1 GBP = 92.50 INR                       

BREAKING NEWS

അനുദിനം പരിണമിച്ചുകൊണ്ടിരിക്കുന്ന സമൂഹങ്ങളാണ് ലോകത്തെമ്പാടുമുള്ളത്; ഓരോ അംഗങ്ങളും സമൂഹത്തിന്റെയും സംഘടനകളുടെയും ശക്തിയാണ്; ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കുന്ന ഓരോ സമൂഹങ്ങളും അംഗങ്ങളെ അനുദിനം ശക്തിപ്പെടുത്തുകയാണ്

Britishmalayali
റോയ് സ്റ്റീഫന്‍

വിവിധ തലങ്ങളിലുള്ള സമൂഹങ്ങളിലൂടെയുള്ള  കൂട്ടായ്മകള്‍ മനുഷ്യനെ അന്യോന്യം സംരക്ഷിക്കുവാനും സഹകരിക്കുവാനും ദുര്‍ഘടമായ ഭൂമിയിലെ ജീവിതത്തിന് സഹായകമാകുവാനുള്ള ഉപകരണങ്ങളാണ്. സാധാരണക്കാരായ മനുഷ്യരെന്ന നിലയില്‍, എല്ലാവര്‍ക്കും അവരുടേത് മാത്രമുള്ള സ്വന്തമായ ഒരു ബോധ്യം സ്വാഭാവികമായും നിലനില്‍ക്കുന്നുണ്ട്, അതോടൊപ്പം ഈ ബോധ്യമാണ്  ഓരോരുത്തരിലും  അവരുടേത് മാത്രമായ  അവകാശങ്ങള്‍ ജനിപ്പിക്കുന്നതും, സ്വന്തമായി ജീവിക്കുവാനും വളരുവാനുമുള്ള അവകാശങ്ങള്‍. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ സമൂഹങ്ങളെ വിശേഷിപ്പിക്കുന്നത് 'വ്യക്തികളെ പരസ്പരം ഇഴ ചേര്‍ക്കുന്ന ഉപകാരണമായിട്ടാണ്' സുഗമമായ ജീവിതത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഒരു വ്യക്തിയ്ക്ക് തന്നെ നേടിയെടുക്കുവാന്‍ സാധ്യമാവാത്തതുകൊണ്ട് മറ്റുള്ളവരുടെ സഹകരണം ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രയോഗികതയില്‍ വിശ്വസിക്കുന്ന എല്ലാ വ്യക്തികളും ജീവിത ലക്ഷ്യങ്ങള്‍ നേടുവാന്‍ സമൂഹങ്ങളെ ആശ്രയിക്കുന്നു. എന്നാല്‍ അതിലുപരി ഭൂരിഭാഗം വ്യക്തികളും സമാന ചിന്താഗതിക്കാരോ അതല്ലാത്തവരുമായ വ്യക്തികളുടെ ഇടപെടലുകളിലൂടെ വാക്കുകളാല്‍ വിശേഷിപ്പിക്കാവുന്നതിലധികമായ മാനസികോല്ലാസവും നേടുന്നുണ്ട്. 

മനുഷ്യന്റെ സ്വഭാവങ്ങളും ജീവിതശൈലികളും രൂപീകൃതമാവുന്നത് ഒരു പരിധിവരെ ജനിതക ഘടകങ്ങളിലൂടെയാണെങ്കിലും കൂടുതലും ഓരോ വ്യക്തികളും ജീവിക്കുന്ന സാഹചര്യങ്ങളിലൂടെ ലഭിക്കുന്ന അറിവുകളിലൂടെയും അനുഭവജ്ഞാനങ്ങളിലൂടെയുമാണ്.  മനുഷ്യന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ  ഘടനകള്‍ വ്യക്തമാക്കുന്നത് എല്ലാ മനുഷ്യരും സമൂഹങ്ങളില്‍ മാത്രം ജീവിക്കുവാന്‍ മെനഞ്ഞിരിക്കുന്നവരാണെന്നാണ്.  ജീവിതത്തില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഒരു മനുഷ്യനും ഒന്നുമല്ലാതാവുകയും എന്നാല്‍ അതെ മനുഷ്യന്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ എല്ലാമാവുകയും ചെയ്യുന്നതാണ്  സമൂഹത്തിന്റെ പ്രത്യേകതയും, സമൂഹങ്ങളില്‍ ജീവിക്കുന്നതിലുള്ള സവിശേഷതയും. വേറിട്ട സവിശേഷതകളുള്ള വ്യക്തികള്‍ പല സമൂഹങ്ങളുമായി സഹകരിക്കുന്നതും ഓരോരുത്തരുടെയും വേറിട്ട ലക്ഷ്യങ്ങള്‍ നേടുന്നതിന് മാത്രമാണ്. ഓരോ സമൂഹങ്ങളുടെയും പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ പരിമിതങ്ങളായതുകൊണ്ട്  മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും ഒരുപോലെ സാധ്യമാക്കാവുന്ന സമൂഹങ്ങളും വിരളമാണ്. കുടുംബങ്ങളും സുഹൃത്ബന്ധങ്ങളും ഉള്‍പ്പെടുന്ന സമൂഹങ്ങളില്‍ നിന്നും ചിലപ്പോള്‍ വ്യക്തികള്‍ അകന്നു നില്‍ക്കുന്നതും അവരോരുത്തരുടേയും ലക്ഷ്യങ്ങള്‍ സാധ്യമാവാതെ വരുമ്പോള്‍ മാത്രമാണ്. ചുരുക്കത്തില്‍ വലുപ്പച്ചെറുപ്പത്തിനപ്പുറം  സമൂഹങ്ങളെന്നും എല്ലാ വ്യക്തികള്‍ക്കും  ശാരീരികവും മാനസികവുമായ ആനന്ദം പ്രധാനം ചെയ്യുന്നവയാണ്.

സാധാരണക്കാരായ മനുഷ്യര്‍ സമൂഹത്തില്‍ ജീവിക്കുവാന്‍ മാത്രം പരിണമിച്ചിരിക്കുന്നവരാണെന്നതിനും ധാരാളം ഉദാഹരണങ്ങള്‍ ലോകത്തില്‍ കാണുവാന്‍ സാധിക്കും. ഏകാന്തതയില്‍ ജീവിക്കുന്നവര്‍ക്ക്  ജീവിതം  പ്രതിദിനം 15 സിഗരറ്റ് വലിക്കുന്നത് പോലെ മാരകമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യമുള്ള സാമൂഹിക ബന്ധമുള്ളവരെ അപേക്ഷിച്ച് ഏകാന്തമായ ജീവിതം നയിക്കുന്ന ആളുകള്‍ അകാലത്തില്‍ മരിക്കാനുള്ള സാധ്യതയും ഏകദേശം  50 ശതമാനം വരെ കൂടുതലാണ്. ഏകാന്തത മാനസികം മാത്രമല്ല മറിച്ചു  ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും, ഹൃദ്രോഗത്തിനും മറ്റ് ആനാരോഗ്യപരമായ ശാരീരിക അവസ്ഥകള്‍ക്കും കാരണമാകുന്നു. വ്യക്തികള്‍  ഏകാന്തതയിലായിരിക്കുമ്പോള്‍ വിഷാദത്തിന്  അടിമകളാവുന്നു. അതേത്തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്നങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍, ദൈനംദിന ജീവിത തടസ്സങ്ങള്‍ എന്നിവയും  അതിലുപരി  സാമൂഹികവും വൈകാരികവുമായ പിന്തുണയില്ലാത്ത വ്യക്തികളെ കൂടുതല്‍ വൈകാരികമായി ബാധിച്ചേക്കാം.

ശരീരവും മനസുമായിട്ട് ഏറെ ബന്ധമുള്ള ഒരു രോഗമാണ് ഫൈബ്രോമിയല്‍ജിയ( fibromyalgia) ഒരു കാരണവും കൂടാതെ എപ്പോഴും ശരീരവേദന ഉണ്ടാവുക, രാത്രിയില്‍  ഉറക്കക്കുറവ്, രാവിലെ ഉണരുമ്പോള്‍ ക്ഷീണവും വേദനയും അനുഭവപ്പെടുക അങ്ങനെ നിരവധിയായ രോഗലക്ഷണങ്ങളുണ്ടെങ്കിലും സാധാരണ നടത്തുന്ന ശരീര-രക്ത പരിശോധനകളിലൂടെ രോഗനിര്‍ണ്ണയം  സാധിക്കാതെ വരുന്നു. കണ്ടുപിടിക്കുവാന്‍ വളരെ പ്രയാസമുള്ളതാണെങ്കിലും ഒരിക്കല്‍  രോഗനിര്‍ണ്ണയം കഴിഞ്ഞിട്ടുള്ള കൂടുതല്‍ രോഗികള്‍ക്കും മാനസികമായി പിരിമുറുക്കമുള്ളവരാണെന്ന് തിരിച്ചറിയുവാന്‍ സാധിച്ചിട്ടുണ്ട്. കൂടുതലും അനാവശ്യമായി ചിന്തിച്ചിട്ടും ആകുലപ്പെട്ടിട്ടും മാനസികമായി തളര്‍ന്നിട്ട് ശരീരത്തിന്റെ നാഡീ ഞരമ്പുകളെ ബാധിക്കുന്നതാണ് ഈ  രോഗം. ഇങ്ങനെയുള്ള രോഗികളോട് ഡോക്ടര്‍മാര്‍ ആദ്യമേ തന്നെ ആവശ്യപ്പെടുന്നത് തുറന്നു സംസാരിക്കുവാനാണ് അതോടൊപ്പം അനാവശ്യമായ മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുവാനും. മറ്റു ധാരാളം പോംവഴികളും നിര്‍ദേശിക്കുന്നുണ്ടെങ്കിലും കൂടുതലും മറ്റുള്ളവരോടൊത്തു  സമയം ചിലവഴിക്കുവാനുള്ള ഉപദേശമാണ് നല്‍കാറുള്ളത്.  വേദനസംഹാരികളെക്കാള്‍ മാനസികമായി കരുത്തു നല്‍കുന്നത് സമാനചിന്താഗതിക്കാരുമായി സമയം ചിലവിടുമ്പോഴാണ്. നല്ല സംഭാഷണങ്ങളും നര്‍മ്മത്തില്‍ ചാലിച്ച  സംവാദങ്ങളും ആരോഗ്യകരമായ വാദപ്രതിവാദങ്ങളും മനുഷ്യ മനസുകളെ ഒരു പരിധിവരെ അവരുടെ ശാരീരിക അവസ്ഥകളില്‍ നിന്നും വഴിതിരിച്ചുവിടുവാന്‍ സഹായകമാകുന്നു. എല്ലായ്‌പ്പോഴും ഇതൊരു ശാശ്വത പരിഹാരമല്ലെങ്കിലും മാനസികമായി കരുത്തു പകരുന്നതാണ്. സാമൂഹിക ബന്ധങ്ങളും  കൂട്ടായ്മകളും മനുഷ്യന്റെ ആരോഗ്യത്തോട് എത്രത്തോളം ചേര്‍ന്നിരിക്കുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണവും.

സമൂഹങ്ങള്‍ മനുഷ്യന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെങ്കിലും  ഓരോ സമൂഹങ്ങളെയും പ്രത്യേക അവസരങ്ങളില്‍ പ്രതിനിധാനം ചെയ്യുന്നത് തിരഞ്ഞെടുക്കപ്പെട്ട  വ്യക്തികളാണ്.   അവരാണ് അംഗങ്ങള്‍ക്ക് കാലോചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സമൂഹങ്ങളെ നയിക്കുന്നതും പ്രതിനിധാനം ചെയ്യുന്നതും. അതുകൊണ്ടു തന്നെ ഒരേ സമൂഹത്തിലുള്ള എല്ലാ വ്യക്തികള്‍ക്കും എല്ലാക്കാര്യങ്ങളിലും ഒരേ അഭിപ്രായമായിരിക്കണമെന്നുമില്ല.  അതായത് ഒരേ സമൂഹത്തില്‍ നിന്നും വ്യത്യസ്തമായ നിലപാടുകള്‍ ഒരേ സമയം പ്രതിഫലിക്കുന്നത് കാണുവാന്‍ സാധിക്കും. തികച്ചും ജനധിപധ്യനിലപാടുകളില്‍ പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളില്‍ ഇതുപോലുള്ള വ്യതിരസ്ഥമായ നിലപാടുകള്‍ കാണുവാന്‍ സാധിക്കുന്നത്. ഒരുമയോടുള്ള സമീപനവും കൂട്ടായ്മയുമാണ് സമൂഹങ്ങളെ നയിക്കുന്നതെങ്കിലും വ്യതിരസ്ഥമായ നിലപാടുകള്‍ വ്യക്തികള്‍ക്ക് ആഴത്തില്‍ ചിന്തിക്കുവാനും സാഹചര്യങ്ങളെ അപഗ്രഥിച്ചു പഠിക്കുവാനുള്ള അവസരങ്ങള്‍ നല്‍കുകയാണ്. അനുദിനം പരിണമിച്ചുകൊണ്ടിരിക്കുന്ന സമൂഹങ്ങള്‍ക്ക് അനുയോജ്യമായ വസ്തുതകള്‍ സ്വായത്തമാക്കുവാനുള്ള അവരസങ്ങളായി കാണേണ്ടതും അനിവാര്യമാകും. മനുഷ്യര്‍ ശാസ്ത്രീയമായും ശാരീരികമായും അനുദിനം പരിണമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും മാറ്റങ്ങളും അനിവാര്യമാണ്.  പക്ഷെ ഈ മാറ്റങ്ങളെ എല്ലാവരും ഒരുപോലെ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കാതെ വരുമ്പോള്‍ അവരോരുത്തരും ഉള്‍പ്പെടുന്ന സമൂഹങ്ങളില്‍ ചില അലോസരങ്ങള്‍ സംഭവിക്കുന്നതും സ്വാഭാവികമാണ്.

