1 GBP = 102.00 INR                       

BREAKING NEWS

ജിമ്മനും കര്‍ത്താവിന്റെ കുറുകെ ചാട്ടവും: പാര്‍ട്ട് 4

Britishmalayali
ജോജി പോള്‍

നസ്‌തേഷ്യയുടെ ആഴങ്ങളില്‍ നിന്നും മോചിതനായി ഞാന്‍ ജീവനിലേക്ക് തിരിച്ച് വന്നു. കണ്ണ് തുറന്നപ്പോള്‍ ആദ്യം കണ്ടത് ജിമ്മനെ ആയിരുന്നു. ഞാന്‍ കിടന്നിരുന്ന കട്ടിലിനരുകിലെ സ്റ്റൂളിലിരുന്ന് അവന്‍ ഉറങ്ങുന്നു. 

എത്ര മണിക്കൂറുകള്‍ ഞാന്‍ അബോധാവസ്ഥയില്‍ കിടന്നെന്ന് അറിയില്ല. ഇരുളിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് കണ്ട കന്യാസ്ത്രി മുറിയിലേക്ക് കടന്നുവന്നു. എന്റെ വലത് കൈയ്യിലെ സ്ലിങ്ങിലേക്കും, കൈകാലുകളിലെ വെച്ച് കെട്ടിലേക്കും നോക്കി ചിരിച്ചു. 

'എങ്ങനെ ഉണ്ടായിരുന്നു ഉറക്കം?'

സ്വരം കേട്ട് ജിമ്മനുണര്‍ന്നു.

'ഇന്നലെ മുഴുവന്‍ മനുഷ്യനെ വിഷമിപ്പിച്ചു കളഞ്ഞു. മയക്കത്തിലേക്ക് പോകുന്നതിന് മുന്‍പ് വീട് കൂടരഞ്ഞിയിലല്ലേ എന്ന് ചോദിച്ചിട്ട് ഒരൊറ്റ ഉറക്കം. താന്‍ ആരാന്ന് അറിയാണ്ട്, ബോധം തെളിയുന്നതുവരെ ഞാന്‍ ഉറക്കമൊഴിച്ച് കാത്തിരുന്നു. അറിയാവോ തനിക്ക്?'

സിസ്റ്ററിന്റെ സംസാരത്തില്‍ സ്‌നേഹം കലര്‍ന്ന ഒരു പരിഭവം ഉണ്ടായിരുന്നു. അപ്പന്റെ ചികിത്സക്കിടക്ക് എപ്പഴോ സിസ്റ്ററിനെ പരിചയപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരു കിഴക്കന്‍ മലയോര ഗ്രാമമായ കൂടരഞ്ഞിയിലാണ് സിസ്റ്ററിന്റെ വീടെന്നും അറിയാം. 

സിസ്റ്റര്‍ പോകുന്ന പോക്കില്‍ ജിമ്മന് ഒരു ഉപദേശം കൊടുത്തു. 

'കഥകളൊക്കെ കൂട്ടുകാരന്‍ പറഞ്ഞു. ഈ കല്യാണത്തെ കുറിച്ച് ഒന്നു കൂടെ ആലോചിച്ചിട്ട് പോരെ? ഒന്നുമില്ലെങ്കിലും പെണ്ണിന് പത്ത് വയസ്സ് കൂടുതലെന്ന് പറഞ്ഞാല്‍! ഞാന്‍ പറഞ്ഞെന്നേ ഉള്ളൂ. എല്ലാം നിങ്ങളുടെ ഇഷ്ടം.'

ജിമ്മന്‍ കണ്ണുരുട്ടി എന്നെ നോക്കി. ഞാന്‍ അന്ധാളിച്ചു പോയി. ഈ കഥയൊക്കെ ഞാനെപ്പോ പറഞ്ഞു? നിഷേധാര്‍ത്ഥത്തില്‍ ഞാന്‍ ജിമ്മനെ നോക്കി തലയാട്ടി. 

'മയക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ചോദിച്ച  ചോദ്യങ്ങള്‍ക്കെല്ലാം മണി പോലെ ഉത്തരം പറഞ്ഞു. എല്ലാം തമിഴില്‍ ആയിരുന്നതുകൊണ്ട്, തമിഴ് അറിയാവുന്ന ഒരാളെ തപ്പിപിടിച്ച് കൊണ്ടുവരേണ്ടി വന്നു കാര്യങ്ങളൊക്കെ മനസ്സിലാക്കിയെടുക്കാന്‍.'

