കെഎസ്ആര്‍ടിസിയെ ഷോക്കടിപ്പിച്ച് വൈദ്യുത ബസുകള്‍: നഷ്ടമൊഴിവാക്കാന്‍ പോംവഴി ബസ് ഓടിക്കാതിരിക്കുക; നിറയെ യാത്രക്കാരുമായി ശരാശരി ദിവസവരുമാനം ഉണ്ടെങ്കിലും പോകുന്നത് നഷ്ടത്തിലേക്ക്: രണ്ടുവൈദ്യുത ബസുകള്‍ കൊച്ചി മെട്രോ കോര്പ്പറേഷന് കൈമാറി അധികൃതര്‍; നഷ്ടമുണ്ടാക്കുന്ന കരാര്‍ കെഎസ്ആര്‍ടിസിയുടെ മേല്‍ കെട്ടിവച്ചതാണെന്ന് ആരോപണം ഉയരുമ്പോള്‍
തിരുവനന്തപുരം: ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന വൈദ്യുത ബസുകള്‍ കെ.എസ്.ആര്.ടി.സി.ക്ക് ബാധ്യതയേറുന്നു. നഷ്ടമൊഴിവാക്കാന്‍ ബസ് ഓടിക്കാതിരിക്കുകയെന്ന ആശയമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി കൈക്കൊള്ളുന്നത്. കൂടാതെ, ഓടിച്ചാല്‍ നഷ്ടമുണ്ടാകുന്നതുകൊണ്ട് രണ്ടുവൈദ്യുത ബസുകള്‍ കൊച്ചി മെട്രോ കോര്പ്പറേഷന് കൈമാറി. മഹാവോയേജില്നിന്ന് വാടകയ്ക്കെടുത്ത ബസുകള്‍ നിരത്തിലിറക്കിയാല്‍ ദിവസം 7,146 രൂപ നഷ്ടമുണ്ടാകുന്നുവെന്നും മറ്റാര്‍ക്കെങ്കിലും കൈമാറിയാല്‍ നഷ്ടം ഒഴിവാക്കാമെന്നുമായിരുന്നു ഓപ്പറേഷന് വിഭാഗം മേധാവിയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശേഷിക്കുന്ന ബസുകളും ആര്‍ക്കെങ്കിലും കൈമാറുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
പ്രൊഫഷണല്‍ മാനേജ്മെന്‍് വിദഗ്ദ്ധര്‍ അടങ്ങുന്ന ഇപ്പോഴത്തെ ഭരണസമിതിയാണ് പത്ത് വൈദ്യുതിബസുകള്‍ ഇ-ടെന്‍ഡര്‍ വഴി വാടകയ്ക്കെടുത്തത്. കിലോമീറ്റര്‍ അടിസ്ഥാനമാക്കി വിവിധ സ്ളാബുകളിലായി 85.50 രൂപമുതല്‍ 43.20 രൂപവരെയാണ് വാടക. ഡ്രൈവറും ബസും കമ്പനി നല്‍കും. കണ്ടക്ടര്‍ കെ.എസ്.ആര്.ടി.സി.യുടേതാണ്. നിറയെ യാത്രക്കാരുമായിട്ടാണ് ബസ് ഓടുന്നത്. 15,707 രൂപയാണ് ശരാശരി ദിവസവരുമാനം. എന്നിട്ടും നഷ്ടമാണ് നേരിടുന്നതും. വാടക നിശ്ചയിച്ചതിലെ പാകപ്പിഴയാണ് കാരണമെന്ന് നിസംശയം പറയാം. ഓപ്പറേറ്റിങ്, ടെക്നിക്കല്‍ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് കരാറിന് അന്ന് പച്ചക്കൊടി കാട്ടിയത്. മറ്റൊരു കമ്പനിയും കരാറില്‍ പങ്കെടുത്തില്ല. വാടകയ്ക്ക് ബസുകള്‍ ക്ഷണിക്കുകയും ടെന്‍ഡറില്‍ പങ്കെടുത്തവരുമായി ചര്‍ച്ചചെയ്ത് കരാര്‍ വ്യവസ്ഥകള്‍ തയാറാക്കുകയുമായിരുന്നു.
കരാര്‍ പരിഷ്കരിക്കാനോ ലാഭകരമാകുന്ന വിധത്തില്‍ പുതിയബസ് വാടകയ്ക്ക് എടുക്കാനോ കെ.എസ്.ആര്.ടി.സി. ശ്രമിച്ചിട്ടില്ല. നിലവിലെ ആറുബസുകള്‍ ഓടിക്കുമ്പോള്‍ ദിവസം 42,876 രൂപ ദിവസനഷ്ടം ഉണ്ടാകുന്നുണ്ട്. ഇക്കാര്യം മാനേജ്മെന്റുതന്നെ സമ്മതിച്ച് റിപ്പോര്‍ട്ട് ഇറക്കുന്നത് ആദ്യമായിട്ടാണെന്നും വ്യക്തമാണ്. മഹാവോയേജ് കമ്പനി എന്‍.സി.പി. നേതാവിന്റെ ബിനാമിയാണെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. നഷ്ടമുണ്ടാക്കുന്ന കരാര്‍ കെ.എസ്.ആര്.ടി.സി.യുടെ മേല്‍ കെട്ടിവച്ചതാണെന്ന് തൊഴിലാളി സംഘടനകളും ആരോപിക്കുന്നു.
മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് ഇലക്ട്രിക്ക് ബസെത്തിയത്. സ്കാനിയ ബസുകള്‍ വാടകയ്ക്കു നല്കിയ കമ്പനിയാണ് മഹാവോയേജ്. കിലോമീറ്ററിന് 43.20 രൂപ നിരക്കില്‍ പത്ത് ഇലക്ട്രിക് ബസുകളാണ് വാടകയ്ക്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ അന്ന് ഉണ്ടായിരുന്നത്. കെഎസ്ആര്‍ടിസി പരീക്ഷിച്ച ഗോള്‍ഡ് സ്റ്റോണ്‍ കമ്പനിയുടെ ഇലക്ട്രിക് ബസുകളാണ് വാടകയ്ക്കെടുത്തത്. ബി.വൈ.ഡി. എന്ന ചൈനീസ് കമ്പനിയുടെ സാങ്കേതികവിദ്യയിലാണ് ബസുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
കെഎസ്ആര്‍ടിസി അവതരിപ്പിച്ച ഇലക്ട്രിക് ബസ് സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ നിര്‍ത്തിവെച്ചിരുന്നു. വാടക വിഷയം തന്നെയായിരുന്നു അവിടെയും സംഭവിച്ചത്. ബസ് വാടകയ്ക്ക് നല്‍കിയിരുന്ന കമ്പനി ബസുകള്‍ പിന്‍വലിച്ചതോടെയാണ് സര്‍വീസുകള്‍ നിലച്ചത്. അന്ന് തിരുവനന്തപുരത്തിന് 5 ഉം എറണാകുളത്തിന് 5 ഉം ആണ് ഇലട്രിക് ബസുകള്‍ ഓടിച്ചിരുന്നത്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്ത് പോയ 5 വണ്ടിയുടെയും കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരോട് ബസ് എറണാകുളത്ത് ഇട്ട് മടങ്ങി വരാനും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് വന്ന 3 ബസിലെ ജീവനക്കാരോട് ഇ ബസ് തമ്പാനൂരില്‍ ഉപേക്ഷിച്ച് തിരിച്ച് മറ്റൊരു ബസില്‍ മടങ്ങി പോകാനും അന്ന് ്ധകൃതര് നിര്‍ദ്ദേശം നല്കിയിരുന്നതും.
അതേസമയം ഇ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യതയാകുമെന്ന് നേരത്തെ തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നടത്തിയ ഇലക്ട്രിക് ബസ് സര്‍വീസ് വന്‍ ലാഭകരമാണെന്നാണ് കെ.എസ്.ആര്.ടി.സി അവകാശപ്പെട്ടതും. ബേസ് ക്യാംപായ നിലയ്ക്കല്‍ നിന്ന് പമ്പ വരെയാണ് ഇലക്ട്രിക് ബസ് തീര്‍ത്ഥാടന കാലത്ത് ഓടിച്ചത്. ഒരു ഇലക്ട്രിക് ബസ് ഒരു ദിവസം പല ട്രിപ്പുകളിലായി സര്‍വീസ് നടത്തിയത് ശരാശരി 360 കിലോമീറ്റര്‍. ഒരു കിലോമീറ്ററില്‍ ഏകദേശം 110 രൂപ വരെ വരുമാനം ലഭിച്ചതായാണ് കണക്കുകൂട്ടല്‍. ബസ് വാടകയും വൈദ്യുതിയും ഉള്‍പ്പടെയുള്ള ചെലവ് 53 രൂപ. ബാക്കി 57 രൂപ ലാഭം ലഭിച്ചതായാണ് കെഎസ്ആര്‍ടിസി അവകാശപ്പെടുന്നത്. എന്നാല്‍ ഇ ബസുകള്‍ പിന്‍വലിച്ചതോടെ ഈ കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായതാണ്.
ഒരു കിലോമീറ്റര്‍ ഓടുന്നതിന് 0.8 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടത്. നാലു മണിക്കൂര്‍കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ്ജാകും. ബസുകള്‍ ചാര്‍ജ്ജുചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഒരു കിലോമീറ്ററിന് ഡീസല്‍ എ.സി. ബസുകള്‍ക്ക് 31 രൂപ ചെലവു വരുമ്പോള്‍ വൈദ്യുതി ബസുകള്‍ക്ക് നാലു രൂപ മാത്രമാണ് വേണ്ടിവരുന്നതെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഇ-ടെന്‍ഡര്‍ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര കമ്പനിയുമായി കെഎസ്ആര്‍ടിസി കരാറിലേര്പ്പെട്ടിരുന്നത്്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് ബസുകള്‍ വാടകയ്ക്ക് നല്‍കിയതെന്ന കമ്പനി വ്യക്തമാക്കുമ്പോഴും നഷ്ടം ഇപ്പോഴും കെഎസ്ആര്‍ടിസിക്ക് തന്നെ. പ്രധാന കാരണമായി വാടക തന്നെയാണ് ഇവിടുത്തെയും വില്ലന്‍. ബസുകള്‍ ഇതോടെ നഷ്ടമൊഴിവാക്കാന്‍ ബസ് ഇനി ഓടിക്കാതിരിക്കുകയെന്ന് ആശയത്തില്‍ എത്തിയിരിക്കുന്നതും.