1 GBP = 92.50 INR                       

BREAKING NEWS

റെജിയുടെ മുഖത്തെ ആ പുഞ്ചിരിക്കു കാരണം ടെല്‍ഫോര്‍ഡിലെ ഈ കുഞ്ഞുങ്ങള്‍; അച്ഛന്റെ കൂട്ടുകാരനെ സഹായിക്കാന്‍ മൂന്നു മലകള്‍ താണ്ടി സമാഹരിച്ചത് 1000 പൗണ്ട്!

Britishmalayali
kz´wteJI³

പിതാവിന്റെ രോഗിയും നിര്‍ധനനുമായ നാട്ടിലെ സഹപാഠിയ്ക്ക് വേണ്ടി ബ്രിട്ടനിലെ മൂന്ന് മലകള്‍ കയറി ആറു വയസ്സുകാരന്‍. ടെല്‍ഫോര്‍ഡ് മലയാളിയായ ജോണ്‍സിയുടെ മൂന്നു മക്കളില്‍ ഇളയവനായ ജെയ്ഡന്‍ ആണ് മൂന്നു മലകള്‍ കയറിയിറങ്ങി കാരുണ്യത്തിന്റെ കഥ ലോകത്തിനു തന്നെ പറഞ്ഞു കൊടുത്തത്. ജെയ്ഡണിനൊപ്പം മല കയറാന്‍ രണ്ടു ചേട്ടന്മാരും പിതാവും ഒപ്പം ചേര്‍ന്നപ്പോള്‍ 1013.75 പൗണ്ടാണ് ജോണ്‍സിയും കുട്ടികളും ചേര്‍ന്ന് സമാഹരിച്ചത്. ഇതില്‍ 37.57 പൗണ്ട് വിര്‍ജിന്‍ മണിയുടെ കമ്മീഷനായി പോയതിനു ശേഷമുള്ള 976.18 ന്റെ കൂടെ ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടില്‍ നിന്നും 23.82 പൗണ്ട് കൂടി ചേര്‍ത്ത് 1000 പൗണ്ടെന്ന തുക നല്‍കുകയായിരുന്നു.

പിതാവ് ജോണ്‍സിയില്‍ നിന്നുമാണ് സുഹൃത്തായ കോട്ടയം മണിമല സ്വദേശി റെജിയുടെ ജീവിത ദുരിതങ്ങള്‍ ജെയ്‌സണ്‍ അറിയുന്നത്. മാത്രമല്ല, നാട്ടില്‍ അവധിയ്ക്ക് പോകുമ്പോള്‍ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ നേരിട്ടു കാണുകയും ചെയ്തു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, വിവിധ രോഗത്താലും സാമ്പത്തിക ക്ലേശത്തിലും നട്ടം തിരിയുന്ന റെജിയെയും കുടുംബത്തെയും സഹായിക്കുവാന്‍ തനിക്കും ത്രീ പീക് ചെയ്യണമെന്ന ആഗ്രഹം പിതാവിനെയും സഹോരങ്ങളെയും അറിയിച്ചു.

തീരെ കുഞ്ഞുകുട്ടികളായ ജെയ്ഡന്റെ ആവശ്യത്തിന് മുമ്പില്‍ ആദ്യം അമ്പരന്നു പോയെങ്കിലും അവന്റെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ക്രമേണ മറ്റ് കുടുംബാംഗങ്ങള്‍ക്ക് കീഴടങ്ങേണ്ടി വന്നു. 2018ല്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ത്രീപീക് ചലഞ്ച് എന്നറിയപ്പെടുന്ന ബ്രിട്ടനിലെ മൂന്ന് മലകള്‍ കയറി സംഘടിപ്പിച്ച ഫണ്ട് സമാഹരണയജ്ഞ വേളയില്‍ ജെയ്ഡന്റെ മൂത്ത സഹോദരങ്ങളായ ജസ്റ്റിന്‍, ജെയ്സണ്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധ നേടിയിരുന്നു. പിതാവ് ജോണ്‍സിയോടോപ്പം വെറും പത്തും എട്ടും വയസ്സുകാരായ ഈ രണ്ട് പേരും കൂടി ചേര്‍ന്നപ്പോള്‍ ഇളയവനും നാലു വയസുകാരനുമായിരുന്ന ജെയ്ഡന് അന്ന് കുറച്ചൊന്നുമല്ല ചേട്ടന്മാരുടെ കൂടാന്‍ മോഹമുദിച്ചത്.

തന്റെ മൂത്ത രണ്ട് കുട്ടികള്‍ വിജയകരമായി ഈ ദൗത്യം മുമ്പ് പൂര്‍ത്തിയാക്കിയത് ജെയ്ഡന്റെ കാര്യത്തില്‍ ജോണ്‍സിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്തു. അങ്ങനെ അപ്പനും മക്കളുമൊക്കെയായി പരിശീലനവും തുടങ്ങി. നാട്ടിലെ കാര്യങ്ങള്‍ക്കായി ജോണ്‍സിയ്ക്ക് ഇടയ്ക്ക് കുറെ നാള്‍ മാറി നില്‍ക്കേണ്ടി വന്നുവെങ്കിലും ഇക്കഴിഞ്ഞ ജൂലൈ 29ന് കുഞ്ഞു ജെയ്ഡണ്‍ തന്റെ യജ്ഞം പൂര്‍ത്തിയാക്കി. കൂടുതല്‍ തുക സമാഹരിച്ച് റെജിയുടെ കുടുംബത്തിന് നല്‍കുവാന്‍ വിര്‍ജിന്‍ മണി വഴിയുള്ള ഫണ്ട് സമാഹരണം പിന്നെയും തുടര്‍ന്നു കൊണ്ടിരുന്നു.

ത്രീ പീക്കിലെ ഏറ്റവും ഉയര്‍ന്ന മലയായ സ്‌കോട്ട്ലന്റിലെ ബെന്‍ നെവിസ് കയറിയിറങ്ങിയപ്പോള്‍ തന്നെ കാലിനും മുട്ടിനുമൊക്കെ വേദനയായിത്തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള കയറ്റത്തില്‍ നിന്ന് ജെയ്ഡനെ പിന്തിരിപ്പിക്കാന്‍ പിതാവും സഹോദരങ്ങളും ശ്രമിച്ചെങ്കിലും ഈ കൊച്ചു മിടുക്കന്റെ ഉറച്ച തീരുമാനത്തിന് മുന്നില്‍ പക്ഷേ പിതാവിനും സഹോദരങ്ങള്‍ക്കും മുട്ടു മടക്കേണ്ടി വന്നു. മറ്റുള്ളവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊക്കെ പറഞ്ഞു കൊടുക്കുവാനും നാട്ടിലുള്ള വേളയില്‍ തന്റെ കുട്ടികളെ ഇവരുടെ വിഷമങ്ങള്‍ നേരിട്ട് കാണിച്ചു കൊടുക്കാറുമുണ്ടെന്നും ഓറക്കിള്‍ കോര്‍പറേഷനിലെ ഐ റ്റി ജീവനക്കാരന്‍ കൂടിയായ ജോണ്‍സി ജോസഫ് അറിയിച്ചു. റോയല്‍ ഷൂസ്ബറി ഹോസ്പിറ്റലിലെ സിസ്റ്ററായ പ്രീത ജോസഫാണ് ഭാര്യ. മണിമല വെട്ടിക്കാട്ട് കുടുംബാംഗമാണ് ജോണ്‍സി. 

എരുമേലി പഞ്ചായത്തില്‍ വച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ സോജന്‍ സ്‌കറിയ, പ്രതിപക്ഷ നേതാവ് എ ആര്‍ രാജപ്പന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മണിമല സ്വദേശി റെജി പി.എസ്ന് 1000 പൗണ്ടിന്റ് ചെക്ക് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ കൈമാറി. ആശാരിപ്പണിയുണ്ടായിരുന്ന റെജിയ്ക്ക് അസുഖങ്ങളാല്‍ ഒരു ജോലിയും ചെയ്യാനാവാത്ത അവസ്ഥയില്‍ ഭാര്യയുടെ വല്ലപ്പോഴുമുള്ള ജോലികൊണ്ടാണ് മൂന്ന് കുട്ടികളുള്ള കുടുംബം കഴിഞ്ഞ് പോരുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category