സിസ്റ്റര്‍ അവസാനത്തെ മത്താപ്പും കത്തിച്ചിട്ട് തിരികെ പോയി. ജിമ്മന്‍ താഴേക്ക് നോക്കി മിണ്ടാതിരുന്നു. 

'ജിമ്മാ, നിനക്കെന്തെങ്കിലും പറ്റിയോ? എങ്ങനെയാ നീയെന്നെ കണ്ടുപിടിച്ചേ? ബൈക്കെന്തിയെ?'

പെണ്ണുകാണല്‍ കഥ മുഴുവന്‍ ഞാന്‍ പാട്ടാക്കിയതിലുള്ള ദേഷ്യം ജിമ്മന് കാണുമെന്നറിയാം. പക്ഷെ, മയക്കത്തില്‍ ആണിതെല്ലം പറഞ്ഞത് എന്നവന് ബോധ്യമായിട്ടുണ്ടാകണം. അതുകൊണ്ട് ഒറ്റ വാചകത്തില്‍ അവന്‍ പ്രതികരിച്ചു. 

'വേഗം റെഡിയായിക്കോ, ഡിസ്ചാര്‍ജ് ചോദിച്ചിട്ടുണ്ട്. വൈകീട്ടത്തെ ഐലണ്ട് എക്‌സ് പ്രസ്സിന് പോണം.'

'ഞാനീ പരുവത്തില്‍ കോയമ്പത്തൂര്‍ വരാനോ? എനിക്ക് വീട്ടില്‍ പോണം. നടക്കാന്‍ പറ്റോന്ന് തന്നെ കണ്ടറിയണം.' 

തൊട്ടടുത്ത് കിടക്കുന്ന വീട്ടില്‍ പോകാതെ കോയമ്പത്തൂര്‍ക്ക് പോയാലുള്ള അവസ്ഥ എനിക്ക് ഊഹിക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. ജിമ്മനെല്ലാം തീരുമാനിച്ച് ഉറപ്പിച്ച് വെച്ചിരിക്കുകയാണ്. 

'ഇന്നത്തെ ഐലന്റില്‍ ചേട്ടനും, കുടുംബവും തൃശ്ശൂര്‍ നിന്നും കയറും. നമ്മള്‍ രണ്ടാളും ചാലക്കുടിയില്‍ നിന്നും. ബൈക്ക്, ഞാന്‍ ട്രെയിനിലെ ലഗേജില്‍ ബുക്ക് ചെയ്തിട്ടുണ്ട്. നമ്മള്‍ കോയമ്പത്തൂരില്‍ ഇറങ്ങുന്നു. ചേട്ടന്റെ കണ്ണില്‍ പെടാതെ എവിടെയെങ്കിലും മാറി നില്‍ക്കും. കുറച്ച് കഴിഞ്ഞ് ബൈക്കുമെടുത്ത് വീട്ടിലേക്ക് ചെല്ലുന്നു.

സിനിമ കണ്ട് വരുന്ന വഴി ബൈക്ക് മറിഞ്ഞ് പരിക്ക് പറ്റിയെന്നും, പൊട്ടിപ്പോയ ഹെഡ് ലൈറ്റും, മറ്റ് പാട്‌സുകളും പിറ്റേന്ന് തന്നെ ശരിയാക്കാമെന്നും ചേട്ടനെ പറഞ്ഞ് ബോധ്യപെടുത്തുന്നു.'

കുറേ പറഞ്ഞ് നോക്കിയെങ്കിലും ജിമ്മന്റെ നിര്‍ബന്ധത്തിനു വഴങ്ങി എനിക്ക് കോയമ്പത്തൂര്‍ക്ക് തന്നെ പോകേണ്ടി വന്നു. 

തിരുവല്ലയിലേക്ക് പോയിട്ടേ ഇല്ല, ബൈക്ക് മറിഞ്ഞത് കോയമ്പത്തൂരില്‍ തന്നെയാണ് എന്നുള്ള കള്ളം സ്ഥാപിക്കണമെങ്കില്‍ എന്റെ വികലാംഗ ശരീരം ചേട്ടന്റെ മുന്‍പില്‍ ജിമ്മന് കാണിക്കേണ്ടതുണ്ട്. 

കോയമ്പത്തൂരില്‍ ട്രെയിനിറങ്ങി, ചേട്ടന്റെ കണ്ണിലൊന്നും പെടാതെ, സെക്കെന്റ് ഷോ സിനിമയുടെ സമയം കഴിയുന്നതുവരെ ഞങ്ങള്‍ റോഡരുകില്‍ കാത്തിരുന്നു. എന്റെ ശരീരമാസകലം വിറക്കാന്‍ തുടങ്ങി. എവിടെയെങ്കിലും ഒന്നു കിടക്കണമെന്ന് തോന്നി.

സമയമായപ്പോള്‍ ഗേറ്റ് തുറന്ന്, വണ്ടി ഉന്തി തള്ളി അകത്തേക്ക് കയറ്റി. ഞാന്‍ വേച്ച് വേച്ച് ഔട്ട് ഹൗസിലേക്ക് പോയി കട്ടിലിലേക്ക് മറിഞ്ഞു. 

രാവിലെ ചായയുമായി വന്ന ജിമ്മന്‍ പറഞ്ഞാണ് അറിഞ്ഞത്, ചേട്ടനും കുടുംബവും ഒരാഴ്ച കഴിഞ്ഞേ നാട്ടില്‍ നിന്നും മടങ്ങുന്നുള്ളൂ എന്നു. ദീപാവലിയുടെ അവധി മുഴുവന്‍ അവര്‍ നാട്ടില്‍ തീര്‍ക്കുകയാണ്. ഐലണ്ട് എക്‌സ് പ്രസ്സിനെ ചെയ്‌സ് ചെയ്തത് വെറുതെ ആയി. 

രണ്ട് മൂന്ന് ദിവസം കൊണ്ട് എന്റെ വികലാംഗ ജീവിതം ദുസ്സഹമായി. അടുക്കളയില്‍ കയറി ശീലമില്ലാത്ത ജിമ്മന് ഒറ്റ കൈയുള്ള ഞാന്‍ പാചകം ചെയ്ത് കൊടുക്കേണ്ട അവസ്ഥയായി. ഹോട്ടലില്‍ നിന്നും വാങ്ങി കൊണ്ടുവരുവാന്‍ കാശുമില്ലാതായി. ആസ്പത്രി ചിലവും, ബൈക്ക് നന്നാക്കിയതും, വഴി ചിലവും എല്ലാം കൂടി എന്റെ ദീപാവലി ബോണസ് കാലിയായി. 

ജോലിയും കൂലിയുമില്ലാത്ത ജിമ്മന്, ആരും കാണാതെ കാമുകി കൊടുത്ത പൈസ കൊണ്ട് ഇതുവരെ ഓടി. 

അവസാനം നാട്ടില്‍ പോകാമെന്ന് ജിമ്മന്‍ തന്നെ സമ്മതിച്ചു. ഒരു തോള്‍ സഞ്ചിയില്‍ അത്യാവശമുള്ള സാധനങ്ങള്‍ ഞാന്‍ നിറച്ചു. അവന്‍ എന്നെയും താങ്ങിയെടുത്ത് തൃശൂര്‍ക്കുള്ള ബസ്സില്‍ കയറ്റി. ചീകിയൊതുക്കാത്ത എന്റെ തലമുടി അങ്ങ് വടക്ക് നിന്നും വീശിയ നീലഗിരി കാറ്റില്‍ പാറി പറന്നു. കൈയ്യിലെ സ്ലിങ്ങും, മുറിവുകളിലെ വെച്ച് കെട്ടുകളുമായി തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ഒരു ഭിക്ഷക്കാരനെ പോലെയായി ഞാന്‍. 

തൃശൂരില്‍ നിന്നും വീട്ടിലേക്കുള്ള ബസ്സില്‍ കയറിയപ്പോള്‍ ജിമ്മന്‍ കൂടെ വരുമെന്ന് പ്രതീക്ഷിച്ചു. 

'ഏയ്, ഇല്ല. ഞാനെന്റെ വീട്ടില്‍ പോവുകയാണ്. പോയിട്ട് അത്യാവശ്യ കാര്യമുണ്ട്.'  

ജിമ്മന്റെ സ്വഭാവം ശരിക്കും അറിയാവുന്നത് കൊണ്ട് ഞാന്‍ പിന്നെ നിര്‍ബന്ധിച്ചില്ല. ബസ്സ് പുറപ്പെടുന്നതിന് മുന്‍പ് ഒരു നൂറ് രൂപാ നോട്ട് അവനെന്റെ കാലിയായ കീശയിലേക്ക് തിരുകി വെച്ചു.

'സോറീടാ, ഞാന്‍ കാരണം, നീ ഈ പരുവത്തിലായി. നിന്റെ കൈയ്യിലെ കാശും തീര്‍ന്നു. ഈയവസ്ഥയില്‍ നിന്റെ അമ്മയുടെ മുന്‍പില്‍ വരാന്‍ എനിക്ക് കഴിയാഞ്ഞിട്ടാ.'

ഞാനവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 

'ഏയ്, അതൊന്നും സാരമില്ല. എന്റെ അമ്മക്കതൊക്കെ മനസ്സിലാവും. നീ വിട്ടൊ. പറ്റുമെങ്കില്‍ ആ ധ്യാനം കൂടാന്‍ നോക്ക്. കര്‍ത്താവ് അന്ന് ബൈക്കിന് കുറുകെ ചാടിയത് വെറുതെയല്ല. പിന്നേം മുന്നോട്ട് പോയിരുന്നെങ്കില്‍ ചിലപ്പോള്‍ നമ്മുടെ അവസ്ഥ വേറെന്തെങ്കിലും ആയിരുന്നേനെ എന്ന് മൂപ്പര്‍ക്ക് മനസ്സിലായിട്ടുണ്ടാകും.'

ജിമ്മനപ്പോഴോന്നു ചിരിച്ചു. തൊട്ടടുത്തിരുന്ന ചെറുക്കന്‍ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി. പിരിയുന്നതിന് മുന്‍പ് ഒരു സത്യം കൂടി ജിമ്മന്‍ പറഞ്ഞു. ഞങ്ങള്‍ പോട്ട ധ്യാന കേന്ദ്രത്തിന് മുന്‍പില്‍ വെച്ച് അപകടത്തില്‍ പെട്ടത് പിറ്റേന്ന് തന്നെ അവന്റെ വീട്ടില്‍ അറിഞ്ഞത്രേ. 

തിരുവല്ലയിലേക്ക് പെണ്ണ് ചോദിക്കാന്‍ പോയതും അവന് പറയേണ്ടി വന്നു. വീട്ടിലേക്കുള്ള യാത്രയില്‍ മുഴുവന്‍ ഞാന്‍ ചിന്തിച്ച് കൊണ്ടിരുന്നത് അതായിരുന്നു. 
ആരായിരിക്കും വീട്ടുകാരെ അറിയിച്ചത്. ചിലപ്പോള്‍ ആ സിസ്റ്റര്‍? അല്ലെങ്കില്‍ സിസ്റ്റര്‍ പറഞ്ഞ ദ്വിഭാക്ഷി? അതുമല്ലെങ്കില്‍ ഞാന്‍ പറഞ്ഞത് കേട്ട മറ്റാരെങ്കിലും? ഒരൂഹവും കിട്ടിയില്ല.

വീട്ടിലേക്കുള്ള ചവിട്ട് പടികള്‍ കയറാനാകാതെ ഞാന്‍ വിഷമിച്ചു. ആരുടെയെങ്കിലും ഒരു സഹായം കിട്ടിയിരുന്നെങ്കില്‍ എന്നുമാഗ്രഹിച്ചു. അമ്മയെ വിളിച്ച് നോക്കാം. 

റോഡരികില്‍ നിന്നുകൊണ്ട് നീട്ടിവിളിച്ചു. തമിഴ് ഭാഷ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നത് കൊണ്ട്, 'അമ്മേ' എന്നതിന് പകരം 'അമ്മാ' എന്നുള്ള   ശബ്ദമാണ് പുറത്ത് വന്നത്. ഇടത് തോളിലെ മാറാപ്പും, വലത് തോളിലെ വെച്ചുകെട്ടും, ഞൊണ്ടി കൊണ്ടുള്ള നടപ്പും എന്നെ ഒരു തെണ്ടിയുടെ രൂപത്തിലാക്കിയിരുന്നു. 

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് പോകുന്നതിന് മുന്‍പായിരുന്നെങ്കില്‍ വീടിനകത്ത് നിന്നും എന്റെ അപ്പന്റെ അലര്‍ച്ച കെട്ടേനെ.

'പോയിട്ട്, ശനി കളമേ വാങ്കോ.'

(അവസാനിച്ചു)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam