1 GBP = 92.50 INR                       

BREAKING NEWS

അനുദിനം പരിണമിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ വൈവിധ്യമേറിയ മനുഷ്യര്‍ക്ക് നിരന്തരമായി പ്രവര്‍ത്തിക്കുവാനും ജീവിത ലക്ഷ്യങ്ങള്‍ നേടുവാനുമുള്ള വേദികളാണ് വൈവിധ്യം നിറഞ്ഞ സമൂഹങ്ങള്‍

Britishmalayali
റോയ് സ്റ്റീഫന്‍

രിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ വിശേഷിപ്പിക്കുന്നത് 'ലോകത്തിനെ അതിജീവിക്കുവാന്‍ പോകുന്നവര്‍ ഏറ്റവും ശക്തനോ ബുദ്ധിമാനോ അല്ല, പകരം ജീവിതത്തില്‍ അനുദിനമുണ്ടാകുന്ന മാറ്റങ്ങളെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുവാന്‍ കഴിയുന്നവരാണ്'. അതോടൊപ്പം പരിണാമ സിദ്ധാന്തത്തില്‍ പ്രതിപാദിച്ചിരിക്കുന്ന 'ഏറ്റവും ശക്തമായത് അതിജീവിക്കുമെന്നു തന്നെയാണ് എന്നാല്‍ സാമൂഹിക ജീവിവര്‍ഗങ്ങളിലെ ഏറ്റവും ശക്തമായ ഘടകം ഏറ്റവും അധികം സാമൂഹികമായി ജീവിക്കുന്നവയുമാണെന്നാണ്. യുക്തിക്ക് നിരക്കാത്തതായി അനുഭവപ്പെട്ടാലും ഭൂരിഭാഗം മനുഷ്യരും അംഗീകരിച്ചാലും ഇല്ലെങ്കിലും മനുഷ്യരായ എല്ലാവരുടെയും ജീവിതം ചാക്രികമാണ്. ലോകത്തിലുള്ള ജീവനുള്ളതും, ശ്വസിക്കുന്നതുമായ എല്ലാ ജീവികളുടെ ജീവിതംപോലെ.

സുഖദുഃഖങ്ങളുടെ സമ്മിശ്രം തന്നെയാണ് സാധാരണ ജീവിതം, സ്വാഭാവികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യക്തികള്‍ എന്നും ഒരേ അവസ്ഥയില്‍  വളര്‍ന്നുകൊണ്ടിരിക്കുകയില്ല. പകരം എല്ലായ്‌പ്പോഴും മുകളിലേക്കുള്ള പടികള്‍ മാത്രമല്ല കയറുന്നത്. ചില അവസരങ്ങളില്‍ താഴേയ്ക്കും ഇറങ്ങുന്നവരാണ് അതുപോലെ തന്നെ ആരും കുത്തനെ ഇറങ്ങുന്നില്ല. പകരം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ മാറിമാറി വരുന്ന ജീവിത സാഹചര്യങ്ങളെ വ്യക്തികള്‍ ഉള്‍ക്കൊള്ളുകയും അതോടൊപ്പം അംഗീകരിക്കുകയും ചെയ്തുകൊണ്ട് തങ്ങളുടെ അനുദിന ജീവിതത്തെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി പരിഷ്‌കരിച്ചു ജീവിക്കുമ്പോള്‍ മാത്രമാണ് കൂടുതലും വിജയങ്ങള്‍ നേടുവാന്‍ സാധിക്കുന്നത്.

ഇരുപതു വര്‍ഷത്തില്‍ അധികമായി മലയാളികളുടെ യുകെയിലേക്കുള്ള കുടിയേറ്റം തുടങ്ങിയിട്ട് അതിനെത്തുടര്‍ന്ന് ഈ അടുത്ത നാളുകളില്‍ വീണ്ടും പുതിയതായി മലയാളി കുടുബങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. ആദ്യകാലങ്ങളില്‍ കുടിയേറിയ ഭൂരിഭാഗം വ്യക്തികളും തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ കേരളത്തില്‍ ധാരാളം നിക്ഷേപങ്ങള്‍ നടത്തിയിരുന്നെങ്കിലും ഭാരതത്തില്‍ മാറിമാറി വരുന്ന നിയമങ്ങളും സാമ്പത്തിക വ്യവസ്ഥിതിയും പ്രവാസികള്‍ക്ക് എത്രത്തോളം അനുയോജ്യമാണെന്ന് ആശങ്ക ജനിപ്പിച്ചിരുന്നതിനാല്‍ പലരുടെയും നിക്ഷേപങ്ങള്‍ തിരിച്ചു യുകെയിലേയ്ക്ക് തന്നെ തിരികെയെത്തുന്നതായി വ്യക്തികളില്‍ നിന്നും മനസിലാകുന്നത്. അതായത് കേരളമുള്‍പ്പെടുന്ന ഭാരതത്തിലെങ്ങും ഇനിയുള്ള കാലങ്ങളില്‍ വലിയ നിക്ഷേപ സാധ്യതകള്‍ പ്രത്യക്ഷത്തില്‍ കാണുന്നില്ല.

നിലവിലെ അരക്ഷിതാവസ്ഥകള്‍ ഉള്‍പ്പെടുന്ന സാമൂഹിക രാഷ്ട്രീയ ഘടകങ്ങളും വരും കാലങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുവാനുള്ള സാദ്ധ്യതകള്‍ ആശങ്കകളായി  പലരും അന്യോന്യം പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും സംസ്ഥാനവും കേന്ദ്ര സര്‍ക്കാരുകളും പ്രവാസികളെ നിക്ഷേപത്തിന് അനുദിനം അനുനയിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. വികസിത രാജ്യങ്ങളിലെ സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നവര്‍ വീണ്ടും അത്രത്തോളം വികസനമില്ലാത്ത രാജ്യങ്ങളില്‍ ജീവിക്കുവാന്‍ വൈമനസ്യം കാണിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെവരുമ്പോള്‍ പ്രവാസികളായ ഓരോ വ്യക്തികളിലും ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്. യുകെയിലെ പുതിയ സാമൂഹികജീവിത രീതികളോട് ഇഴുകിച്ചേര്‍ന്ന വ്യക്തികള്‍ക്ക് വീണ്ടും ഒരു പറിച്ചുനടീല്‍ ബുദ്ധിമുട്ടായി മറുവാനാണ് സാധ്യത.

ലോകത്തില്‍ നിലവിലുള്ള വിവിധ മതവിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും മനുഷ്യജീവിതത്തിലെ പരമപ്രധാന ലക്ഷ്യത്തിലെത്തിച്ചേരുന്നതിനെയാണ് പ്രഘോഷിക്കുന്നത്. ആ ലക്ഷ്യത്തില്‍ എത്തിച്ചേരുവാനായി ജീവിച്ചിരിക്കുന്ന ഓരോ വ്യക്തികളും അനുദിനമനുഷ്ഠിക്കേണ്ട കടമകളെയും നിഷ്‌കര്‍ക്കുന്നുണ്ട്. ഭാഷയിലും പ്രവര്‍ത്തനശൈലികളിലും ആചാരാനുഷ്ടാനങ്ങളിലും വ്യത്യാസമുണ്ടെങ്കിലും പൊതുവെ രണ്ടുകാര്യങ്ങള്‍ മാത്രമാണ് എല്ലാ മതങ്ങളും നിഷ്‌കര്‍ഷിക്കുന്നത്. ഒന്ന് പരസഹായമില്ലാതെയും മറ്റൊരാളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാതെ അധ്വാനിച്ചു ജീവിക്കുക.

രണ്ട് അദൃശ്യശക്തിയാണെങ്കിലും പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുക. ഭാരതത്തിലെ പൗരാണിക ജീവിത രീതികള്‍ ഉള്‍കൊള്ളുന്ന വേദതത്വചിന്തകള്‍ അനുശാസിക്കുന്നത് ഓരോ മനുഷ്യ ജീവിതത്തിനും ഒരു നിശ്ചിത ലക്ഷ്യമുണ്ട് എന്ന് തന്നെയാണ്. അതോടൊപ്പം ഓരോ ജീവിതത്തിന്റെയും പരമപ്രധാനമായ മോക്ഷം പ്രാപിക്കുന്നതിന് മറ്റ് മൂന്ന് ലക്ഷ്യങ്ങള്‍ കൂടി വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്യണം.

പ്രാഥമികമായും ധര്‍മ്മം അനുഷ്ഠിക്കുകയെന്നതാണ്, ഓരോ വ്യക്തികള്‍ക്കും തങ്ങളോടും മറ്റുള്ളവരോടും സമൂഹത്തിനോടും അതിലെല്ലാമുപരി പ്രപഞ്ച സൃഷ്ടാവിനോടുമുള്ള ഉത്തരവാദിത്ത്വങ്ങള്‍ അണുവിടപോലും വ്യതിചലിക്കാതെ പൂര്‍ത്തിയാക്കുക. രണ്ടാമതായി സമ്പത്തും ഐശ്വര്യവും ഉള്‍പ്പെടുന്ന സമൃദ്ധമായ പ്രായോഗികമായ ജീവിതമാണ്. പ്രഥമ ലക്ഷ്യത്തിലൂന്നിയ ധര്‍മ്മാധിഷ്ഠിതമായ ധനസമ്പാദനം തന്നെയാണ് ഓരോ വ്യക്തികളും അവലംബിക്കേണ്ടത്. എല്ലാക്കാര്യങ്ങളിലും പൂര്‍ണ്ണമായ വിജ്ഞാനത്തോടൊപ്പം ശാരീരികവും മാനസികവുമായ ആരോഗ്യവും. സ്വന്തം ജീവിത്തിലുള്ള പൂര്‍ണ്ണമായ സംത്യപ്തിയും സന്തോഷവും സമാധാനവും ഉള്‍ക്കൊള്ളുന്ന സമ്പത്തും നേടുകയെന്നത്. അനര്‍ഹമായ യാതൊന്നു സമ്പാദിക്കാതെയുള്ള ജീവിതരീതികള്‍.

മൂന്നാമതായി പൂര്‍ണ്ണമായും പ്രത്യുല്‍പാദനം മാത്രം ലക്ഷ്യമിട്ടുള്ള ലൈംഗീക മോഹങ്ങളും ചിന്തകളും. മനസിന്റെ അനിയന്ത്രികകരമായ ആസക്തികളെയും ആഗ്രഹങ്ങളെയും കടിഞ്ഞാണിടുവാനുള്ള കഴിവുണ്ടാവുണ്ടാക്കിയെടുക്കുക. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ചു മനുഷ്യര്‍ എല്ലാ അര്‍ത്ഥത്തിലും അതുല്യരാണ്. മനുഷ്യര്‍ക്ക് മാത്രമാണ് പഞ്ചേന്ദ്രിയങ്ങളുടെ മേല്‍ അധികാരമുള്ളത്, അവയെ ആവശ്യാനുസരണം നിയന്ത്രിക്കുവാന്‍ കഴിവുള്ളത്. സാധാരണക്കാര്‍ക്ക് മോക്ഷപ്രാപ്തി ഒരിക്കലും അപ്രാപ്യമല്ലായെന്നുതന്നെയാണ് വേദങ്ങള്‍ വിശദീകരിക്കുന്നത്. ജീവിതത്തിലുടനീളം വിശ്രമമില്ലാതെ അധ്വാനിച്ചുകൊണ്ട്, ജീവിതത്തില്‍ ലഭിച്ചിരിക്കുന്ന എല്ലാ നന്മകളും സങ്കടങ്ങളും ക്ലേശങ്ങളും മടികൂടാതെ ചുമലിലേറ്റി മുഴുവന്‍ ജീവിതവും ജീവിച്ചു തീര്‍ക്കുന്ന ഓരോ വ്യക്തിക്കും മോക്ഷപ്രാപ്തി തീര്‍ച്ചയായും ഉണ്ടാവും എന്ന് പ്രത്യാശിക്കണം.

മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ജോലി സാധ്യതകളും തേടി യുകെയിലെത്തിയ എല്ലാ വ്യക്തികളും തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വൈവിധ്യത നിറഞ്ഞ അവസരങ്ങള്‍ അവരോരുത്തരുടേയും ജീവിതവിജയത്തിനായി ഉപയോഗിക്കണം. ലോകജനസംഖ്യ വര്‍ധിക്കുന്നതിനോടൊപ്പം ലോകം മാത്രം വളരുന്നുമില്ല ലോകത്തിലുള്ള വിഭവങ്ങളും വര്‍ധിക്കുന്നുമില്ല. പകരം വളരെ പരിമിതമായിട്ടുള്ള പ്രകൃതിയുടെ വിഭവങ്ങള്‍ക്കായി മനുഷ്യരും മറ്റെല്ലാ ജീവികളും അന്യോന്യം മത്സരിക്കുകയാണ്. ഈ കൃത്രിമമായ മത്സരം ലോകത്തിനെ തികച്ചും അസന്തുലിതാവസ്ഥയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുമ്പോള്‍ നഷ്ടം എന്നും മനുഷ്യകുലത്തിന് മാത്രമാണ്.

കാരണം മനുഷ്യനാണ് ഏറ്റവും ശ്രേഷ്ഠ സൃഷ്ടിയെന്നുള്ള സങ്കല്‍പ്പവും, മറ്റെല്ലാ സൃഷ്ടികളും മനുഷ്യജീവിതത്തിന് താങ്ങാകുവാനുമെന്നുള്ള സങ്കല്‍പവുമാണ് തകരുന്നത്. ചെറിയ ക്‌ളാസുകളില്‍ ശാസ്ത്രം പഠിക്കുവാന്‍ തുടങ്ങുന്ന കുഞ്ഞുകുട്ടികള്‍ക്ക് പോലും മനസ്സിലാകുന്നുണ്ട് സാധാരണ തേനീച്ചയില്ലെങ്കില്‍ ചെടികളില്‍  പരാഗണം നടക്കുകയില്ലായെന്നും ആവശ്യമായ പരാഗണം നടന്നില്ലെങ്കില്‍ നൂറുമേനി വിളവു ലഭിക്കുകയില്ലായെന്നും വിളവുകള്‍ നല്‍കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍  ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ ഭൂമിയില്‍ മനുഷ്യ ജീവിതം ദുസ്സഹമായിത്തീരുമെന്നും.

ഭൂമിയിലേ സൃഷ്ടിജാലങ്ങളില്‍ ഏറ്റവും ചെറുതെന്നു വിശേഷിപ്പിക്കുന്ന തേനീച്ചയെന്ന പ്രാണിയുടെ അനുദിന പ്രവര്‍ത്തനം നിലനിന്നുപോയാലുള്ള ഭവിഷ്യത്തുകള്‍ ഇതാണെങ്കില്‍ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി അതായത് മനുഷ്യന്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ഭൂമിയിലെ സകല ചരാചരങ്ങളുടെയും ജീവിതം തന്നെ നശിച്ചുപോകും. ചുരുക്കത്തില്‍ ഈ ലോകത്തിലുള്ള ഓരോ മനുഷ്യന്റെയും അനുദിനമായ പ്രവര്‍ത്തനം മാത്രമാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നത്. ഏകദേശം മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് ഭൂമിയിലെ മനുഷ്യവാസമെങ്കിലും. നാലര ബില്യണ്‍ പഴക്കമുള്ള ഭൂമിയില്‍ പരസ്പര സഹകരണത്തോടുള്ള മനുഷ്യവാസം തുടങ്ങിയിട്ട് ഇപ്പോള്‍ ഏകദേശം അന്‍പതിനായിരം വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.

അറുപത് അല്ലെങ്കില്‍ എഴുപത് അതുമല്ലെങ്കില്‍ എണ്‍പതു വയസു മാത്രം ശരാശരി ആയുസുള്ള സാധാരണ മനുഷ്യരില്‍ വളരെ കുറച്ചു ശതമാനം വ്യക്തികള്‍ മാത്രമാണ് മനുഷ്യകുലത്തിന്റെ ഉത്ഭവത്തെപ്പറ്റിയും വളര്‍ച്ചയെപ്പറ്റിയും വികസനത്തെപ്പറ്റിയും ചിന്തിക്കുകയും അവര്‍ക്കുതകുന്ന രീതിയില്‍ സംഭാവനകള്‍ ചെയ്യുകയും ചെയ്യുന്നുള്ളൂ. ഭൂരിഭാഗം മനുഷ്യരും അവരോരുത്തരുടേയും അന്നത്തെ ഭാരം മാത്രം ചുമക്കുന്നു. അവരുടെ വര്‍ത്തമാനങ്ങളില്‍ മാത്രം ജീവിക്കുന്നു. എന്നാല്‍ നാലര ബില്യണ്‍ പഴക്കമുള്ള ഈ ഭൂമിയില്‍ ഇനിയും ധാരാളം മനുഷ്യര്‍ ജന്മമെടുക്കുവാനുണ്ട്, അവര്‍ക്കുവേണ്ടി നിലവിലുള്ള ജീവിതവും വികസനങ്ങളും സംരക്ഷിക്കുകയും ഈ ഭൂമിയെ അതിന്റെ പൂര്‍ണ്ണ സ്വാഭാവികതയോടെ ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്യണം. അതിനാവശ്യം ജാതി മത വ്യവസ്ഥിതികള്‍ക്കപ്പുറം രാജ്യങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കുമപ്പുറമുള്ള ഓരോ മനുഷ്യന്റെയും സഹകരണം മാത്രം.

പ്രാചീന മനുഷ്യനില്‍ നിന്നും ആധുനിക മനുഷ്യനിലേയ്ക്ക് പരിവര്‍ത്തനം ചെയ്തുയെന്ന് വിശ്വസിക്കുമ്പോഴും, മനുഷ്യന്‍ സാമൂഹിക ജീവിയാണെന്ന് ആവര്‍ത്തിച്ചു പ്രസ്ഥാപിക്കുമ്പോഴും തങ്ങളില്‍ വലിയവനും ചെറിയവനും ആരാണെന്ന് തിരിച്ചറിയുവാനുള്ള മത്സരമാണ് ലോകത്തിങ്ങോളമിങ്ങോളം മനുഷ്യന്‍ അന്യോന്യം അനുദിനം നടത്തിക്കൊണ്ടിരിക്കുന്നത്. ചിലയിടങ്ങളില്‍ മതങ്ങളുടെ പേരില്‍ അന്യോന്യം നശിപ്പിക്കുമ്പോള്‍ മറ്റുള്ള സ്ഥലങ്ങളില്‍ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലും വ്യക്തിത്ത്വങ്ങളും വ്യക്തിബന്ധങ്ങളും തമ്മിലുള്ള തമ്മിലുള്ള മത്സരവുമാണ്.

തങ്ങളിലാരാണ് കേമനെന്ന് വരുത്തിത്തീര്‍ക്കുവാന്‍ മറ്റുള്ളവരുടെ മേല്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക. അതോടൊപ്പം സമൂഹത്തില്‍ നിരന്തരം അവഹേളിക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുക. രണ്ടുപേര്‍ കൂടുന്നിടത്തു മറ്റുള്ളവരുടെ നന്മയെക്കാളുപരി തിന്മകള്‍ സ്ഥാപിച്ചെടുക്കുകയും കൊള്ളരുതാത്തവരായി ചിത്രീകരിക്കുകയും ചെയ്യുക. ഇതെല്ലാം സാധാരണക്കാരായവരുടെ സ്വഭാവമാണ് അതായത് അന്നന്നത്തേയ്ക്കു വേണ്ടി മാത്രം ജീവിക്കുന്ന വ്യക്തികളുടെ സ്വഭാവം. സ്വന്തമായ യാതൊരു തത്ത്വങ്ങളില്ലാത്തവരുടെയും ജീവിതമൂല്യങ്ങളില്ലാത്തവരുടെയും സ്വഭാവരീതികള്‍.

വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും ഇതുപോലുള്ള അന്യോന്യ മത്സരവും ജീവിത രീതികളും നിലനില്‍ക്കുന്നിടത്തോളം കാലം വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തിന്റെ പരമപ്രധാനമായ ജീവിതലക്ഷ്യം നേടുവാന്‍ സാധിക്കില്ല. മതാധിഷ്ഠിതമായ ചിന്താഗതികള്‍ പുലര്‍ത്തിയത് കൊണ്ട് മാത്രം ആരും മോക്ഷപ്രാപ്തിയ്ക്ക് യോഗ്യരായി മാറുന്നില്ല എന്നാല്‍ ഓരോ വ്യക്തികള്‍ക്കും ലഭിച്ചിരിക്കുന്ന കഴിവുകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സഹകരണം ഉറപ്പുവരുത്തിക്കൊണ്ട് മോക്ഷപ്രാപ്തിയ്ക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കണം, കാലോചിതമായ പ്രവര്‍ത്തനങ്ങള്‍. അതായത് വ്യക്തിപരമായും സാമൂഹികപരമായും എല്ലാ നേട്ടങ്ങളും കരസ്ഥമാക്കണമെങ്കില്‍ മനുഷ്യര്‍ തമ്മില്‍ അന്യോന്യമുള്ള മത്സരം ഒഴിവാക്കിക്കൊണ്ട് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കണം.

വെറും പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള സ്വീഡനിലെ ഗ്രെറ്റ തൂണ്‍ബെര്‍ഗിന് അന്യോന്യം മത്സരിക്കുന്ന ലോക നേതൃത്ത്വത്തിനെ സ്വാധീനിച്ചുകൊണ്ട് ഭൂമിയുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുവാന്‍ സാധിച്ചെങ്കില്‍ ഒരേ ഭാഷ സംസാരിക്കുന്ന മലയാളികള്‍ക്ക് ഒരുമിച്ചു നിന്നുകൊണ്ട് പ്രവര്‍ത്തിക്കുവാനും വളരുവാനും സാധിക്കും, പ്രത്യേകിച്ചും നിലവില്‍ ധാരാളം അവസരങ്ങളുള്ള സൂര്യനസ്തമിക്കാത്ത ഈ സാമ്രാജ്യത്തില്‍ സാമൂഹിക ജീവിയായ മനുഷ്യര്‍ ഈ അധുനിക യുഗത്തില്‍ ഇതുവരെ നേടിയതെല്ലാം ഒരുമിച്ചു പ്രവര്‍ത്തിച്ചതുകൊണ്ടു മാത്രമാണ്.

വ്യക്തികളിലാണെങ്കിലും സമൂഹങ്ങളിലാണെങ്കിലും ജീവിതവിജയം നേടുന്നത് ക്ഷണിക നേരത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടല്ല പകരം ഗ്രെറ്റ തൂണ്‍ബെര്‍ഗിനെപ്പോലെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രമാണ്. സമൂഹത്തില്‍ വേറിട്ട ചിന്താഗതികളും ജീവിത രീതികളുമുള്ള വ്യക്തികള്‍ മാത്രമാണ് നിലവിലുള്ളത് എന്നാല്‍ അവരെയെല്ലാം ഒരുമിപ്പിക്കുവാന്‍ സാധിക്കും നിരന്തരമായ ആശയവിനിമയത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category