നേതൃത്ത്വവും വ്യക്തികളും തമ്മില്‍ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുന്നത് ചില അവസരങ്ങളില്‍ അംഗങ്ങള്‍ക്ക് ഗുണമാണെങ്കിലും സമൂഹങ്ങളുടെ ദീര്‍ഘകാല പ്രവര്‍ത്തക്ഷമതയെ പ്രതികൂലമായി ബാധിക്കുവാന്‍ സാധ്യതയുണ്ട്. സമൂഹങ്ങളുടെ പ്രവര്‍ത്തന മേഖലകള്‍ പരിമിതപ്പെടുത്തുന്നതുപോലും ഭിന്നതകള്‍ ഒഴിവാക്കുവാനും സമവായങ്ങള്‍ സൃഷ്ടിക്കുവാനും കൂടിയാണ്. എന്നിരുന്നാല്‍ കൂടിയും  സമൂഹങ്ങളിലുള്ള പദവികള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടിയുള്ള മത്സരങ്ങളാണ് കൂടുതലും അഭിപ്രായഭിന്നതകളിലേയ്ക്ക്  നയിക്കുന്നത്.  എന്നാല്‍ ഈ ഭിന്നതകള്‍ സമൂഹങ്ങളുടെ എല്ലാ മേഖലകളിലും കാണുവാന്‍ സാധിക്കും. കുടുംബങ്ങളില്‍ പോലും അംഗങ്ങള്‍ തമ്മില്‍ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചു പറ്റുവാനുള്ള മത്സരങ്ങള്‍ നടക്കുന്നുണ്ട്.  വ്യക്തികള്‍ തമ്മിലും അവരുള്‍പെടുന്ന എല്ലാ മേഖലകളിലും അനുദിനം മത്സരങ്ങളാണ് നടക്കുന്നത്, മെച്ചപ്പെട്ട ജോലി സാധ്യതകള്‍ക്കും മറ്റുള്ളവരുടെ അംഗീകാരം നേടുവാനായും. രാജ്യങ്ങള്‍ തമ്മില്‍ അര്‍ഹതയുള്ളതും ഇല്ലാത്തതുമായ അവകാശങ്ങള്‍ക്കുവേണ്ടി മത്സരിക്കുന്നു. ലോകത്തിലുടെനീളം വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന  ഗ്രൂപ്പുകള്‍ തമ്മില്‍ സ്വാധീനത്തിനും നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള ശക്തിക്കുമായി അനുദിനം മത്സരിക്കുന്നു.ചില അവസരങ്ങളില്‍ മെച്ചപ്പെട്ട ആശയങ്ങളുടെ മേലും മത്സരങ്ങള്‍ നടക്കുന്നതായി കാണുന്നുണ്ട്. ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ മറ്റൊരു ഗ്രൂപ്പിന്റെ ആശയങ്ങളോ പെരുമാറ്റമോ അടിച്ചമര്‍ത്താനോ ശിക്ഷിക്കപ്പെടാനോ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനോ ആഗ്രഹിക്കുന്നു. ചില അവസരങ്ങളില്‍ ഒരു സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും ഒരു സാമൂഹിക തീരുമാനത്തെ അംഗീകരിക്കുമ്പോഴും, വിയോജിക്കുന്ന ന്യൂനപക്ഷത്തിന് ചില പരിരക്ഷകളുമൊരുക്കുന്നതായി കാണുവാനും സാധിക്കും.

മാനവരാശിയുടെ നിലനില്‍പിന് സമൂഹങ്ങള്‍ എന്നെന്നും നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാകയാല്‍ അംഗങ്ങള്‍ തമ്മിലുള്ള  സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള ന്യൂനതമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയെന്നതാണ് നേതൃത്ത്വവും മറ്റു അഭ്യാദെകാംഷികളായ സാമൂഹികസ്‌നേഹികളും ചെയ്യേണ്ടത്. സമൂഹങ്ങളില്‍ അര്‍പ്പണബോധ്യത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ തിരിച്ചറിയുകയും അവരുടെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമെങ്കിലും എക്കാലവും നേതൃത്ത്വത്തില്‍ നിലനില്‍ക്കുവാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ എളുപ്പത്തില്‍ അനുവദിക്കുകയില്ല. ഈ പ്രവണതയെ മറികടക്കുവാന്‍ ഏറ്റവും അനുയോജ്യമായ രീതി നിയമ നിര്‍മ്മാണം തന്നെയാണ്. സമൂഹങ്ങളിലെയും സംഘടനകളിലെയും പ്രധാന തസ്തികകളില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ തുടരുവാന്‍ ഒരു നേതാവിനെയും അനുവദിക്കാതിരിക്കുവാനുള്ള രീതിയില്‍ നിയമ നിര്‍മ്മാണം. സമാന ചിന്താഗതിക്കാരായ വ്യക്തികള്‍ എല്ലാ സമൂഹങ്ങളിലും ഒരുമിക്കുന്നതും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതും  സ്വാഭാവികം മാത്രമാണ് പക്ഷെ നേതാവാകുവാനുള്ള ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് മാത്രമായിരിക്കരുത് മറിച്ചു ന്യുനതമായ ആശയങ്ങള്‍, സമൂഹത്തിനും അംഗങ്ങള്‍ക്കും ഗുണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ മാത്രമായിരിക്കണം.

സാധാരണക്കാരായ അംഗങ്ങളാണ് ഓരോ സമൂഹത്തിന്റെയും ശക്തി, അംഗങ്ങളില്ലാത്ത സംഘടനകളും സമൂഹങ്ങളും അനുദിനം ശോഷിച്ചു പോവുകയാണ് പതിവ്. ഓരോ  അംഗങ്ങളും കാര്യക്ഷമമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ സംഘടനകളും സമൂഹങ്ങളും ശക്തിപ്രാപിക്കും. അംഗങ്ങളുടെ അനുദിനാവശ്യങ്ങള്‍ അറിയുവാനും അതനുസരിച്ചു അനുദിന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാനുമുള്ള  വേറിട്ട ആശയ വിനിമയ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കണം. അംഗങ്ങള്‍ക്ക് നേതൃത്ത്വവുമായി നേരിട്ടു ബന്ധപ്പെടുമ്പോള്‍ മാനുഷികപരമായ  പ്രവര്‍ത്തനശൈലി അവലംബിക്കണം. എല്ലാ പ്രവര്‍ത്തനമേഖലകളിലും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനോടൊപ്പം അംഗങ്ങളോട് സഹാനുഭൂതിയും അവരുടെ ആശയങ്ങളോട് പ്രതിബദ്ധതയും പ്രകടിപ്പിക്കണം. എല്ലാ സമൂഹങ്ങളുടെയും ആത്യന്തിക ലക്ഷ്യം, അനുദിനം അഭിവൃദ്ധി പ്രാപിക്കുന്നതും, മാനുഷികമായി  വികാരഭരിതവും, മാനുഷിക കേന്ദ്രീകൃതമായ  ജീവിതരീതികള്‍  കെട്ടിപ്പെടുക്കുക എന്നത് മാത്രമാണ്, അതിലേയ്ക്ക്  ഓരോരുത്തര്‍ക്കും  അവരുടെ ഏറ്റവും ഫലപ്രദമായ പങ്ക്  നല്‍കുവാനുള്ള അവസരങ്ങള്‍ ഉളവാക്കുകയെന്നതുമായിരിക്കണം നേതൃത്ത്വത്തിന്റെ ലക്ഷ്യങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category