1 GBP = 92.50 INR                       

BREAKING NEWS

കോവിഡ് 19 ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തുമ്പോള്‍ ജനങ്ങള്‍ ആശങ്കാകുലരാകുന്നത് സാധാരണമാണ്; അതോടൊപ്പം ഡോക്ടര്‍ ലി വെന്‍ലിയാങ് പോലുള്ള ധീരപോരാളികളുടെ നഷ്ടമാണ് ലോകത്തിന് ഒരിക്കലും നികത്താനാവാത്തത്

Britishmalayali
റോയ് സ്റ്റീഫന്‍

കോവിഡ് 19 എന്ന നാമകരണം നല്‍കിയ കൊറോണാ വൈറസ് നിലവിലെ സാഹചര്യത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും മുഷ്യരിലൂടെ തന്നെ പകരുന്നതിനാല്‍ എല്ലാ ലോക രാജ്യങ്ങളും പ്രതിരോധത്തിലാവുകയാണ്. തങ്ങളുടെ ഓരോ പൗരന്മാരുടെയും  ആരോഗ്യവും ജീവനും സംരക്ഷിക്കുവാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തുകൊണ്ടിരിക്കുന്നു. എന്നാല്‍ അദൃശ്യനായി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നുകൊണ്ട് കോവിഡ് 19-നെ  തോല്‍പ്പിക്കുവാന്‍ അത്രയെളുപ്പമല്ലായെന്ന് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഓരോ വ്യക്തികളും മുന്‍കരുതലുകള്‍ എടുക്കുകയും അതോടൊപ്പം തന്നെത്തനെ സംരക്ഷിച്ചുകൊണ്ട് ശരിയായ സന്ദേശം മറ്റുള്ളവരിലേയ്ക്കും എത്തിക്കുക എന്നുള്ള ഒറ്റ പ്രധിവിധിയാണുള്ളത്. സാമൂഹിക പ്രതിബദ്ധത കൂടുതലുള്ള ശാസ്ത്രലോകം മാത്രമല്ല എല്ലാ ലോകാരോഗ്യ സംഘടനകളും രാജ്യങ്ങളുടെ നേതൃത്വവും അക്ഷീണമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന വസ്തുത ഓരോ മനുഷ്യര്‍ക്കും ആശ്വാസമേകുന്നുണ്ട്. ലോകമെമ്പാടുമുള്ള മനുഷ്യരുടെ  സഹകരണത്തിലൂടെ ഇതിലും വലിയ പ്രതിസന്ധികളെ ലോക ജനത തരണം ചെയ്തിട്ടുണ്ട്, അതിജീവിക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്നതും സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്നുണ്ട്.

സാംക്രമിക രോഗങ്ങളുള്‍പ്പെടെയുള്ള എല്ലാ രോഗങ്ങളെയും ഏറ്റവും എളുപ്പത്തില്‍ പ്രതിരോധിക്കുവാന്‍ സാദ്ധ്യമാകുന്നത് അതിന്റെ പ്രാഥമികദശയില്‍ തന്നെയാണെന്ന് അനുഭവങ്ങളിലൂടെ പഠിച്ചിട്ടുണ്ടെങ്കിലും രോഗാവസ്ഥ തിരിച്ചറിയുകയോ അല്ലെങ്കില്‍ സാംക്രമിക രോഗങ്ങളെ നിയോഗിക്കപ്പെട്ട അധികാരകേന്ദ്രങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്യാത്തിടത്തോളം കാലം മറ്റള്ളവരും പുറം ലോകവും അറിയാതെ പോവുകയാണ് സാധാരണ സംഭവിക്കുന്നത്. കൊറോണ വൈറസിന്റെ കാര്യത്തിലും ഈ രീതികള്‍ക്ക് മാറ്റം വന്നിട്ടില്ലാ എന്ന് തന്നെയാണ് ഈ രോഗത്തെക്കുറിച്ചു ആദ്യദിനങ്ങളില്‍ ഉത്കണ്ഠ അറിയിച്ച ഡോക്ടറുടെ മരണത്തിലൂടെ മനസിലാകുന്നത്. വൂഹാനിലെ ആരോഗ്യ വകുപ്പിലെ അധികൃതര്‍ കൊറോണ വൈറസിനേപ്പറ്റിയും, നിലവിലെ അണുബാധിതരുടെ  സംഖ്യയും ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത് ഡിസംബര്‍ 31-ാം തീയതിയാണ്.

ഇതിന് ആഴ്ചകള്‍ മുന്‍പ് തന്നെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നു ഒരു ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പിലേയ്ക്ക് ഡോക്ടര്‍ ലി വെന്‍ലിയാങ്  നിഗൂഢമായ അസുഖമുള്ള ഏഴു പേരെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം എല്ലാ സഹപ്രവര്‍ത്തകരോടും അത്യാവശ്യം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതറിഞ്ഞ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ശാസിക്കുകയും മേലില്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കമ്മ്യുണിസ്റ്റ് രാജ്യമായ ചൈനയില്‍ എല്ലാ വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ക്കും അവരുടേതായ നിയന്ത്രണങ്ങള്‍ എല്ലാക്കാലങ്ങളിലും  നിലനിന്നിരുന്നു, എങ്കിലും തീര്‍ത്തും സംഗീര്‍ണ്ണവും ഗുരുതരവുമായ  സാഹചര്യം പൊതുജനങ്ങളില്‍ നിന്നും മറച്ചു വച്ചതിലൂടെ വൂഹാനിലെ മാത്രമല്ല മറ്റു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കും കൂടിയാണ് ഈ സാംക്രമിക രോഗത്തിന് ഇരയാകുവാനുള്ള സാദ്ധ്യത കൂട്ടിയത്. ചുരുക്കത്തില്‍ വൂഹാനില്‍ മാത്രമുള്ള ഒന്നര മില്യണ്‍ ജനങ്ങളുള്‍പ്പെടെ ലോകജനതയെ സത്യാവസ്ഥകള്‍ അറിയിക്കാതെ രോഗത്തിന് അടിമകളാകുവാനുള്ള സാധ്യതയിലേക്ക് തള്ളി വിടുകയായിരുന്നു ഈ ഒളിച്ചുകളിയിലൂടെ സംഭവിച്ചത്.

വിവരാവകാശ നിയമങ്ങള്‍ ചൈന ഉള്‍പ്പെടുന്ന എല്ലാ രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരുടെ ഇടയില്‍ ഇപ്പോഴും ധാരാളം അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട് .ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളോട് ഉത്തരവാദിത്ത്വം ഉണ്ടെന്നും പൂര്‍ണ്ണമായി കടപ്പെട്ടിട്ടുണ്ടെന്നുമുള്ള വസ്തുത അംഗീകരിക്കുവാന്‍ പല ഉദ്യോഗസ്ഥരും തയ്യാറാവുന്നില്ലാ. ഡോക്ടര്‍ ലിയുടെ മരണത്തെ തുടര്‍ന്ന് ചൈനയുടെ നാനാഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ വളരെയധികം ദുഃഖവും അതോടൊപ്പം അധികൃതരുടെ ഭാഗത്തു നിന്നുമുള്ള അനാസ്ഥയോടും അവഗണനയോടുമുള്ള സമീപനങ്ങളെ അപലപിക്കുകയും നിലവിലുള്ള വിവരാവകാശ നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുകയുമാണ് ചെയ്യുന്നത്.

ഒരു പരിധിവരെ ഡോക്ടര്‍ ലിയുടെ പ്രാഥമിക മുന്നറിയിപ്പ് മറച്ചുവെക്കാതെ ഉചിതമായ നടപടികള്‍ സ്വീകരിച്ചെങ്കില്‍ ചിലപ്പോള്‍ ഇത്രയും ആശങ്കാജനകമായ സ്ഥിതിയിലേയ്ക്ക് എത്തിച്ചേരുകയില്ലായെന്നുപോലും ചൈനയിലെയും ലോകരാഷ്ട്രങ്ങളിലെയും ന്യായാധിപന്മാര്‍ പോലും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ വുഹാനിലെ ഭരണകൂടവും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ഡോക്ടര്‍ ലിയോട് മാപ്പുചോദിക്കുകയും അദ്ദേഹത്തെ ഒരു രക്തസാക്ഷിയായി ചിത്രീകരിക്കുകയും ചെയ്യണം എന്ന് തന്നെയാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.

'അനിഷ്ടമായ സത്യങ്ങള്‍ തുറന്നു പറയരുതെന്നുള്ളത്' പഴമൊഴിയാണെങ്കിലും നഗ്ന സത്യങ്ങള്‍ തുറന്നു പായാതിരുന്നാലുണ്ടാകുന്ന ഭവിഷ്വത്ത്വകള്‍ എത്രത്തോളമാണെന്ന്  ഡോക്ടര്‍ ലീയുടെ ജീവിതാനുഭവങ്ങളില്‍ നിന്നും ലോകജനത മനസിലാക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുകയും കൃത്യമായ ഉത്തരവാദിത്ത്വബോധ്യമുള്ള ഉദ്യോഗസ്ഥര്‍ അതാത് ശ്രേണികളില്‍ ജോലിയിലുമുള്ള അടിസ്ഥാന ആരോഗ്യ സംരക്ഷണ മേഖലകളില്‍ ഇതാണ് സംഭവിക്കുന്നതെങ്കില്‍ ഇതൊന്നുമില്ലാത്ത സാമൂഹിക സന്നദ്ധമേഖലകളില്‍ പൊതുജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ മങ്ങുക തന്നെ ചെയ്യും. വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളില്‍ പോലും സത്യം പറയുവാന്‍ വൈമനസ്യം കാണിക്കുന്ന ഈ ആധുനിക ലോകത്ത് എല്ലാവര്‍ക്കും മാതൃകയാകുവാന്‍ ധാരാളം ഡോക്ടര്‍ ലീമാര്‍  ജനിക്കേണ്ടതുണ്ട്.

ഒരു കളവിനെ തിരുത്തിപ്പറയുവാന്‍ ആയിരം കളവുകള്‍ പറയേണ്ടി വരുമെന്ന സ്ഥിതിയെ ഓരോ വ്യക്തികളും തിരിച്ചറിയുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ തെളിയിക്കുന്നതുവരെ സത്യം പറയുവാന്‍ മടികാണിക്കുമ്പോള്‍ കുറച്ചു നാളത്തേക്കെങ്കിലും കളവുകള്‍ സത്യമായി നിലനില്‍ക്കും. വ്യക്തികളില്‍ നിന്നും മാത്രം തുടങ്ങേണ്ട പരിവര്‍ത്തനമാണ് സത്യത്തിനോടൊപ്പം എന്നെന്നും നില നില്‍ക്കണമെന്നുള്ളത്. സമൂഹത്തില്‍ എല്ലാ മേഖലകളിലും ഇന്ന് നിലനില്‍ക്കുന്ന അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യുവാനും നഗ്നസത്യങ്ങള്‍ തുറന്നു പറയുവാന്‍ മടികാണിക്കുന്ന വ്യക്തികള്‍ക്ക് പ്രചോദനമേകുവാനും തീരുമാനമെടുക്കേണ്ടത് ഓരോ വ്യക്തികളുമാണ്. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളിലൂടെയല്ല ഓരോ വ്യക്തികളും അനുദിനം ജീവിക്കേണ്ടത് പകരം ജീവിതയാഥാര്‍ഥ്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് എല്ലാ ജീവിത മേഖലകളിലും നേരായി ചിന്തിക്കുകയും എല്ലാസത്യങ്ങളും  തുറന്നുതന്നെ പറഞ്ഞുകൊണ്ടു ജീവിക്കുന്ന മാതൃകകളായി മാറണം ഓരോ വ്യക്തികളും.

മലയാള ഭാഷയില്‍ ഇന്നും നിലനില്‍ക്കുന്ന പഴമൊഴികള്‍ പലതും കാലങ്ങള്‍ക്കപ്പുറം പ്രാധാന്യമുള്ളവയാണെങ്കിലും ചിലതെല്ലാം കാലോചിതമായി മാറേണ്ടത് അനിവാര്യമാണ്. ഭൂരിഭാഗം പഴമൊഴികളും ഉത്ഭവിച്ച കാലത്തില്‍ നിന്നും മനുഷ്യര്‍ എല്ലാ മേഖലകളിലും ധാരാളം പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു. പ്രാചീന കാലങ്ങളിലെ ജീവിതരീതികളും ആചാരാനുഷ്ടാനങ്ങളും സംസ്‌കാരങ്ങളുടെ പുരോഗതിയോടൊത്ത് ഇന്ന് അന്യം നിന്നു പോയിരിക്കുന്നു. അതിലൊരു പ്രധാന ഘടകം ഓരോ മനുഷ്യര്‍ക്കും ഇന്ന് പരസഹായമില്ലാതെ സ്വന്തം കാലില്‍ നിന്നുകൊണ്ട് ജീവിക്കുവാന്‍ സാധിക്കുന്നു എന്നുള്ളത്. ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയുടെ അടിസ്ഥാനമായ പണമിടപാട് രീതികള്‍ ഉത്ഭവിക്കുന്നതിന് മുന്‍പ് പ്രാചീന കാലങ്ങളില്‍ ഓരോ വ്യക്തികളും സമൂഹത്തില്‍ അന്യോന്യം ആശ്രയിച്ചു ജീവിച്ചിരുന്നു.

വ്യക്തികള്‍ അധ്വാനിക്കുന്നുണ്ടെങ്കിലും എല്ലാവിധ ജീവിത സൗകര്യങ്ങളും ലഭ്യമല്ലായിരുന്നു. നീതിന്യായ വ്യവസ്ഥിതികളുടെ അഭാവത്തില്‍ പലപ്പോഴും കയ്യൂക്കുള്ളവനും സ്വാധീനമുള്ളവരുമായിരിന്നു മറ്റുള്ളവരുടെ മേല്‍ അധികാരമുണ്ടായിരുന്നവര്‍. അക്കാലങ്ങളില്‍ ഭൂരിഭാഗം തീരുമാനങ്ങളും അനീതിമാത്രം നിറഞ്ഞവയായിരുന്നു. ചോദ്യം ചെയ്യുവാന്‍ പാടില്ലാത്തവയായിരുന്നു പല തീരുമാനങ്ങളും. അതുകൊണ്ടു തന്നെ സ്വാധീനമില്ലാത്ത വ്യക്തികള്‍ അധികാരികള്‍ക്ക് അപ്രീയമായ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ശിക്ഷിക്കപെടുകയായിരുന്നു പതിവ്. എന്നാല്‍ ഇന്ന് കാലം മാറി, ഇനി കോലം മാറണം അതായത് ഈ ആധുനിക യുഗത്തില്‍ എല്ലാവരും സ്വന്തന്ത്രരാണ് ഇനിയുള്ള കാലങ്ങളില്‍ സ്വന്തന്ത്രമായി ചിന്തിക്കുകയും സ്വന്തന്ത്രമായ ആശയങ്ങളും തീരുമാനങ്ങളും ഭയമില്ലാതെ സ്വന്തന്ത്രമായി തുറന്നു പറയുവാനുള്ള ചങ്കുറപ്പുണ്ടാകണം.

ജനങ്ങളുടെ ആശങ്കയുടെ പ്രധാന കാരണം കോവിഡ് 19  വൈറസ് ശരീരത്തില്‍ കയറി, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനു മുന്‍പെ തന്നെ വൈറസ് ബാധിതന്‍ രോഗാണു വാഹകനാവുന്നു എന്നതാണ്. അതുകൊണ്ടു തന്നെ രോഗാണുവിന് തടയുക മാത്രമാണ് നിലവിലെ പ്രധിവിധി. യുകെയിലെ ആരോഗ്യ വിഭാഗം പുതിയ മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കുന്നതിന് മുന്‍പ് തന്നെ പതിനഞ്ചില്‍ പരം രോഗികളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ പത്തൊന്‍പതും കഴിഞ്ഞു അനുദിനം കൂടിക്കൊണ്ടിരിക്കുന്നു, യുകെയുടെ വെളിയിലാണെങ്കില്‍ കൂടിയും അവധിയാഘോഷിച്ചിരുന്ന ഒരു ബ്രിട്ടീഷ് പൗരന്‍ കൊറോണാ വൈറസ് മൂലം മരിച്ചു കഴിഞ്ഞിരിക്കുന്നു.

നിലവിലെ നിര്‍ദ്ദേശങ്ങള്‍ കഴിവതും ശാരീരിക ശുചിത്വം പരിപാലിക്കുകയെന്നതാണെങ്കിലും പ്രധാനമായും കഴിവതും അണുബാധ ബാധിച്ചവരില്‍ നിന്നും അകന്നു നില്‍ക്കുകയെന്നതു തന്നെയാണ്. രോഗലക്ഷണങ്ങള്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും വ്യക്തത ഇല്ലാത്തതിനാല്‍ ചുമയോ തുമ്മലോ വരുമ്പോള്‍ ടിഷ്യു അല്ലെങ്കില്‍ സ്ലീവ് ഉപയോഗിച്ച് നിങ്ങളുടെ വായയും മൂക്കും മൂടുക, ഉപയോഗിച്ച  ടിഷ്യുകളും മറ്റ് സ്ലീവുകളും വളരെ  സുരക്ഷിതമായിത്തന്നെ  നശിപ്പിച്ചും കളയുക, അതോടൊപ്പം ഇടയ്ക്കിടെ കൈ കഴുകി  ശുദ്ധി വരുത്തികൊണ്ടിരിക്കുക.

നിലവില്‍ ലോകത്തു ജീവിച്ചിരിക്കുന്ന ഓരോ വ്യക്തികളും സമാനതകളില്ലാത്തവര്‍ തന്നെയാണ്. സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കും ലോകത്തിന്റെ നിലനില്‍പ്പിനും ഓരോ വ്യക്തികളുടെയും ഭയമില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ആവശ്യമുണ്ട്. വേറിട്ട കഴിവുകളുള്ള വ്യക്തികള്‍ തങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായി ഉപയോഗിച്ചുകൊണ്ട് സമൂഹത്തിന് മുതല്‍ക്കൂട്ടായി മാറേണ്ടവരാണ്. ലോകത്തില്‍ ഇതിനുമുന്‍പ് പ്രത്യക്ഷപ്പെട്ടിട്ടുള്ള എബോള നിപ്പാ തുടങ്ങിയ വൈറസുകളെ അപേക്ഷിച്ചു കോവിഡ് 19 വെറും നിസ്സാരന്‍ മാത്രമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കാരണം ഭീകര വൈറസ്സുകളില്‍ നിന്നുമുള്ള മുക്തി വെറും പത്തു ശതമാനമായിരിക്കെ കൊറോണയില്‍ നിന്നും ധാരാളം പേര്‍ ശരിയായ ചികിത്സയിലൂടെ രക്ഷ പ്രാപിക്കുന്നുണ്ട്. എങ്കില്‍ പോലും എല്ലാവരും നിരന്തരം ജാഗ്രത പാലിക്കണമെന്നു തന്നെയാണ് അധികാരികളുടെ നിര്‍ദ്ദേശം. രോഗബാധിത മേഖലകള്‍ സന്ദര്‍ശിക്കാതിരിക്കുക രോഗബാധിതരുമായി ഇടപെടാതിരിക്കുക കഴിവതും  ശാരീരിക ശുചിത്ത്വം പരിപാലിച്ചുകൊണ്ടു പൂര്‍ണ്ണ ആരോഗ്യവാനും ആരോഗ്യവതികളുമായി സാധാരണ ജീവിതം അനുഷ്ഠിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category