1 GBP = 92.50 INR                       

BREAKING NEWS

സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ പ്രാദേശിക തലങ്ങളിലും ദേശീയ തലങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ വൈവിധ്യത നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കുകയും ഉപഭോക്താക്കള്‍ക്ക് അധിക ഗുണം ലഭിക്കുകയും ചെയ്യുന്നു

Britishmalayali
റോയ് സ്റ്റീഫന്‍

പുരാതനകാലം മുതല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ എല്ലാ മനുഷ്യന്റെയും ചിന്താഗതികളും ജീവിത രീതികളും ഓരോ വ്യക്തികളെ അടിസ്ഥാനപ്പെടുത്തി മാത്രമായിരുന്നു. അതായത് ഓരോ വ്യക്തികളുടെയും ചുറ്റും കറങ്ങുന്ന ലോകം, അത് മാത്രമല്ല സൂര്യനും ചന്ദ്രനും ഉള്‍പ്പെടുന്ന കാണപ്പെട്ടിരുന്ന പ്രപഞ്ചം മുഴുവന്‍ അവരോരുത്തരുടേയും ചുറ്റും മാത്രം കറങ്ങുന്നതായി അനുഭവപ്പെട്ടിരുന്നു. ശാസ്ത്രപുരോഗതി ഇല്ലാതിരുന്ന അന്നത്തെ കാലഘട്ടങ്ങളില്‍ അത് ശരിയുമായിരുന്നു, സാധാരണക്കാര്‍ തിരിച്ചറിയുന്ന ബോധ്യത്തിന്റെ കേന്ദ്രബിന്ദു അവരോരുത്തരും മാത്രമായിരുന്നു. എല്ലാ ജീവജാലങ്ങളും ഉള്‍പ്പെടുന്ന പ്രപഞ്ചവും അവയ്ക്കുള്ള സൃഷ്ടികര്‍മ്മവും തന്നെ യുക്തിപരമായി ചിന്തിക്കുമ്പോള്‍ മനുഷ്യരാശിയുടെ പശ്ചാത്തലമായി ചിത്രീകരിക്കപ്പെട്ടിരുന്നു. വേറിട്ട് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് മതനിന്ദയായി പരിഗണിച്ചിരുന്നതിനാലും അസഹനീയമായ ശിക്ഷാരീതകളെ ഭയപ്പെട്ടിരുന്നതിനാലും ഏവരെയും നിരുത്സാഹപ്പെടുത്തുകയുമായിരുന്നു. മനുഷ്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുയായ സങ്കല്‍പ്പം നിലനില്‍ക്കുമ്പോള്‍ സ്വാഭാവികമായും മനുഷ്യന്‍ മറ്റു സൃഷ്ടികളേക്കാള്‍ മേന്മയേറിയ സൃഷ്ടിയായി കരുതപ്പെടുകയും മറ്റു ജീവജാലങ്ങളുടെ മേല്‍ അധികാരമുണ്ടെന്ന ഭാവം നിലനിര്‍ത്തുകയും ചെയ്തിരുന്നു. അതായത് മനുഷ്യനാണ് സൃഷ്ടികളിലെ ഏറ്റവും മേന്മയേറിയ സൃഷ്ടിയെന്നും മറ്റെല്ലാ ജീവജാലങ്ങളുടെ മേലും അധികാരമുണ്ടെന്ന അഹങ്കാരമേറിയ മനോഭാവം. ശാസ്ത്രം വളരുകയും മനുഷ്യന്‍ ഭൂഖണ്ഡങ്ങള്‍ ചുറ്റിയതിന് ശേഷം ബഹിരാകാശത്തെത്തുകയും ചെയ്തപ്പോള്‍ അതുവരെയുണ്ടായിരുന്നതെല്ലാം തെറ്റിദ്ധാരണകള്‍ മാത്രമാണെന്ന് തിരിച്ചറിയുകയും ചെയ്തു. തെറ്റുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ തിരുത്താന്‍ തയ്യാറായതാണ് മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ വിജയവും. മനുഷ്യന്റേതുപോല്‍ പഞ്ചേന്ദ്രീയങ്ങളും പൂര്‍ണമായ വളര്‍ച്ച പ്രാപിച്ചില്ലെങ്കില്‍ പോലും ഭൂമിയിലുള്ള മറ്റെല്ല  ജീവജാലങ്ങള്‍ക്കും കഴിവുകളുണ്ടെന്നും അവയില്‍ ചിലതെല്ലാം മനുഷ്യനും മാനവരാശിയുടെ നിലനില്‍പ്പിനും ഉപകാരപ്പെടുത്തിയെടുക്കാമെന്ന്  തിരിച്ചറിഞ്ഞു. ജീവിതത്തില്‍ അനുദിനമുണ്ടാകുന്ന മാറ്റങ്ങളെ ഏറ്റവും  നന്നായി കൈകാര്യം ചെയ്യുവാനും അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും കഴിയുന്നവരായി മാറിയ മനുഷ്യര്‍ ലോകത്തിന്മേല്‍ ജീവിത വിജയം നേടിക്കൊണ്ടിരിക്കുന്നു.

ആദിമകാലങ്ങള്‍ മുതലുള്ള ചിന്താഗതിയായിരുന്നു മനുഷ്യന് മാത്രമാണ് ആശയവിനിമയത്തിന് അനുയോജ്യമായ ഭാഷയുള്ളുവെന്നുള്ള സങ്കല്‍പ്പം എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ തന്നെ മൃഗശാസ്ത്രജ്ഞര്‍ ഇത് തെറ്റാണെന്നു തെളിയിച്ചു. അതോടൊപ്പം ചില പക്ഷികളും മൃഗങ്ങളും അവരുടെ ആശയ വിനിമയത്തില്‍ പ്രാദേശിക ഭാഷകളും ഉപയോഗിക്കുന്നതായി തെളിയിച്ചിട്ടുണ്ട്. ആനകളുടെ വലുപ്പമേറിയ ചെവികള്‍ അവയുടെ ശരീരത്തിന്റെ ചൂടകറ്റുവാന്‍ മാത്രമല്ല മറിച്ചു വിദൂരങ്ങളില്‍ നിന്നുള്ള നാദസ്വരങ്ങള്‍ക്ക് ചെവിയോര്‍ക്കുവാന്‍ കൂടിയാണ്. വനാന്തരങ്ങളില്‍ ജീവിക്കുന്ന ആനകള്‍ ശബ്ദം കേള്‍ക്കുന്ന ദിശയിലേക്ക് നടക്കുന്നതും വെള്ളം കുടിക്കുമ്പോള്‍ ശബ്ദത്തിന് കാതോര്‍ക്കുകയും ചെയ്യുന്നത് സൂഷ്മമായി നിരീക്ഷിച്ച വസ്തുതകളാണ്. നാട്ടാനകള്‍  ആന പാപ്പാന്മാരുടെ വിവിധങ്ങളായ ആജ്ഞകള്‍ അനുസരിക്കുന്നതും അവയെല്ലാം മനസിലാകുന്നതുകൊണ്ടു മാത്രമാണ്. കാട്ടുകുരങ്ങുകള്‍ അവസരോചിതമായി വേറിട്ട ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതും മറ്റുള്ളവയുടെ ശബ്ദങ്ങള്‍ക്ക് മറുപടി നല്‍കുന്നതും അവയുടെ അനുദിന ജീവിതത്തിന്റെ ഭാഗം മാത്രമാണ്. ഏറ്റവും പുതിയതായുള്ള കണ്ടുപിടിത്തം മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശ്വാനന്മാര്‍ക്ക് അവരുടേതായ വ്യക്തിത്വം വരെയുണ്ടെന്നുള്ളതാണ്. ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഏറ്റവുമടുത്ത സുഹൃത്തും അന്ധര്‍ക്ക് വഴികാട്ടിയുമായി തുടങ്ങി പിന്നീട് കുറ്റവാളികളുടെ പേടിസ്വപ്നവും ആയവര്‍ ഇപ്പോള്‍ മനുഷ്യന്റെ മസ്തിഷക്കാഗാധത്തെ മുന്‍കൂട്ടി അറിയുവാനുള്ള കഴിവുള്ളവരായി സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് പോലുമില്ലാത്ത കഴിവുകള്‍, ശാസ്ത്രലോകം ഇപ്പോഴും ഇതില്‍ കൂടുതല്‍ അറിവ്  തേടുന്നതിലുള്ള ഗവേഷണങ്ങളിലാണ്.

ചുരുക്കത്തില്‍ ശാസ്ത്രസാങ്കേതിക വിദ്യകളുടെ വളര്‍ച്ചയോടെ മനുഷ്യന്റെ അതികായരെന്ന ചിന്താഗതികള്‍ക്കൊപ്പം പല മൂഢസങ്കല്‍പ്പങ്ങളെല്ലാം തന്നെ തെറ്റായിരുന്നു എന്ന് സ്ഥാപിച്ചുകൊണ്ടിരിക്കുമ്പോഴും മഹാപ്രപഞ്ചത്തിന്റെ ഏതോ ഒരിടത്തു ഒരു ചെറിയ പൊട്ടുപോലെ നിലനില്‍ക്കുന്ന ഭൂമിയിലെ മനുഷ്യന്റെ അമിതമായ ആല്‍മവിശ്വാസത്തിനും മനുഷ്യ മേധാവിത്വ ചിന്താഗതികള്‍ക്കും മാത്രം കുറവ് വരുന്നില്ല. ഭൂമിയിലെ മനുഷ്യ മേധാവിത്വം ഈ ഭൂമിയെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന പ്രകൃതി ശാസ്ത്രജ്ഞന്മാരുടെ വാദഗതികള്‍ മറ്റെല്ലാ മേഖലകളിലെയും ശാസ്ത്രംലോകം അംഗീകരിക്കുന്നില്ലെങ്കിലും മനുഷ്യന്റെ അത്യാര്‍ത്തിയും അമിതമായ ദുരുപയോഗവും  പ്രകൃതി വിഭവങ്ങളെ അനുദിനം ക്ഷയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അംഗീകരിക്കുന്നുണ്ട്. അതിലുള്ള ഏറ്റവും വലിയ ഉദാഹരണം ആധുനിക കൃഷിരീതികള്‍ തന്നെയാണ്, അടിയന്ധ്രിതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ലോകജനതയെ പരിപാലിപ്പിക്കുവാന്‍ ധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവയുടെ പോഷകനിലവാരം കുറയുകയാണ്. അതുകൊണ്ടു തന്നെ ആവശ്യത്തിനുള്ള പോഷകാഹാരം ലഭിക്കാതെ വരുന്നു. അതോടൊപ്പം തന്നെ ഭാരതത്തിന്റെ തനത് ചികിത്സാ സമ്പ്രദായമായ ആയുര്‍വേദ ചികിത്സാ രീതികളിലെ ഫലക്കുറവുകള്‍ക്ക് വേറിട്ട പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും കൂടുതലും ഗുണമേന്മയുള്ള ഔഷധച്ചെടികളുടെ ലഭ്യതക്കുറവ് മാത്രമാണ്. വൈവിധ്യത നിറഞ്ഞ ഭൂപ്രദേശത്തു പ്രകൃതിയോട് ചേര്‍ന്ന് വളരേണ്ട ചെടികളോട്  കൃതിമമായ വളര്‍ത്തുന്ന ചെടികള്‍ക്ക് കിടപിടിക്കുവാന്‍ സാധിക്കില്ല. അപ്പോള്‍ സ്വാഭാവികമായും കൃതിമമായി വളര്‍ത്തുന്ന ചെടികളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഔഷധങ്ങളുടെ ഗുണമേന്മ കുറയും.

പ്രാചീന കാലങ്ങളില്‍ വന്യ മൃഗങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ അവരുടെ കയ്യെത്തുന്ന ദൂരത്തുള്ള കല്ലും മണ്ണും വടികളും ആയുധമാക്കിയത്തിലൂടെ പരിഷ്‌കരിച്ചു തുടങ്ങിയ ജീവിത രീതികള്‍ ആധുനിക ലോകത്തെത്തിയപ്പോള്‍ മനുഷ്യര്‍ മനുഷ്യനില്‍ നിന്നും സംരക്ഷണം നേടുവാന്‍ അവര്‍ക്കുചുറ്റും മതിലുകളും ഭേദിക്കാനാവാത്ത ഭിത്തികളും തീര്‍ത്തു സുരക്ഷിതരായി മാറിയിരിക്കുന്നു. അനന്തമായതും വിശാലമായതുമായ ലോകത്തില്‍ ഒരു പരിതിവരെ സ്വന്ത്രരായി ജീവിച്ചിരുന്ന മനുഷ്യന്‍ ശാസ്ത്രസാങ്കേതിക വിദ്യകളുടെ വളര്‍ച്ചയുടെ പാരമ്യത്തിലും അന്തര്‍മുഖരായി ജീവിക്കുന്നു. നിലവിലുള്ള ആധുനിക മനുഷ്യന്റെ അണുകുടുംബ ജീവിത രീതികള്‍ക്ക് മുന്‍പ് കൂട്ടുകുടുംബ വ്യവസ്ഥിതികളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വ്യക്തി ബന്ധങ്ങളെക്കാളുപരി കുടുംബബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു. അക്കാലങ്ങളില്‍ പുറത്തുനിന്നെത്തുന്നു അധിഥികള്‍ ആ കുടുംബത്തിലെ എല്ലാവര്‍ക്കുമുള്ള അതിഥികളായിരുന്നു അതുകൊണ്ടുതന്നെ കുടുംബത്തിലെ എല്ലാവരുമായി സംഭാഷങ്ങള്‍ നടത്തുവാനും ജീവിത വിശേഷങ്ങള്‍ പങ്കുവയ്ക്കുവാനും തയ്യാറായിരുന്നു. എന്നാല്‍ ആധുനിക ലോകത്തുള്ള അണുകുടുംബങ്ങളിലെ ഓരോ വ്യക്തികള്‍ക്കും അവരുടേത് മാത്രമായ സുഹൃത് ബന്ധങ്ങള്‍. ഭാര്യയ്ക്കും ഭര്‍ത്താവിനും അവരുടേത് മാത്രമെന്ന് വിശേഷിപ്പിക്കുന്ന സുഹൃത്തുക്കള്‍ അതോടൊപ്പമുള്ള ചിന്താഗതികളും ആശയവിനിമയങ്ങളും. ഓരോ കുടുംബത്തിലും രണ്ടോ മൂന്നോ കുട്ടികളുണ്ടെങ്കിലും അവര്‍ക്കെല്ലാം അവരുടെ മാത്രമായ സുഹൃത് ബന്ധങ്ങളും അതിനു യോജിക്കുന്ന ജീവിതരീതികളും. ചുരുക്കത്തില്‍ സുഖ സൗകര്യങ്ങള്‍ തേടിയുള്ള ജീവിത രീതികളും ആധുനികതയും  മനുഷ്യരെ വീണ്ടും സ്വാര്‍ത്ഥമതികളാക്കി മാറ്റി.

മനുഷ്യരൊഴികെയുള്ള എല്ലാ ജീവജാലങ്ങളും ജീവിക്കുന്നതിനു പകരം അനുദിനം പരിണമിക്കുക മാത്രമാണ് ചെയ്യുന്നത്. അവയുടെ ആവാസ വ്യവസ്ഥിതികളിലെ രൂപഭേദങ്ങളെ അംഗീകരിച്ചുകൊണ്ടും   പ്രകൃതിയിലെ ആഹാര ലഭ്യതയുടെ പരിമിതികള്‍ ഉള്‍കൊണ്ട് കൊണ്ടും തങ്ങളുടെ ജീവിതം അനുദിനം ക്രമപ്പെടുത്തുകയാണ്.  എന്നാല്‍ മനുഷ്യര്‍ ജീവിക്കുന്നത് പ്രകൃതിയെയും അതിലെ വ്യവസ്ഥിതികളെയും തങ്ങളുടെ ജീവിതത്തിനു അനുകൂലമാക്കി മാറ്റിക്കൊണ്ടാണ്. പ്രകൃതിയുടെ പരിമിതികള്‍ മാനിക്കുവാന്‍ മനുഷ്യര്‍ തയ്യാറാവുന്നില്ല പകരം ഓരോരുത്തരുടെയും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യം. അതിശക്തമായ പ്രകൃതിദുരന്തങ്ങളെ തടഞ്ഞു നിര്‍ത്തുവാന്‍ മനുഷ്യര്‍ക്ക്  സാധിക്കുന്നില്ലെങ്കിലും ജീവിത രീതികള്‍ ക്രമപ്പെടുത്തിക്കൊണ്ട് വിജയകരമായി അതിജീവിക്കുവാന്‍ സാധിക്കുന്നുണ്ട്. താല്‍ക്കാലികമാണെങ്കിലും  ഭൂമിയിലെ പരിസ്ഥിതികളുടെ മേലുള്ള  വിജയം മനുഷ്യന്റെ അപാരമായ ജ്ഞാനവും അതോടൊപ്പം പ്രാവര്‍ത്തികതയും കൊണ്ട് മാത്രമല്ല മറിച്ചു ഏഴ് ഭൂഖണ്ഡങ്ങളിലുമുള്ള എല്ലാ മനുഷ്യരുടെയും  സഹകരണത്തിലൂടെ മാത്രമാണ്.  

ഭൂമിയിലെ മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയ്ക്കുവേണ്ടി 2015- ല്‍ ഐയ്ക്യ രാഷ്ട്രസഭ  പതിനേഴ് ആഗോള ലക്ഷ്യങ്ങള്‍ എല്ലാ ലോകരാഷ്ട്രങ്ങളുമായി ഏകോപിപ്പിച്ചു വികസിപ്പിച്ചിരിന്നു. അവയെല്ലാം തന്നെ 2030-തോടുകൂടി പൂര്‍ത്തീകരിക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. പതിനേഴാമത്തെ ആഗോള ലക്ഷ്യം ലോക രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അവലംബിക്കുക എന്നതാണ്. ലോകരാജ്യങ്ങളോടൊപ്പം ഓരോ രാജ്യങ്ങളിലെയും മാനുഷിക വികസന മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സംഘടനകളെ ഉള്‍പ്പെടുത്തന്നതിലൂടെ സമൂഹത്തില്‍ ജീവിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ഭാഗമാകുവാനുള്ള അവസരമാണ് ഉദ്ദേശിച്ചിരിക്കുന്നത്. സമൂഹത്തിന്റെ സുസ്ഥിരമായ  വികസനം വിജയകരമായി ഉറപ്പാക്കുവാനായി വ്യാപകമായിത്തന്നെയുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത് അതിനായി അന്തര്‍ദേശീയ തലങ്ങളിലുള്ളവര്‍ പ്രാദേശിക  തലങ്ങളിലുള്ളവരുമായി പൂര്‍ണ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം. ഐക്യ രാഷ്ട്രസഭയുടെ തലവന്‍ ബാന്‍ കി മൂണിന്റെ വാക്കുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് ഒന്നു മാത്രമാണ് പതിനേഴ് ആഗോള ലക്ഷ്യങ്ങളും  സാക്ഷാത്കരിച്ചു കൊണ്ടുള്ള മനുഷ്യന്റെ വികസനം, അതിനാവശ്യം നിലവിലുള്ള  പ്രതിബദ്ധതകള്‍ സാക്ഷാത്കരിക്കുന്നതിനായുള്ള സഹകരിച്ചുള്ള പ്രവര്‍ത്തനം. നാനാതലങ്ങളിലുള്ള ശക്തമായതും, സമഗ്രവും സംയോജിതവുമായ പങ്കാളിത്തം ഉറപ്പാക്കി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍.

ആഗോള ലക്ഷ്യങ്ങള്‍ നേടുന്നതിന് ലോകത്തിലുള്ള എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകളും അതാത് രാജ്യങ്ങളിലെ പ്രാദേശികവും ദേശീയവുമായ ഭരണകൂടങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഊന്നിപ്പറയുന്നത്. ചെറുതും വലുതുമായ സാമൂഹിക പരിവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഒറ്റതിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളെക്കാളുപരി മറ്റു സംഘടനകളുമായി ഒരുമിച്ചു ചേര്‍ന്ന് സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. നിരവധിയായ സംഘടനകള്‍ സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ധാരാളം ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നത് തന്നെയാണ് കാരണങ്ങള്‍. സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാഥമികമായും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു പുതിയ പദ്ധതികള്‍ രൂപീകൃതമാവുന്നു അതോടൊപ്പം ഉള്‍പ്പെട്ടിരിക്കുന്ന സംഘടനകളിലെ വ്യക്തികളുടെ വൈവിധ്യതനിറഞ്ഞ കഴിവുകള്‍ പുതിയ പദ്ധതികള്‍ സാക്ഷാത്കരിക്കുവാന്‍ പ്രയോജനപ്പെടും. രണ്ടാമതായി എല്ലാ പദ്ധതികളും ദീര്‍ഘനാളത്തേയ്ക്ക് നടത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുന്നു എന്നതാണ്, ഇവിടെയും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ശക്തിയാണ് പ്രയോജനപ്പെടുത്തുന്നത്. മൂന്നാമതായി എല്ലാവര്‍ക്കും തുല്ല്യ പങ്കാളിത്ത്വവും അതോടൊപ്പം ഏവര്‍ക്കും ഒരേപോലുള്ള അവസരങ്ങളും പ്രധാനം ചെയ്യുന്നു. പ്രാദേശിക തലങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ ഒറ്റപ്പെട്ടു ജീവിക്കുന്ന വ്യക്തികള്‍ക്കും പങ്കെടുക്കുവാനുള്ള അവസരങ്ങളാണ് ലഭിക്കുന്നത്.  നാലാമതായി പ്രാദേശിക തലങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്, എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ഭാഗമാകുന്നതിലൂടെ  വളര്‍ച്ച ഉറപ്പുവരുത്തുന്നു. അവസാനമായി രാജ്യത്തുള്ള എല്ലാ പൗരന്മാരെയും വികസന പാതയില്‍ പങ്കാളിയാക്കുന്നു ഓരോരുത്തര്‍ക്കും സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category