1 GBP = 94.20 INR                       

BREAKING NEWS

ഗുരുവായൂര്‍ പത്മനാഭന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞു യുകെ മലയാളികളുടെ പ്രിയ നര്‍ത്തകി; ആനപ്രേമികളുടെ ആവേശമായ കാരണവര്‍ വിട വാങ്ങിയപ്പോള്‍ വീട്ടുകാരില്‍ ഒരാളെ നഷ്ടമായ സങ്കടത്തില്‍ ചിത്രാലക്ഷ്മിയും; പത്മനാഭന്‍ അവശനായപ്പോള്‍ കുറുംതോട്ടി എത്തിയത് തുലാഭാരം നടത്താന്‍ വന്ന ഭക്തനിലൂടെ

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഒറ്റപ്പാലം എരണത്തു പുത്തന്‍വീട് തറവാട്ടിലെ പടികടന്നാണ് പത്മനാഭന്‍ ഗുരുവായൂരില്‍ എത്തുന്നത്. അതോടെ തലയെടുപ്പിലേക്ക് ഒക്കെ വളരെ സാവധാനം നടന്നു തുടങ്ങിയിരുന്ന 14 വയസുകാരന്‍ ഗുരുവായൂര്‍ പത്മനാഭനായി. പിന്നീട് അറുപതു വര്‍ഷത്തിലേറെ ഗുരുവായൂരപ്പന്റെ പ്രിയ സേവകനായി മാറിയപ്പോഴേക്കും ഗജരത്നം പദവിയുമായി. പത്മനാഭന്‍ ഏറ്റവും അധികം ഏക്കം വാങ്ങുന്ന ആനകളില്‍ ഒരാളായി മാറുമ്പോഴും ഒറ്റപ്പാലം എരണത്തു വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം അവന്‍ പഴയ കുട്ടിക്കുറുമ്പന്‍ തന്നെ ആയിരുന്നു.

ആറു വര്‍ഷം മുന്‍പ് ഗുരുവായൂര്‍ പൗരാവലി പത്മനാഭനെ ആറു പതിറ്റാണ്ട് ഗുരുവായൂരപ്പനെ സേവ ചെയ്തതിന് ആദരവ് ഒരുക്കിയപ്പോഴും എരണത്തു വീട്ടിലെ അംഗങ്ങളും ഒത്തുകൂടിയിരുന്നു. അന്ന് ആ വിശേഷങ്ങള്‍ സന്തോഷത്തോടെ ബ്രിട്ടീഷ് മലയാളി വായനക്കാരുമായി പങ്കുവച്ച യുകെ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകി ചിത്രാലക്ഷ്മി ഇന്നലെ വാര്‍ത്ത നല്‍കാന്‍ വിളിച്ചത് പത്മനാഭന്റെ വിയോഗ നഷ്ടം പങ്കിടാന്‍ വേണ്ടിയാണ്.

''എന്റെ അച്ഛനും വലിയച്ഛനും കൂടിയാണ് പത്മനാഭനെ ഗുരുവായൂരില്‍ എത്തിക്കുന്നത്. ദേവസ്വം രേഖകളില്‍ പറയുന്നത് 1954 എന്നാണ്. എനിക്കൊക്കെ പറഞ്ഞു കേട്ട അറിവുകളെ ഉള്ളൂ. എന്നാല്‍ അക്കാലത്തൊക്കെ ആനകള്‍ കുറവായതിനാലും വരുമാനത്തിനായും ഞങ്ങളുടെ നാടായ ഒറ്റപ്പാലത്തും മറ്റും പത്മനാഭന്‍ ഉത്സവങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി എത്തുമായിരുന്നു. എപ്പോള്‍ അതുവഴി പോയാലും വീട്ടില്‍ വന്നു ഒരു ദിവസം അന്തിയുറങ്ങാതെ ആനയും ആനക്കാരും മടങ്ങാറില്ല. ഒരിക്കല്‍ പുതിയ പാപ്പാനുമായാണ് ആന ഒറ്റപ്പാലത്തു വന്നത്. മടങ്ങാന്‍ നേരം ആന പാപ്പാന്‍ പറഞ്ഞ വഴിയേ മടങ്ങാതെ നേരെ വീട്ടിലേക്ക് എത്തുക ആയിരുന്നു. അപ്പോഴാണ് പാപ്പാനും കാര്യം പിടികിട്ടിയത്. ഏറെ വിസ്മയത്തോടെയേ പദമനാഭന്റെ കാര്യങ്ങള്‍ കേട്ടിരിക്കാന്‍ പോലും കഴിയൂ. എപ്പോള്‍ നാട്ടില്‍ പോയാലും പത്മനാഭനെ കാണാതെ മടക്കമില്ല. അവസാനം കണ്ടതും കഴിഞ്ഞ വര്‍ഷം നാട്ടില്‍ എത്തിയപ്പോള്‍'', ഒറ്റ ശ്വാസത്തില്‍ തങ്ങളുടെ വീട്ടിലെ അംഗം ആയിരുന്ന പത്മനാഭനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചിത്രാലക്ഷ്മി.

പത്മനാഭന്റെ അറുപതാം വാര്‍ഷിക ദിവസം ആറു വര്‍ഷം മുന്‍പ്  ആഘോഷിച്ചപ്പോള്‍ എരണത്തു വീട്ടില്‍ നിന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത് തനിക്കു മാത്രം ആണെന്ന് ചിത്ര ടീച്ചര്‍ വേദനയോടെ പങ്കിടുന്നു. ദേവസ്വം ക്ഷണം ലഭിച്ചു അമേരിക്ക, ആഫ്രിക്ക, ദുബൈ എന്നിവിടങ്ങളില്‍ ഉള്ള സഹോദരങ്ങള്‍ എല്ലാം പത്മനാഭനെ ആദരിക്കാന്‍ ഗുരുവായൂരില്‍ എത്തിയപ്പോള്‍ ചിത്രാ ലക്ഷ്മിക്ക് നഷ്ടമായത് ജീവിതത്തിലെ ഒരപൂര്‍വ നിമിഷം തന്നെയാണ്. അമ്മ പത്മാവതി തറവാട്ട് പ്രതിനിധി ആയി ചടങ്ങുകളില്‍ മുഖ്യ സ്ഥാനം അലങ്കരിച്ചത് ഏറെ സന്തോഷം പകരുന്നു എന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ക്കുന്നു. തനിക്കു പങ്കെടുക്കാന്‍ ആയില്ലെങ്കിലും ഭര്‍ത്താവ് ശങ്കര്‍, അദേഹത്തിന്റെ അമ്മ എന്നിവരൊക്കെ ചടങ്ങില്‍ പങ്കാളികള്‍ ആയതും ഓര്‍മ്മയിലേക്കുള്ള മനോഹര ചിത്രമായി പരിണമിച്ചിരിക്കുന്നു.

ആന വിടപറഞ്ഞ നിമിഷം തന്നെ വിവരമറിഞ്ഞു ഒറ്റപ്പാലത്തു നിന്നും ചിത്രയുടെ സഹോദരന്‍ ചിത്രേഷ് അടക്കമുള്ള കുടുംബാംഗങ്ങള്‍ പത്മനാഭന് അശ്രുപൂജ അര്‍പ്പിക്കാന്‍ ഗുരുവായൂരിലെത്തി. രണ്ടാഴ്ച മുന്‍പും തന്റെ പിറന്നാള്‍ ദിനത്തില്‍ അമ്പലത്തില്‍ എത്തിയപ്പോള്‍ പത്മനാഭനെ കണ്ട കാര്യം ചിത്രേഷും ഓര്‍മ്മിക്കുന്നു. ''കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന സമയമത്താണ് ഞാന്‍ ആനയെ കാണുന്നത്. എന്റെ കയ്യില്‍ ഇരുന്ന പഴം അവകാശം പറ്റുന്ന പോലെ ആന വാങ്ങിച്ചെടുക്കുക ആയിരുന്നു, എപ്പോഴും അങ്ങനെയാണ്. പഴം കിട്ടിയാല്‍ സ്നേഹം കാണിക്കുന്ന ഒരു പ്രത്യേക ശബ്ദമുണ്ട്. അത് ഇത്തവണയും മുടക്കിയില്ല. പിന്നീടാണ് പ്രായാധിക്യം മൂലമുള്ള അവശത ഉണ്ടാകുന്നത്. കേരളത്തിലെ പ്രമുഖരായ ആന ചികിത്സകരില്‍ പലരും പത്മനാഭനെ കണ്ടിരുന്നു. ഒടുവില്‍ ആവണപ്പറമ്പ് നമ്പൂതിരി പത്മനാഭന് വാതത്തിന്റെ പ്രയാസങ്ങള്‍ ഉണ്ടെന്നു കണ്ടു കുറുംതോട്ടി കഷായം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിന് കറുംതോട്ടി കിട്ടാനില്ല എന്നത് പ്രയാസമായി. ഒടുവില്‍ ഈശ്വര കടാക്ഷം പോലെ ആരോ ഒരാള്‍ തുലാഭാരം നടത്താന്‍ എത്തി. അപൂര്‍വ്വമായി കാണാന്‍ സാധിക്കുന്ന കുറുംതോട്ടി കൊണ്ടാണ് തുലാഭാരം ചടങ്ങ്. ഈ കുറുംതോട്ടി പിന്നീട് പത്മനാഭനുള്ള കഷായമായി മാറുക ആയിരുന്നു. എന്നാല്‍ പ്രായാധിക്യം കടുത്തപ്പോള്‍ മരുന്നിനും വിധിയെ തടുക്കാനായില്ല. പക്ഷെ പത്മനാഭന് കുറുംതോട്ടി ആവശ്യമായി വന്നപ്പോള്‍ ഭഗവന്‍ തന്നെ എത്തിച്ചതാണ് എന്ന് വിശ്വസിക്കാന്‍ തന്നെയാണ് എന്നെ പോലെയുള്ള ആന പ്രേമികള്‍ക്ക് ഇഷ്ടം'', ഇന്നലെ ഗുരുവായൂരില്‍ എല്ലാവരും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ചിത്രേഷ് സൂചിപ്പിച്ചു.
കേരളത്തില്‍ ചന്തം തികഞ്ഞ ആനകള്‍ പലതും മറുനാട്ടുകാര്‍ ആണെങ്കില്‍ പത്മനാഭന്‍ തനി മലയാളിയാണ്. ആസാമിയും ബിഹാറിയും ഒക്കെ ആനകള്‍ക്കിടയില്‍ തലയെടുപ്പ് കാട്ടുമ്പോള്‍ നിലമ്പൂര്‍ കാടിന്റെ മകനായാണ് പത്മനാഭന്‍ ജനിക്കുന്നത്. പിന്നീട് നിലമ്പൂര്‍ കോവിലകത്ത് എത്തി. അവിടെ നിന്നും ആലത്തൂരിലെ സ്വാമി പത്മനാഭനെ വാങ്ങി. തറവാട്ടിലെ വഴിപാട് എന്ന നിലയില്‍ ചിത്രാലക്ഷ്മിയുടെ അമ്മൂമ്മ ലക്ഷ്മിയമ്മയാണ് ആനയെ നടക്കിരുത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് മക്കളായ ഇ പി മാധവന്‍ നായരും ഇ പി അച്യുതന്‍ നായരും കൂടി ആനയെ വാങ്ങി തറവാട്ടില്‍ എത്തി. അവിടെ ഒരാഴ്ചയേ നിന്നുള്ളൂ. അക്കാലത്തു പട്ടാമ്പിയില്‍ പാലം ഒന്നും വന്നിട്ടില്ല. പല ദിക്കുകള്‍ താണ്ടി ഒരാഴ്ച നടന്നാണ് ഒറ്റപ്പാലത്തു നിന്നും നടയ്ക്കിരുത്താന്‍ പത്മനാഭന്‍ ഗുരുവായൂരില്‍ എത്തുന്നത്. സാധാരണ ആനകള്‍ 65 നും 75 നും വയസു വരെ മാത്രം ജീവിച്ചിരിക്കാന്‍ സാധ്യത ഉള്ളപ്പോഴാണ് പത്മനാഭന്‍ 80 പിന്നിട്ടിട്ടും കാര്യമായ അവശതകള്‍ ഇല്ലാതെ അവസാന നാളുകളും പൂര്‍ത്തിയാക്കിയത്. ഗുരുവായൂര്‍ കേശവന്‍ അറുപതു പിന്നിട്ടപ്പോള്‍ ചെരിഞ്ഞു എന്നാണ് കേട്ടിട്ടുള്ളതെന്നും ചിത്രേഷ് സൂചിപ്പിച്ചു.
അഴകിന്റെ പൂര്‍ണത മുഴുവന്‍ ഒത്തിണങ്ങിയ പത്മനാഭന് 1962 മുതല്‍ ഏകാദശിക്കും ആറാട്ട് എഴുന്നള്ളത്തിനും ഭഗവാന്റെ സ്വര്‍ണ തിടമ്പ് എഴുന്നെള്ളിക്കാന്‍ ഉള്ള നിയോഗം ഒരു അവകാശമായി മാറിയിരുന്നു. ക്ഷേത്രത്തിലെ സകല ചടങ്ങുകളും ചിട്ടകളും ഹൃദ്യസ്ഥമാക്കിയ പത്മനാഭനെ ഐരാവതത്തിന്റെ പുനര്‍ ജന്മം ആണെന്ന് വരെ ഭക്തര്‍ വിശേഷിപ്പിക്കുന്നു. അത്രയ്ക്ക് ക്ഷമയും തഴക്കവും ക്ഷേത്ര കാര്യങ്ങളില്‍ ഈ കരിവീരന്‍ സ്വന്തമാക്കിയിരുന്നു. പാപ്പാന്റെ നിര്‍ദ്ദേശം പോലും ഇല്ലാതെ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്ന പത്മനാഭന്‍ കാണുന്നവരില്‍ അത്ഭുതത്തിന്റെ മറുവാക്കായി മാറുകയാണ്. ക്ഷേത്ര ചടങ്ങുകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഭംഗം വരുത്തുന്ന തരത്തില്‍ കുറുമ്പ് കാട്ടാന്‍ പത്മനാഭന്‍ അവസരം ഒരുക്കിയിട്ടില്ല എന്നതും പ്രത്യേകതയാണ്.

ആന ശാസ്ത്രം വിവരിക്കുന്ന മാതംഗ ലീല വര്‍ണിക്കുന്ന സകല ലക്ഷണങ്ങളും ഒത്തിണങ്ങിയ ആനയാണ് പത്മനാഭന്‍. 16 വര്‍ഷം മുന്‍പ് കേരളത്തിലെ ഒരാനക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഏക്ക സംഖ്യയായ 2 22 222 രൂപ നെന്മാറ വല്ലങ്ങി വേലയ്ക്കു സ്വന്തമാക്കി ചരിത്രത്തില്‍ സ്ഥാനം പിടിക്കാനും ഈ കൊമ്പന് കഴിഞ്ഞു. അക്കാലത്തു വെറും 33 333 രൂപ മാത്രം പത്മനാഭന് ഏക്കം ഉണ്ടായിരുന്നപ്പോളാണ് വാശിക്ക് നടന്ന ലേലം വിളിയില്‍ ഏക്ക തുക കുതിച്ചുയര്‍ന്നത്.

ആദ്യം ആനയെ ഗുരുവായൂരില്‍ തന്നെ ശവദാഹം നടത്താന്‍ പറ്റുമോ എന്ന് അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഇന്ന് കോടനാട് ആന പരിശീലന കേന്ദ്രത്തിനു സമീപം നടത്താം എന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ലക്ഷണം ഒത്ത ആന എന്നതിലുപരി ഏറ്റവും അനുസരണ ഉള്ള ആനയും കൂടി ആയിരുന്നു പത്മനാഭന്‍. ഏറെ പ്രസിദ്ധനായ ഗുരുവായൂര്‍ കേശവനെ പലപ്പോഴും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പത്മനാഭന്റെ രീതികളും. ഏറെ ലക്ഷണം തികഞ്ഞ ആനകള്‍ ഉണ്ടായിട്ടും ഉത്സവത്തിനും ഏകാദശിക്കും ഒക്കെ തിടമ്പേറ്റാന്‍ പത്മനാഭന്‍ തന്നെ വേണമായിരുന്നു.
ഇക്കഴിഞ്ഞ ഏകാദശിക്കും പത്മനാഭന്‍ ഗുരുവായൂരപ്പന്റെ സാരഥി ആയിരുന്നു. ഇന്ന് ഉത്സവവും ആയി ബന്ധപ്പെട്ടു കലശം തുടങ്ങാന്‍ ഇരിക്കെയാണ് പത്മനാഭന്റെ വിയോഗം. അഞ്ചു നാള്‍ കഴിഞ്ഞാല്‍ കോലം വഹിച്ച് ഉത്സവത്തിന് ശീവേലിക്കും ആറാട്ടിനും ഒക്കെ മുന്നില്‍ നില്‍ക്കേണ്ടത് പത്മനാഭന്‍ ആയിരുന്നു എന്ന് ആനപ്രേമികള്‍ ഏറെ സങ്കടത്തോടെ ഓര്‍മ്മിക്കുന്നു. പണ്ട് ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞതും ഉത്സവനാളുകളോട് അനുബന്ധിച്ചാണെന്ന് പറയപ്പെടുന്നു. കരഞ്ഞും പരിതപിച്ചും നാരായണ നാമം ചൊല്ലിയും ആയിരങ്ങളാണ് പത്മനാഭന് പ്രണാമം അര്‍പ്പിക്കാന്‍ ഇന്നലെ ഗുരുവായൂരില്‍ എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category