1 GBP = 93.50 INR                       

BREAKING NEWS

മുഖങ്ങള്‍: അവസാന ഭാഗം

Britishmalayali
രശ്മി പ്രകാശ്

ഫെലിക്‌സിന്റെ ശരീരം കാറ്റിലാടിയ ചെറുചെടിപോല്‍ ഒന്നുലഞ്ഞു. പിന്നെ പതിയെ താഴേക്ക് വീണു. ഫെലിക്‌സിന്റെ കൈ ചേര്‍ത്ത് വിലങ്ങുവെച്ചിരുന്ന ഓഫീസര്‍ നില തെറ്റിയെങ്കിലും പെട്ടെന്ന് അടുത്ത് കിടന്ന മേശയില്‍ പിടിച്ചതുകൊണ്ട് താഴേക്ക് വീണില്ല.

വെടിയൊച്ച കേട്ടു പുറത്തുള്ള പോലീസുകാരും, ഫെലിക്‌സിന്റെ പ്രിയ സുഹൃത്ത് ഹാരിയും മുകളിലേക്ക് ഓടി വന്നു. യാതൊരു ചലനവുമില്ലാതെ കിടക്കുന്ന ഫെലിക്‌സിനെ നോക്കി ഹാരി പൊട്ടിക്കരഞ്ഞു.

രണ്ടു മിനിട്ടിനുള്ളില്‍ ആംബുലന്‍സും ഡോക്ടറും എത്തിയെങ്കിലും ഫെലിക്‌സിന്റെ മരണം സ്ഥിരീകരിക്കാന്‍ മാത്രമേ അത് ഉപകരിച്ചുള്ളൂ.

നിമിഷനേരം കൊണ്ട് ബ്ലോസ്സം അവെന്യൂവും പരിസരവും ആളുകളെക്കൊണ്ട് തിങ്ങി നിറഞ്ഞു. അധികം വൈകാതെ ഫിലിപ്പ് മാളിയേക്കലിന്റെ വീട്ടിലും ആ വാര്‍ത്തയെത്തി. ചെവിയിലേക്കാരോ ഉരുക്കിയ ഈയം ഒഴിക്കുന്നതു പോലെയാണ് ഇസ ആ വാര്‍ത്ത കേട്ടത്. ഒരാശ്രയത്തിനെന്നപോലെ ഐസക്കിന്റെ കൈകളില്‍ അവള്‍ അമര്‍ത്തിപ്പിടിച്ചു. മലയാളം അറിയില്ലാത്തതുകൊണ്ട് ജോയ്ക്ക് മാത്രം ഒന്നും മനസ്സിലായില്ല.

ഫെലിക്‌സിന്റെ പേരുകേട്ടതുകൊണ്ട് അവന്‍ ഇസയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മം, ഒരു പ്രതികരണവുമില്ലാതെ നില്‍ക്കുന്നു. 

ഇസ, അയാള്‍ മരിച്ചാലും ജയിലില്‍ പോയാലും നമുക്കൊരു പോലെയാണ്. എന്തായാലും എല്ലാം ഇങ്ങനെ അവസാനിച്ചത് നന്നായി. ഐസക് അവളെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു.

ഇസയെ സമാധാനിപ്പിക്കാന്‍ തന്റെ വാക്കുകള്‍ക്കാവില്ലെന്ന് ഐസക്കിന് തോന്നി.

നിനക്ക് ഫെലിക്‌സിനെ കാണണോ?

എന്തൊക്കെയോ ഭ്രാന്തമായ ഓര്‍മകളുടെ കയത്തില്‍ ശ്വാസം മുട്ടിക്കൊണ്ടിരുന്ന ഇസ പ്രതികരിച്ചില്ല. 

താനൊന്നാകെ ഉടഞ്ഞു വീഴുന്നതുപോലെ ഇസയ്ക്ക് തോന്നി.

താന്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്ന മനുഷ്യന്‍ ഇനി ഈ ഭൂമിയിലില്ല. പക്ഷെ അയാളുടെ മരണം എന്തുകൊണ്ടാണ് തനിക്ക് സന്തോഷം തരാത്തത്?

നഷ്ടപ്പെട്ട വര്‍ഷങ്ങളിലെ ജീവനുള്ള പിന്‍വിളിയൊച്ച പോലെ താഴ് വാരത്തെ പള്ളിയില്‍ നിന്നും ഉയര്‍ന്ന മണിയൊച്ച ഇസയെ സ്വബോധത്തിലേക്ക് തിരികെ 
കൊണ്ടുവന്നു.

ഇസ, ജോയെ തന്നിലേക്ക് ചേര്‍ത്തമര്‍ത്തി. അവന്റെ ഡാഡിനെ എന്നന്നേക്കുമായി നഷ്ടമായി എന്നറിയാതെ ഇസയുടെ സ്‌നേഹച്ചൂടിലേക്ക് കുഞ്ഞു മുഖം പൂഴ്ത്തി ജോ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഐസക്കിന്റെ നെഞ്ചും അറിയാതൊന്നു വിങ്ങി.

യുകെയുടെ ചരിത്രത്തില്‍ ഒരിക്കലും മായാത്തൊരു കഥയായി ഇസയും, ഫെലിക്‌സും എഴുതി ചേര്‍ക്കപ്പെട്ടപ്പോള്‍ ലെക്‌സിയും, ജോയും അവര്‍ പോലുമറിയാതെ 
അതിന്റെ ഭാഗമായി മാറി.

ഫെലിക്‌സ് തന്റെ എല്ലാ സ്വത്തുക്കളും ജോയുടെയും ഇസയുടെയും പേരില്‍ എഴുതി വെച്ചിരുന്നു. പ്രായശ്ചിത്തമെന്നപോലെ ലെക്‌സിയുടെ പേരിലും ഒരു ഭീമമായ തുക അയാള്‍ നീക്കി വെച്ചിരുന്നു.

തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞു സ്വയം ശിക്ഷയും വിധിച്ചു ഫെലിക്‌സ് കടന്നു പോയപ്പോള്‍ അവിടെയും എല്ലാ അര്‍ത്ഥത്തിലും തോറ്റുപോയത് ഇസയാണ്. 

ഇന്നലെയുടെ പൊള്ളുന്ന ഓര്‍മകളെ ഇന്നിന്റെ തണുപ്പില്‍ പൊതിയാല്‍ ശ്രമിച്ചപ്പോള്‍ മഞ്ഞിലേക്കടര്‍ന്നുവീണ കത്തുന്ന വേനല്‍പ്പാളിപോലെ ദുരന്തങ്ങള്‍ വീണ്ടും 
അവളെ വേട്ടയാടി.

'ഫെലിക്‌സിന്റെ മരണം മാധ്യമങ്ങളും ജനങ്ങളും ആഘോഷിച്ചു കഴിഞ്ഞു'.

'പുതിയ വാര്‍ത്തകളുടെ തിരക്കില്‍ എല്ലാവരും പതിയെ ഈ കഥകള്‍ മറന്നു തുടങ്ങി'.

കുറച്ചുനാള്‍ യുകെയില്‍ നിന്നും മാറി നില്‍ക്കാം എന്ന ഫിലിപ്പിന്റെ തീരുമാനത്തോട് എല്ലാവരും യോജിച്ചു. വലിയ കാലതാമസമില്ലാതെ ജോര്‍ജിനും പാസ്‌പോര്‍ട്ട് കിട്ടി. പിന്നെ യാത്രയുടെ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ മുന്നോട്ടു നീങ്ങി.

സുഹൃത്തുക്കളോടും ബന്ധുക്കളോടും യാത്രപറഞ്ഞു, ഇന്ന് ഫിലിപ്പും കുടുംബവും കേരളത്തിലേക്ക് പോകുകയാണ്.

ഹീത്രൂ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ആണ് എല്ലാവരേയും നടുക്കിക്കൊണ്ട് ജോയുടെ ചോദ്യം ഉയര്‍ന്നത്.

'വെര്‍ ഈസ് മൈ ഡാഡ്'?

'ഐ വാണ്ട് റ്റു സീ ഹിം'

എന്ത് മറുപടി അവനോട് പറയണം എന്നറിയാതെ എല്ലാവരും വിഷമിച്ചു നില്‍ക്കുമ്പോഴാണ് ഫെലിക്‌സിന്റെ ആത്മസുഹൃത്തായിരുന്ന ഹാരി അവരുടെ അടുത്തേക്ക് വന്നത്.

ഹാരിയെ കണ്ടപ്പോഴേ ജോ ഓടി അയാളുടെ അടുത്തേക്ക് ചെന്ന് അവന്റെ ഡാഡിനെ അന്വേഷിച്ചു.

മറുപടി ഒന്നും പറയാതെ ഹാരി അവനെ വാരിയെടുത്തു. എന്നിട്ട് തന്റെ കയ്യില്‍ കരുതിയിരുന്ന കാര്‍ബണ്‍ ബ്രൗണ്‍ നിറമുള്ള ഒരു ബാഗ് അവന്റെ കയ്യില്‍ കൊടുത്തു.

' ഇട്‌സ് എ സ്മോള്‍ ഗിഫ്റ്റ് ഫോര്‍ യു ജോ'.

'പ്ലീസ് ഡോണ്ട് ഓപ്പണ്‍ ഇറ്റ് നൗ ...ഓക്കെ'.

സമ്മതിക്കുന്ന മട്ടില്‍ അവന്‍ തലയാട്ടി.

ആരോടും ഒന്നും സംസാരിക്കാതെ ജോയെ, ഇസയുടെ കയ്യിലേല്‍പ്പിച്ചു തിരികെ നടക്കുമ്പോള്‍ ഹാരിയുടെ മിഴികളില്‍ നിന്നും രണ്ടുതുള്ളി കണ്ണുനീര്‍ ഫെലിക്‌സിനായി അടര്‍ന്നു വീണു.

ചെക്ക് ഇന്‍ കഴിഞ്ഞു ഗേറ്റിലെത്തിയപ്പോഴാണ് ജോ ആ ബാഗ് ഓപ്പണ്‍ ചെയ്തത്. ജോയും, ഫെലിക്‌സും കൂടിയുള്ള ചിത്രങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്.

പുഞ്ചിരിക്കുന്ന കണ്ണുകളോടെ തന്റെ ഡാഡിന്റെ ചിത്രത്തില്‍ അമര്‍ത്തി ഉമ്മകൊടുക്കുന്ന ജോയെ നോക്കി ഇസയും മാതാപിതാക്കളും നെടുവീര്‍പ്പിട്ടു.

വിമാനത്തിനുള്ളിലേക്ക് കയറാനുള്ള അനൗണ്‍സ്മെന്റ് ഉയര്‍ന്നപ്പോള്‍, ഒരു നിധിപോലെ ഫെലിക്‌സിന്റെ ചിത്രങ്ങള്‍ കയ്യില്‍ പിടിച്ചു ജോ സന്തോഷത്തോടെ ഇസയുടെ കയ്യില്‍ തൂങ്ങി എണീറ്റു. 

തന്നെ തിരിച്ചറിഞ്ഞ് അതിശയത്തോടെ നോക്കുന്ന മുഖങ്ങള്‍ക്കിടയിലൂടെ പരിചിതമല്ലാത്ത മുഖങ്ങള്‍ തേടിയുള്ള തന്റെ യാത്ര ഇസ ആരംഭിച്ചു.

** മുഖങ്ങള്‍ ഇവിടെ അവസാനിക്കുന്നു.
(അവസാനിച്ചു)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam