്‍ കൊലപാതകി ശരണ്യ തന്നെയെന്ന് ഉറപ്പിച്ചു. ശരണ്യയുടെ മുന്നില്‍ വച്ച് ഞാന്‍ എസ്ഐയെ ഫോണില്‍ വിളിച്ച് പ്രണവ് കുറ്റക്കാരനല്ല എന്നും അയാളെ വിട്ടയക്കാനും പറഞ്ഞു. ഇത് കേട്ടതോടെ അതുവരെയുണ്ടായിരുന്ന എതിര്‍പ്പ് കുറഞ്ഞു. ശരണ്യ കുറ്റം സമ്മതിച്ചു.
പുലര്‍ച്ചെ മൂന്ന് മണിക്ക് കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ അടുത്ത് നിന്നും എടുത്തു കൊണ്ട് വന്നു. പാലു കൊടുത്ത് തോളിലിട്ട് ഉറക്കിയ ശേഷം മുറിയിലെ കസേരയില്‍ ഇരുന്നു. ഏറെ നേരം ആലോചിച്ച ശേഷമാണ് കടല്ക്കരയില് കൊണ്ടുപോയി കൊല നടത്തിയത് എന്ന് ശരണ്യ മൊഴി നല്കി. കാമുകനൊപ്പം ജീവിക്കാന്‍ കുട്ടി ഒരു തടസ്സമാകുമെന്നതുകൊണ്ടാണ് കൊലപ്പെടുത്തിയത്.
മുന്‍പ് കൊല്ലാന്‍ തീരുമാനിച്ചെങ്കിലും താന്‍ പിടിക്കപ്പെടും എന്നുള്ളതുകൊണ്ട് അത് ഉപേക്ഷിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മേല്‍ കുറ്റം ചുമത്താനാണ് പ്രണവിനെ വിളിച്ചു വരുത്തിയത്. ഭര്‍ത്താവിനൊപ്പം കിടന്ന കുഞ്ഞ് മരിക്കുമ്പോള്‍ ഭര്‍ത്താവ് ചെയ്തതാവും എന്ന് കരുതിയാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്നും ശരണ്യ പറഞ്ഞു. അങ്ങനെയാണ് കുഞ്ഞിന്റെ സംസ്ക്കാരത്തിന് മുന്‍പ് തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്നും സിഐ സതീശന് പറഞ്ഞു.
വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് സതീശന്. 2004 ലെ ബാച്ച് 25 ല്‍ നിന്നും പാസ് ഔട്ടായ ഇദ്ദേഹം മാവൂര്‍ പൊലീസ് സ്റ്റേഷന് എസ്ഐയായിട്ടായിരുന്നു സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. മാവൂരിലെ ബിപാസ് കൊലക്കേസിന്റെ ചുരുളഴിച്ചത് സതീശനായിരുന്നു. പിന്നീട് കോട്ടയം ക്രൈം ബ്രാഞ്ചിലെത്തിയ ശേഷം തേക്കടി കൊലപാതകം അന്വേഷിച്ച് പ്രതികളെ കണ്ടെത്തി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്ഐയായി ചാര്‍ജെടുത്തതിന് ശേഷം സിഐ ആയി പ്രമോഷന് ലഭിച്ചു.
2019 ജൂലൈയിലാണ് കണ്ണൂര്‍ സിറ്റിയില്‍ ചാര്‍ജെടുത്തത്. നിരവധി കൊലപാതക മോഷണ കേസുകള്‍ തെളിയിച്ച അന്വേഷണത്തിലുള്ള മികവ് തന്നെയാണ് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിലെ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞതും.