കിണറ്റിലുള്ളത് 128 സെന്റീമീറ്റര്‍ വെള്ളം; അഞ്ച് അടി വ്യാസമുള്ള കിണറ്റില്‍ മരിച്ച് ഇരുന്നത് 173 സെന്റീമീറ്റര്‍ ഉയരമുള്ള കൃഷിക്കാരനായ വിദ്യാര്‍ത്ഥി; എംകോം സ്റ്റുഡന്റിന്റെ ഏലത്തോട്ടത്തെ മരണത്തില്‍ നിറയുന്നത് അസ്വാഭാവികതകള്‍; ലിജോ കാല് വഴുതി കുളത്തിലേക്ക് വീണപ്പോള്‍ മോട്ടറില്‍ നിന്നും വൈദ്യുതാഘാതമേറ്റത് മരണകാരണമെന്ന നിഗമനത്തില്‍ അന്വേഷണം; ഉടുമ്പന്‍ചോലയില്‍ ജനുവരിയില്‍ മാത്രം 7 അസ്വാഭാവിക മരണങ്ങള്; കാണാതായത് നാല് പേരെ; കൂടുതല്‍ കരുതലെടുക്കാന് പൊലീസ്
നെടുങ്കണ്ടം: ജനുവരിയില്‍ മാത്രം ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്നത്7 അസ്വാഭാവിക മരണങ്ങള്. കാണാതായത് 4 പേരെ. ഇതില്‍ ഒന്നില്‍ മാത്രം ദുരൂഹത. ബാക്കിയെല്ലാം ആത്മഹത്യാണെന്നാണ് വിലയിരുത്തല്‍. 23 മുതല്‍ 53 വയസ്സ് പ്രായമുള്ളവരാണ് വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയത്. ഇത്തരം കേസുകളിലും അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. ബന്ധുക്കളുടെ മൊഴികളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
മുരിക്കുംതൊട്ടിയില്‍ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. മുരിക്കുംതൊട്ടി കളപ്പുരയില്‍ ലിജോയെ (23) ആണ് ജനുവരി 4 നു വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ 128 സെന്റീമീറ്റര്‍ മാത്രമാണു വെള്ളം ഉണ്ടായിരുന്നത്. ലിജോയുടെ ഉയരം 173 സെന്റി മീറ്റും. 5 അടി വ്യാസമുള്ള കിണറ്റില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുല്ലക്കാനത്തെ സ്വകാര്യ കോളജിലെ എംകോം വിദ്യാര്‍ത്ഥിയായിരുന്നു ലിജോ.
ഉടുമ്പന്‍ചോലയ്ക്കു സമീപം ഒന്നര ഏക്കര്‍ ഏലത്തോട്ടം പാട്ടത്തിനു എടുത്ത് കൃഷി ചെയ്തിരുന്നു. പഠനത്തോടൊപ്പം കൃഷിയും ലിജോ ചെയ്തിരുന്നു. .4 നു വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലും മരണം നടന്നതായാണ് പൊലീസ് നിഗമനം. ഷോക്കേറ്റ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നാലാം തീയതി 11 മുതല്‍ ലിജോയുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് കിണറ്റില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കുടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയു എന്നു ഉടുമ്പന്‍ചോല പൊലീസ് അറിയിച്ചു. കുളത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയ മോട്ടര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കെഎസ്ഇബി ഇലക്ട്രിക്കല്‍ എന്‍ജിനീയറെ എത്തിച്ച് ഉടുമ്പന്‍ചോല പൊലീസ് മോട്ടര്‍ ഇന്നലെ പരിശോധന നടത്തി. എത്ര വോള്‍ട്ടേജില്‍ വൈദ്യുതി പ്രവാഹം ഉണ്ടായി, മോട്ടറിന്റെ കാലപ്പഴക്കം, ശരീരത്തിലൂടെ എത്ര സമയം വൈദ്യുതി പ്രവഹിച്ചു എന്നതൊക്കെ അറിയാനാണ് ശ്രമം. കാല് വഴുതി കുളത്തിലേക്ക് വീണപ്പോള്‍ മോട്ടറില്‍ നിന്നും വൈദ്യുതാഘാതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. ഇതിനൊപ്പമാണ് മറ്റ് ആത്മഹത്യകളും പൊലീസിന്റെ ഉറക്കം കെടുത്തുന്നത്.
ഒരു മാസത്തിനിടെ സംസ്ഥാനത്തു തന്നെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്കാണ് ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന് പരിധിയിലേത്.4 പേരെ കാണാതായ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസുകളില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തോട്ടം തൊഴിലാളികള്‍ വസിക്കുന്ന മേഖലയാണ് ഇത്.