ന്യൂഡല്‍ഹി: കൊറോണാ ഭീതിയില്‍ ഇന്ത്യയും. നിപയേയും കൊറോണയേയും അതിജീവിച്ച കേരളാ മോഡലിന്റെ കരുത്തില്‍ കൊറോണയെ നേരിടാനാണ് നീക്കം. അതിനിടെ കോവിഡ് സംശയനിഴലിലുള്ളതു 30,000ത്തോളം പേരാണെന്നത് ആശങ്ക കൂട്ടുന്നു. നിലവില്‍ കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെയും വിമാനത്താവളങ്ങളില്‍ നിന്നു സംശയ സാഹചര്യത്തില്‍ മാറ്റിയവരെയും പ്രത്യേകം പാര്‍പ്പിച്ചാണ് നിരീക്ഷണ വിധേയമാക്കുന്നത്. ഇതില്‍ 27,000 പേരും വിമാനത്താവളങ്ങളില്‍ നടന്ന പരിശോധനയുടെ ഭാഗമായി നിരീക്ഷണ വിധേയമാക്കിയവരാണ്. കേരളത്തില്‍ മൂന്ന് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കേരളം എടുത്ത മുന്‍കരുതലുകളാണ് ഇപ്പോള്‍ രാജ്യവും സ്വീകരിക്കുന്നത്. വൈറസ് ബാധയുള്ള വിമാന യാത്രികരാണ് രോഗം അതിവേഗം പടര്‍ത്തുന്നത്.
കോവിഡ് വൈറസിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും വൈറസ് സ്ഥിരീകരിച്ച 5ല്‍ 4 പേര്‍ക്കും സ്വയം ഭേദമാകുമെന്നും വിലയിരുത്തല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം എത്തിയിട്ടുണ്ട്. വെല്ലൂര്‍ സിഎംസിയിലെ അദ്ധ്യാപികയും ബ്രിട്ടന് റോയല്‍ സൊസൈറ്റി ഓഫ് ലണ്ടനില്‍ ഫെലോ ആയ ആദ്യ ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞയുമായ ഗഗന്‍ദീപ് കാങും കാര്യങ്ങള്‍ വിലയിരുത്തി. ശേഷിക്കുന്ന ഒരാള്‍ക്കു മാത്രമേ ഡോക്ടറെ കാണേണ്ട സാഹചര്യമുണ്ടാകുവെന്നും അവര്‍ പറഞ്ഞു. പനിക്കും ചുമയ്ക്കും നല്കുന്ന പാരസെറ്റമോളിനെക്കാള് കൂടുതലൊന്നും വേണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ വൈറസ് വ്യാപനം തടയേണ്ടതുമുണ്ട്. കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതോടെ ലോകമെങ്ങും കനത്ത ജാഗ്രതയും മുന്‍കരുതലും. 87 രാജ്യങ്ങളിലായി മൊത്തം രോഗബാധിതര്‍ 96,979 ആയി. ഇതില്‍ 3311 പേര് മരിച്ചു. ഇന്നലെ 55 പേരാണു മരിച്ചത്. ഇന്ത്യയില്‍ 30 പേരിലാണ് വൈറസ് ബാധയുള്ളത്
ഇന്ത്യാക്കാര്‍ക്ക് പുറമേയാണ് ഇറ്റലിയില്‍ നിന്നുള്ള 16 വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഴുവന്‍ വിമാന യാത്രക്കാരെയും പരിശോധനയ്ക്കു വിധേയരാക്കുകയാണ്. ഇതിനായി കൂടുതല്‍ ജീവനക്കാരെയും സാങ്കേതിക സൗകര്യങ്ങളും വൈകാതെയെത്തും. ദിവസേന കാല്‍ലക്ഷത്തോളം പേരെത്തുന്ന ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്കൊപ്പം തന്നെ ആരോഗ്യ പരിശോധനയും ഉറപ്പാക്കും. നിലവില്‍ ഇവിടെ 6000ത്തോളം പേരെ പരിശോധിക്കുന്നുണ്ട്. സംശയ സാഹചര്യത്തിലുള്ള 12 രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്തില്‍നിന്നു പുറത്തുവരുമ്പോള്‍ തന്നെ പരിശോധിക്കും. സിക്കിം വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.
അല്ലാത്തവരെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇറങ്ങുന്നതിനു തൊട്ടു മുന്‍പും. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരാണെങ്കില് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്ഗനൈസേഷന് ആശുപത്രിയിലോ ഡല്‍ഹിയിലെ ആര്‍എംഎല്‍, സഫ്ദര്‍ജങ് ആശുപത്രികളിലേക്കോ മാറ്റും. ഡല്‍ഹിക്കു പുറമേ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെ എത്തുന്നവരിലാണു പ്രധാന ശ്രദ്ധ. 21 വിമാനത്താവളങ്ങളിലായി ഇതേവരെ 5.89 ലക്ഷം പേരെ പരിശോധിച്ചു. തുറമുഖങ്ങള്‍ വഴിയെത്തിയ 15,000 പേരെയും പരിശോധിച്ചു.
കപ്പലുകളിലും നിരീക്ഷണം
ചൈനയിലടക്കം കോവിഡ് പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ കപ്പലുകളിലെ ജീവനക്കാരും യാത്രക്കാരും അടക്കം 16,076 പേരെ ഇന്ത്യന്‍ തീരത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ലെന്നു കേന്ദ്ര തുറമുഖ മന്ത്രാലയം അറിയിച്ചു. അതേസമയം, അവര്‍ക്കാവശ്യമായ മറ്റെല്ലാ സഹായങ്ങളും ചെയ്തു നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം 452 കപ്പലുകളോടും നിശ്ചിത സ്ഥലങ്ങളില്‍ നങ്കൂരമിടാനാണ് നിര്‍ദ്ദേശിച്ചത്.
ബത്ലഹമിലെ തിരുപ്പിറവി ദേവാലയം അടച്ചു. വെസ്റ്റ് ബാങ്കിലെ ഹോട്ടലുകളില്‍ താമസവിലക്ക്. മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളും മറ്റു സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് അനുവദിക്കാന്‍ നീക്കം. ഇറാഖിലെ ഷിയ വിശുദ്ധനഗരമായ കര്‍ബലയില്‍ വെള്ളിയാഴ്ച നമസ്കാരം (ജുമുഅ) റദ്ദാക്കി. ഗള്‍ഫിലും ജുമുഅ നമസ്കാരത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ നിര്‍ദ്ദേശം.
ഇന്ത്യയില്‍ ഒരാള്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. 16 ഇറ്റലിക്കാര്‍ ഉള്‍പ്പെടെ മൊത്തം രോഗം ബാധിച്ചവര്‍ 30. ഇതില്‍ 3 പേര് (കേരളം) രോഗമുക്തര്‍. എല്ലാ സംസ്ഥാനങ്ങളിലും ദ്രുതപ്രതികരണ സേന ഉണ്ടാക്കി. ജില്ലാ, ബ്ലോക്ക്, ഗ്രാമ തലങ്ങളിലും ഇത്തരം സേനകള്‍ പ്രവര്‍ത്തിക്കും. ഡല്‍ഹിയില്‍ പ്രൈമറി സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചു. രാഷ്ട്രപതിഭവനിലെ മുഗള്‍ ഉദ്യാനം നാളെ അടയ്ക്കും. ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം ബയോമെട്രിക് ഹാജര്‍ സംവിധാനം നിര്‍ത്തി.
കായികതാരങ്ങള്‍ പരസ്പരം കൈകൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. വീസ നിയന്ത്രണത്തിനു പുറമേ, ഇന്ത്യയിലെത്തുന്നവര്‍ കോവിഡ് ബാധയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങള്‍ സന്ദര്ശിച്ചെത്തുന്നവര്ക്കാണിത്. ഈ മാസം 10 മുതല്‍ പ്രാബല്യത്തിലാകും.
വൈറസ് ബാധ, ചികിത്സ എന്നിവയെക്കുറിച്ചു വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അച്ചടി, ദൃശ്യമാധ്യമങ്ങളിലൂടെ നല്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കുക. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും.
സ്വിറ്റ്സര്‍ലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും ആദ്യമരണം
രോഗ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്നവര്‍ക്ക് സൗദി അറേബ്യയില്‍ രണ്ടാഴ്ചത്തെ പ്രവേശനവിലക്ക് ഉണ്ട്. ജിദ്ദ ഫിലിം ഫെസ്റ്റിവല്‍, റിയാദ് സംഗീതോത്സവം എന്നിവ റദ്ദാക്കി. ഗള്‍ഫിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ കുര്‍ബാന നല്കുന്നവര് അണുനാശിനി ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. കുര്‍ബാന കൈകളില്‍ സ്വീകരിക്കണം. ദേവാലയ വാതിലുകളില്‍ വിശുദ്ധജലം സൂക്ഷിക്കരുത്.
വടക്കന്‍ ഇറ്റലിയിലെ പള്ളികളില്‍ തിങ്കള്‍ മുതല്‍ ശനി വരെ ദിവസങ്ങളിലെ കുര്‍ബാന റദ്ദാക്കി. ഞായര്‍ കുര്‍ബാനയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. 15 വരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു. യുഎസില്‍ ഒരു മരണം കൂടി സംഭവിച്ചു. ഇതോടെ അമേരിക്കയില്‍ മൊത്തം മരണം 11 ആയി. വാഷിങ്ടന്‍, ഫ്ളോറിഡ സംസ്ഥാനങ്ങള്‍ക്കു പുറമേ കലിഫോര്‍ണിയയിലും ഹവായിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും ആദ്യമരണം.
അതിനിടെ ലോകമെങ്ങും രോഗം ബാധിച്ച 96,979 പേരില്‍ 53,983 പേര് രോഗമുക്തരായി എന്നത് പ്രതീക്ഷയാണ്. മരണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇറ്റലി ഉള്‍പ്പെടെ 48 രാജ്യങ്ങളില്‍ ഇന്നലെ ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
യുഎയില്‍ ജുമുഅ നമസ്കാരം 10 മിനിറ്റില്‍ അവസാനിപ്പിക്കും
യുഎഇയില്‍ നാളത്തെ വെള്ളിയാഴ്ചത്തെ (6) ജുമുഅ നമസ്കാരം 10 മിനിറ്റില്‍ അവസാനിപ്പിക്കാന്‍ ജനറല്‍ അഥോറിറ്റി ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ്സ് പള്ളികളിലെ ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഖുര്‍ആനിന്റെ രണ്ട് ഖണ്ഡങ്ങള്‍ മാത്രമേ ഇമാമുമാര്‍ പാരായണം ചെയ്യേണ്ടതുള്ളൂ. പ്രാര്‍ത്ഥന ചുരുക്കുകയും തങ്ങള്‍ക്ക് ലഭിച്ച പ്രസംഗം മാത്രം വായിക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.
കോവിഡ്19നെ നേരിടുന്നതിന് ശക്തമായ നീക്കങ്ങളാണ് യുഎഇ നടത്തുന്നത്. കുട്ടികളും പ്രായമേറിയവരും പ്രാര്‍ത്ഥനയ്ക്ക് പള്ളിയില്‍ പോകേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം യുഎഇയില്‍ മതവിധി വന്നിരുന്നു. പൊതു ആരോഗ്യ സുരക്ഷ പരിഗണിച്ച് രാജ്യത്തെ എല്ലാ കാര്യാലയങ്ങളും കോവിഡ് വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ഫത്വാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു പള്ളിയില്‍ പോകുന്നവര്‍ക്ക് ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളും പുറത്തുവിട്ടു. ആരോഗ്യ മന്ത്രാലയം സാമൂഹിക സുരക്ഷാ വകുപ്പിലെ ഡോ. ആദില്‍ സഈദ് സജ് വാനിയാണ് ഈ ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
കുവൈത്ത് യാത്രയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട
കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി വ്യാഴാഴ്ച ചേര്‍ന്ന അടിയന്തിര ക്യാബിനറ്റ് യോഗം റദ്ദാക്കി. ഇന്ത്യയിലെ കുവൈത്ത് എംബസ്സി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനയച്ച കത്തിന്റെ ഫലമായിട്ടാണ് ക്യാബിനെറ്റിന്റ തീരുമാനം.
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദ്ദം പരിഗണിച്ചാണ് അടിയന്തിര ക്യാബിനറ്റ് യോഗം ചേര്‍ന്ന് തീരുമാനം കൈകൊണ്ടത്.
കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കൊറോണ വൈറസ് മുക്ത സാക്ഷ്യ പത്രം നിര്‍ബന്ധമാക്കിയ നടപടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കുവൈത്ത് എംബസി വിദേശകാര്യ മന്ത്രാലയം വഴി ആരോഗ്യമന്ത്രാലയത്തിനു കത്തയച്ചിരുന്നു. അവധിക്ക് പോയിട്ടുള്ള മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ക്ക് ക്യാബിനെറ്റിന്റ തീരുമാനം വലിയ ആശ്വാസമാകും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