1 GBP = 92.00INR                       

BREAKING NEWS

ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നുവെന്ന മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോള്‍ ക്രിമിനല്‍ ഗൂഢാലോചന ചര്‍ച്ചയാക്കി ലേഡി സൂപ്പര്‍ സ്റ്റാര്‍ മൊഴി നല്‍കാന്‍ കോടതിയിലേക്ക്; കൂറുമാറിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് വിലയിരുത്തലില്‍ പ്രോസിക്യൂഷന്‍; ദിലീപിനെ അഴിക്കുള്ളിലാക്കാനുള്ള മൊഴി മഞ്ജു വാര്യര്‍ നല്‍കുമോ? നടിയെ ആക്രമിച്ച കേസില്‍ ഇനിയുള്ള വിചാരണക്കാലം നിര്‍ണ്ണായകം

Britishmalayali
kz´wteJI³

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ചലച്ചിത്രമേഖലയില്‍ നിന്നുള്ള പ്രമുഖരുടെ സാക്ഷിമൊഴികളില്‍ ദിലീപ് പ്രതിരോധത്തിലായിരുന്നു്. സിനിമാക്കാര്‍ തന്നെ എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെടുത്തിയെന്ന് ദിലീപ് തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഇന്ന് സിനിമാക്കാര്‍ക്കിടയില്‍ ദിലീപിന് പഴയ എതിര്‍പ്പില്ല. ഇത് നടിയെ ആക്രമിച്ച കേസിലെ വിചാരണയെ സ്വാധീനിക്കുമോ എന്ന സംശയത്തിലാണ് പ്രോസിക്യൂഷന്‍. മഞ്ജു വാര്യരും സിദ്ധിഖും മൊഴിമാറ്റിയാല്‍ ദിലീപിനെതിരായ ഗൂഢാലോചനാവാദം പൊളിയും. എങ്കിലും കേസില്‍ പള്‍സര്‍ സുനിയും മറ്റും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. ദൃശ്യത്തെളിവുള്ളതാണ് ഇതിന് കാരണം.

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിനിമാരംഗത്തെ പ്രമുഖരുടെ വിസ്താരം ഈയാഴ്ച. മഞ്ജു വാര്യര്‍, സംയുക്തവര്‍മ, ഗീതു മോഹന്‍ദാസ്, റിമി ടോമി, സിദ്ദിഖ് എന്നിവരുടെ വിസ്താരമാണ് ഈയാഴ്ച നടക്കുക. ബുധനാഴ്ച വിചാരണ പുനഃരാരംഭിക്കും. കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തെളിയിക്കുന്ന സാക്ഷികളാണിവര്‍. പ്രേരണ തെളിയിക്കുകയാണു പ്രോസിക്യുഷനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇതില്‍ സിദ്ധിഖും റിമി ടോമിയും ദിലീപുമായി അടുപ്പമുള്ളവരാണ്. ശക്തമായ ഇടപെടലിലൂടെയാണ് ഇരുവരേയും പൊലീസ് സാക്ഷിയാക്കിയത്. സിനിമാ സാക്ഷികളില്‍ ചിലര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴി വിസ്താരവേളയില്‍ ആവര്‍ത്തിക്കുമോ എന്നാണു പ്രോസിക്യുഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യുഷന്‍ കോടതിയെ അറിയിക്കും.

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നാണ് മഞ്ജു വാര്യര്‍ എപ്പോഴും പറയുന്നത്. ഇതില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് പ്രോസിക്യൂഷന്‍. എന്നാല്‍ സിദ്ദിഖ് അടക്കമുള്ളവരുടെ കാര്യത്തില്‍ ഉറപ്പില്ല. മഞ്ജു മൊഴി മാറ്റിയാല്‍ പോലും കേസില്‍ ദിലീപ് രക്ഷപ്പെടും. അതുകൊണ്ട് കരുതലോടെയാണ് പ്രോസിക്യൂഷന്‍ നീങ്ങുന്നത്. ദിലീപും മഞ്ജു വാര്യരും തമ്മില്‍ പഴയ നീരസം ഇപ്പോഴില്ലെന്നു കണക്കുകൂട്ടുന്നവര്‍ ഏറെയാണ്.

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നു-മഞ്ജു വാര്യര്‍ പൊലീസിന് നല്‍കിയ മൊഴി
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു തനിക്ക് അഭിപ്രായമുണ്ടെന്നു മഞ്ജു വാര്യര്‍. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായും നെടുമ്പാശേരി പൊലീസിനും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയിലുണ്ട്.

ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാന്‍ സിനിമാ മേഖലയില്‍നിന്നു പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു.

ഞാന്‍ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടര്‍ന്നു വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍വച്ച് അവളുടെ അച്ഛന്‍ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.

'കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പം കൂടുതല്‍ അറിയാവുന്നത് നടിക്ക്' -സംയുക്താ വര്‍മ
ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി എനിക്ക് വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഞാനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്.

നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്കു വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മറുപടി നല്‍കി. മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു.

അതിനുശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി നടിയുടെ വീട്ടിലേക്കു പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. നടിയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് നിര്‍ദ്ദേശിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്.

'ദിലീപ് പരോക്ഷമായി പറഞ്ഞു... ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത്'- കുഞ്ചാക്കോ ബോബന്‍
നടന്‍ ദിലീപ് എന്റെ സുഹൃത്താണ്. സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ് അദ്ദേഹം. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റിയാണു ദിലീപ് ട്രഷറര്‍ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിനു ശേഷം അഭിനയിച്ച 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനായ സിനിമയിലാണു മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്നു പറഞ്ഞു കേട്ടത്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ആ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്തശേഷം ഒരു ദിവസം രാത്രി വൈകി ദിലീപ് എന്നെ വിളിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ സംസാരിച്ചിരുന്നു. ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. സംസാരത്തില്‍നിന്നും ഞാന്‍ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്നു തീര്‍ച്ചയാണ്. 'കസിന്‍സ്' എന്ന സിനിമയില്‍നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.

'കാവ്യാ മാധവനും ദിലീപും ഒരുമിച്ച് പോയി' - റിമി ടോമി
2002 ല്‍ 'മീശമാധവന്‍' എന്ന സിനിമയുടെ ഭാഗമായാണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്. 2010 ല്‍ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷ എന്നിവരുമൊത്ത് ദിലീപ് ഷോയില്‍ ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. അന്നു കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും അമ്മയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ അടുപ്പമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്റ്റ് ആയിരുന്നതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യാ മാധവന്‍ അവളുടെ അച്ഛന്റെയും അമ്മയുടെയും അനുവാദത്തോടെ എന്റെയും ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാ മാധവനും ദിലീപും ഒരുമിച്ച് ബാത്ത്റൂമിലേക്കു പോയി. കുറച്ചു കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചു കഴിഞ്ഞ് ദിലീപേട്ടന്‍ റൂമിലേക്കു തിരികെപ്പോയി. 2012 ഫെബ്രുവരി 12-ാം തീയതി മഞ്ജുച്ചേച്ചിയും സംയുക്താവര്‍മ്മയും ഗീതു മോഹന്‍ദാസുംകൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനെപ്പറ്റിയും എനിക്കറിയാം.

ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍വച്ച് നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം മഞ്ജു ചേച്ചിയോടു പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്നുപറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയാം. 2013 ലെ അമ്മ ഷോയുടെ റിഹേഴ്സല്‍ നടക്കുന്നതിനിടയില്‍ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ മഞ്ജു ചേച്ചി അംഗമായ വാട്ട്സ്ആപ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചു കൊടുത്തിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് ദിലീപുമായി പണമിടപാടുകള്‍ ഒന്നും തന്നെയില്ല.

'ദിലീപ് - മഞ്ജു വിവാഹമോചനത്തിനു കാരണം ഞാനല്ല'- കാവ്യാ മാധവന്‍
2008 ഫെബ്രുവരി അഞ്ചിനായിരുന്നു എന്റെ ആദ്യ വിവാഹം. തിരുവനന്തപുരം സ്വദേശിയായ നിശാല്‍ചന്ദ്ര ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഞാനാണ് ആദ്യം വിവാഹമോചന നോട്ടീസ് നല്‍കിയത്. പിന്നീട് സംയുക്തമായി വിവാഹമോചന ഹര്‍ജി എറണാകുളം കോടതിയില്‍ നല്‍കി. 2010 ല്‍ കുടുംബ കോടതിയില്‍നിന്നും വിവാഹ മോചന ഉത്തരവ് ലഭിച്ചു. ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്നങ്ങള്‍ എന്നു മുതലാണു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും ഒരു കാരണമായിട്ടുണ്ട്. അത് എനിക്കറിയാം. ഞാനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജുച്ചേച്ചിക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നു ദിലീപേട്ടന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണക്കാരി ഞാനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. 2013 ല്‍ അബാദ് പ്ലാസ ഹോട്ടലില്‍വച്ച് നടന്ന 'മഴവില്ലഴകില്‍ അമ്മ' എന്ന പരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്പില്‍വച്ച് ആക്രമിക്കപ്പെട്ട നടി എന്നെയും ദിലീപേട്ടനെയും കുറിച്ച് പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. സിദ്ദിഖ് അങ്കിള്‍ (നടന്‍ സിദ്ദിഖ്) അതിലിടപ്പെട്ട് സംസാരിച്ചിരുന്നു.

