സ്വന്തം അഭിപ്രായമുള്ള ഹൈക്കോടതി ജഡ്ജിമാരെ അന്യനാട്ടിലേക്ക് സ്ഥലം മാറ്റിയും പ്രതികരിക്കാന്‍ അറിയാവുന്ന ജഡ്ജിമാര്‍ക്ക് പ്രൊമോഷന് നിഷേധിച്ചും അമിത്ഷാ ജുഡിഷ്യറിയുടെ മേല്‍ പിടിമുറുക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ ഭയപ്പെടുന്നതില്‍ എന്താണ് തെറ്റ്? അയോധ്യ കേസിലെ വിധി മുതല്‍ ഡല്‍ഹി കലാപം വരെയുള്ള വിഷയങ്ങളില്‍ കോടതികള്‍ പുലര്‍ത്തുന്ന നിസ്സംഗത അര്‍ത്ഥമാക്കുന്നത് എന്താണ്? മിസ്റ്റര്‍ അമിത്ഷാ ജുഡീഷ്യറിയെ എങ്കിലും ദയവായി വെറുതെ വിടൂ...
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ആഭ്യന്തരമന്ത്രിയും ഇതുവരെ ഇന്ത്യ കണ്ടിട്ടുള്ളതില്‍ ഏറ്റവും ശക്തരായ ഭരണാധികാരികളാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുകയില്ല. പ്രത്യേകിച്ച ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ സകല മേഖലകളിലും തന്റെ അധീശത്വം അടിച്ചേല്‍പ്പിച്ച് കൊണ്ട് മുന്നേറുകയാണ്. മറ്റൊരു ഭരണാധികാരിക്കും ആലോചിക്കാന്‍ പോലും കഴിയാത്ത തീരുമാനങ്ങള്‍ എടുക്കുകയും അതിന്റെ പേരിലുണ്ടാകുന്ന ജനവികാരത്തെയും പ്രതിഷേധങ്ങളെയും പോലും അവഗണിക്കുകയും ചെയ്യുന്നത് അമിത് ഷായുടെ രീതിയാണ്. എങ്ങനെ ഭരിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം തീര്‍ച്ചയായും അമിത്ഷാക്കുണ്ട്.
അമിത് ഷാ ഏകാധിപതിയാണ് എന്ന് പറയുമ്പോഴും, ഏകാധിപതിയാണ് എന്നറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന് ലക്ഷക്കണക്കിന് വോട്ടുകള്‍ നല്കി ജനങ്ങള്‍ വിജയിപ്പിച്ചത് എന്നും അദ്ദേഹം ആഭ്യന്തരമന്ത്രി ആയതെന്നും പരിഗണിക്കേണ്ടതാണ്. എന്നാല്‍, എനിക്ക അമിത്ഷായോട് ഒരു അഭ്യര്‍ത്ഥനയുള്ളത് ഭരണകൂടത്തിന്റെ രണ്ടാമത്തെ തലവന്‍ എന്ന നിലയിലോ, വേണമെങ്കില്‍ ഒന്നാമന് എന്ന നിലയിലോ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അങ്ങയുടെ അധികാരവും അവകാശവും ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോള്‍ പോലും ഇന്ത്യന്‍ ഭരണഘടനയുടെ സത്ത നിലനിര്‍ത്തുന്നതിന് അനിവാര്യമായ ജുഡീഷ്യറിയെ നിലനിര്‍ത്തുന്നതിന് വെറുതെവിടേണ്ട ആവശ്യമുണ്ട്.
ഇന്ത്യയുടെ ജുഡീഷ്യറി എന്നത് നമ്മുടെ ജനാധിപത്യ പ്രക്രിയയില്‍ എക്സിക്യൂട്ടീവ് പോലെ, പാര്‍ലമെന്റ് പോലെ തുല്യ അവകാശവും അധികാരവും ഉള്ള ഒന്നാണ്. ഇന്ത്യ എന്ന പറയുന്ന മഹാരാജ്യം ഒരിക്കലും ഏകാധിപതികളുടെയോ ജനാധിപത്യ വിരോധികളുടെയോ മതേതര വിരോധികളുടെയോ കൈകളില്‍ പെടാതിരിക്കുന്നതിന് വേണ്ടി ഭരണഘടനാ ശില്പികള് ബോധപൂര്‍വം ഉണ്ടാക്കിയ സംവിധാനമാണത്. സുപ്രീംകോടതിയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് പോലും അവകാശമില്ലാത്തത്ര സുതാര്യമായി നമ്മുടെ ഭരണഘടന ഉണ്ടാക്കി വച്ചവരെ എന്നും സ്മരിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍, കോടതികളുടെ സ്വാതന്ത്ര്യത്തിന്റെ മേല്‍ ഇടപെടുന്ന പ്രവണത വര്‍ധിച്ച് വരുന്നു.
ജസ്റ്റിസ് ലോയയുടെ മരണം സൃഷ്ടിച്ച ദുരൂഹത ഇപ്പോഴും തുടരുമ്പോള്‍ ഇഷ്ടമില്ലാത്ത വിധി പ്രഖ്യാപിക്കുന്ന ജഡ്ജിമാരെ നോക്കിനില്ക്കുമ്പോള് സ്ഥലം മാറ്റുന്ന തരത്തിലേക്ക് അമിത്ഷായുടെ ഇടപെടല്‍ കടന്ന് വരുകയാണ്. ന്യായീകരിക്കുന്നവര്‍ക്ക് പറയാം സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ അധികാരത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അവകാശവും ഇല്ലെന്നും അത് കോടതിയുടെ കൊളീജിയം തന്നെ തീരുമാനിക്കുന്നതാണെന്നും അതിലേക്ക് അമിത്ഷായെ പിടിച്ച് വലിച്ചിഴയ്ക്കുന്നത് നാണം കെട്ട രാഷ്ട്രീയമാണെന്നും. താത്വികമായി നമ്മള് വിഷയങ്ങളെ സമീപിക്കുകയാണെങ്കില്‍ അത് ശരിയാകാം. എന്നാല്‍, പ്രായോഗികമായി സുപ്രീംകോടതി അടക്കമുള്ള സകല സംവിധാനങ്ങളിലും ഈ സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന അമിത്ഷായും ഇടപെടുന്നു എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..