ബിന്ദുച്ചേച്ചി ദിലീപേട്ടന്റെയടുത്ത് ആ സമയത്ത് ചെന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ ദിലീപേട്ടന്‍ സിദ്ദിഖ് അങ്കിളിന്റെ അടുത്തുപോയി ആക്രമിക്കപ്പെട്ട നടി ഇങ്ങനെ ആവശ്യമില്ലാത്തത് സംസാരിക്കുന്നുണ്ടെന്നും അവളെ നിയന്ത്രിക്കണമെന്നും പറഞ്ഞു. ഇവള്‍ക്ക് ഞങ്ങള്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോയെന്നു ദിലീപേട്ടനും പറഞ്ഞു. പ്രാക്ടീസ് നടക്കുന്ന സ്ഥലത്തുവച്ചു തന്നെയാണ് ആക്രമിക്കപ്പെട്ട നടിയുമായി സിദ്ദിഖ് അങ്കിള്‍ സംസാരിച്ചത്. വേറെ ആരൊക്കെ അതില്‍ ഇടപെട്ടു എന്ന് എനിക്കറിയില്ല. ഈ സംഭവത്തിനുശേഷം ദിലീപേട്ടന്‍ അവളുമായി സംസാരിച്ചിട്ടില്ല. 'മഴവില്ലഴകില്‍ അമ്മ' എന്ന പ്രോഗ്രാമിന്റെ റിഹേഴ്സല്‍ നടക്കുന്ന സമയം. 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സിനിമയിലെ 'പതിനേഴില്‍' എന്നു തുടങ്ങുന്ന പാട്ടിന്റെ ഡാന്‍സ് ആണ് ഞാനും ദിലീപേട്ടനും ആ ഷോയില്‍ അവതരിപ്പിച്ചിരുന്നത്. അതിന്റെ റിഹേഴ്സല്‍ നടക്കുന്ന സമയത്താണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ആ സമയം ഞാനും ദിലീപേട്ടനും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. മഞ്ജുച്ചേച്ചി ദിലീപേട്ടന്റെ വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകള്‍ മീനൂട്ടിയും ഓസ്ട്രേലിയയില്‍ പോയ സമയത്താണ്. മഞ്ജുച്ചേച്ചിയുമായി ഞാനിപ്പോള്‍ സംസാരിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോണ്‍ വിളിച്ച് പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്.

ദിലീപേട്ടന് ചായയിട്ട് കൊടുക്കുവാന്‍ പോയ സമയത്താണ് റിമി വിളിച്ചത്. ഞാന്‍ ദിലീപേട്ടന്റെ അടുത്ത് ചെന്നപ്പോള്‍ ദിലീപേട്ടന്‍ പ്രൊഡ്യൂസര്‍ ആന്റോ ചേട്ടനോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച സംഭവമാണു സംസാരിച്ചതെന്നും സുനിയും കൂട്ടരുമാണു നടിയെ ആക്രമിച്ചതെന്നും ദിലീപേട്ടന്‍ എന്നോട് പറഞ്ഞു. രാത്രിയില്‍ ആന്റോ ചേട്ടന്റെ മിസ്ഡ് കോള്‍ കണ്ടാണ് രാവിലെ വിളിച്ചതെന്നും പറഞ്ഞു. എന്നോട് ആക്രമിക്കപ്പെട്ട നടിയുടെ നമ്പര്‍ ചോദിച്ചപ്പോള്‍ അറിയില്ലാ എന്നു മറുപടി നല്‍കി.

രമ്യ (സിനിമാ നടി) വിളിച്ചു സംസാരിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടി കൂടെയുണ്ടെന്ന് പറഞ്ഞപ്പോള്‍ നടിക്ക് ഫോണ്‍ കൊടുക്കാമോ എന്ന് ചോദിച്ചു. നടി ക്ഷീണിതയായി കിടക്കുകയാണെന്ന് പറഞ്ഞ് രമ്യ ഫോണ്‍ അവരുടെ അമ്മയ്ക്ക് കൊടുത്തു. ആക്രമിക്കപ്പെട്ട നടി അമ്മയുടെ അടുത്ത് ദിലീപേട്ടന്‍ ഫോണിലൂടെ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച സുനിയെ എനിക്ക് പരിചയമില്ല. സുനിയെ ഇതിനു മുമ്പ് ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല. നടിയെ ആക്രമിച്ചതില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. ദിലീപേട്ടന്‍ പോയിരുന്നു.

ഞങ്ങള്‍ ഏപ്രില്‍ 23 ന് സ്റ്റേജ് ഷോക്ക് അമേരിക്കയിലേക്ക് പോയി. അവിടെവച്ച് ഇക്കാര്യങ്ങളൊന്നും ഞങ്ങള്‍ പ്രത്യേകിച്ച് സംസാരിച്ചില്ല. വിഷ്ണു അപ്പുണ്ണിയെ വിളിച്ചതും സുനി അപ്പുണ്ണിയെ വിളിച്ചതും അപ്പുണ്ണി അവരോട് ചൂടായി സംസാരിച്ചതും ദിലീപേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. വിഷ്ണുവും സുനിയും നാദിര്‍ഷായെ വിളിച്ചകാര്യം എന്നോട് പറഞ്ഞിരുന്നില്ല. ദിലീപേട്ടന് ശത്രുക്കള്‍ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ ദിലീപേട്ടനെതിരേ പ്രചാരണം നടത്തിയിരുന്നു. ദിലീപേട്ടനും മഞ്ജുചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിനു കാരണം ശ്രീകുമാര്‍ ചേട്ടന്‍ ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category