1 GBP = 92.50 INR                       

BREAKING NEWS

എല്ലാ വ്യക്തികളുടെയും ആരോഗ്യ സംരക്ഷണം സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നാണ് കൊറോണാ വൈറസ് നല്‍കുന്ന പാഠങ്ങള്‍

Britishmalayali
റോയ് സ്റ്റീഫന്‍

കോവിഡ് - 19 എന്ന നാമകരണം ചെയ്ത കൊറോണോ വൈറസ് ലോകത്തെല്ലായിടത്തും ഭീതിയും അനിശ്ചതത്ത്വവും വിതറി മുന്നേറുമ്പോള്‍ നിരന്തരമുള്ള  ജാഗ്രത മാത്രമാണ് നിലവില്‍ ഈ അദൃശ്യരോഗത്തില്‍ നിന്നും  രക്ഷപെടുവാനുള്ള ഏകമാര്‍ഗം. ആരോഗ്യ മേഖലകളിലെ വിദഗ്ധരുടെയും അധികാരികളുടെയും  സമയോചിതമായ  നിര്‍ദ്ദേശങ്ങള്‍ പാലിക്കുക  കഴിവതും  രോഗബാധിത മേഖലകള്‍ സന്ദര്‍ശിക്കാതിരിക്കുക രോഗബാധിതരുമായി ഇടപെടാതിരിക്കുക അതോടൊപ്പം  ശാരീരിക ശുചിത്ത്വം പരിപാലിച്ചുകൊണ്ടു പൂര്‍ണ്ണ ആരോഗ്യവാനും ആരോഗ്യവതികളുമായി സാധാരണ ജീവിതം നയിക്കുക എന്നത് മാത്രമാണ്.  ഒരുപക്ഷെ സാമൂഹിക ജീവികളായ മനുഷ്യര്‍ക്ക് കൂട്ടിലടച്ച കിളികളെപ്പോലെ ജീവിക്കുവാന്‍  ഒന്നോ രണ്ടോ മാസം സാധ്യമാകും അതിലും നീണ്ടു പോയാല്‍ ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടായി മാറും. കുടുംബമായി താമസിക്കുന്ന മലയാളികള്‍ക്ക് ചിലപ്പോള്‍ അതിലും കൂടുതല്‍ നാളുകള്‍ സാധ്യമാകും പക്ഷെ ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ സ്ഥിതി വളരെ ദയനീയമായി മാറുകയാണ്. പ്രത്യേകിച്ചും വികസിത രാജ്യങ്ങളിലും മറ്റു സ്ഥലങ്ങളിലുമുള്ള മുതിര്‍ന്ന പൗരന്മാര്‍, അസുഖമുള്ളവരും ഇല്ലാത്തവരും ജീവിതത്തിന്റെ അവസാന നാളുകളില്‍ എത്തി നില്‍ക്കുന്നവര്‍. നിലവിലെ തീര്‍ത്തും നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍  അവരാരുടെയും പ്രവൃത്തിദോഷം കൊണ്ടുണ്ടായതല്ല മറിച്ചു സാധാരണ മനുഷ്യന്റെ അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന അലസതകൊണ്ടും സമൂഹങ്ങളോടും മറ്റുള്ളവരോടും പ്രതിബദ്ധതയില്ലായ്മകൊണ്ടും മാത്രം രൂപീകൃതമായതാണ്.

ഭൂമിയോട് യുദ്ധം ചെയ്തു നെറ്റിയില്‍ വിയര്‍പ്പൊഴുക്കി ജീവിച്ചിരുന്ന വ്യക്തികളില്‍ ആധുനിക രോഗങ്ങളായ ഹൃദ്രോഗവും പഞ്ചസാര രോഗവും അമിത രക്ത സമ്മര്‍ദ്ദവും ഒന്നും തന്നെ ഉണ്ടായിരുന്നില്ലായെന്നത് വാസ്തുതകള്‍ തന്നെയായി നിലനില്‍ക്കുന്നു. എങ്കില്‍പോലും പലപ്പോഴും പുരാതനകാലങ്ങളില്‍ കേട്ടുകേള്‍വി പോലുമുണ്ടായിട്ടില്ലാത്ത പല രോഗങ്ങളും ആധുനിക ലോകത്തില്‍ പ്രത്യേകിച്ചും മനുഷ്യന്‍ ശാസ്ത്രീയമായി വളരെയധികം പുരോഗമിച്ചു എന്ന് അഹങ്കരിക്കുന്ന കാലഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സാധാരണക്കാര്‍ക്ക്  അന്ധാളിച്ചു നില്‍ക്കുവാന്‍  മാത്രമാണ് സാധിക്കുന്നത്. പൂര്‍ണ്ണ ആരോഗ്യവാനായി ജീവിക്കുന്ന വ്യക്തികള്‍ക്ക് ഹൃദ്രോഗം പിടിപെട്ടുവെന്നു കേള്‍ക്കുമ്പോള്‍ ശാസ്ത്രീയ വിശദീകരണം ലെഭിക്കുന്നത് രക്തവാഹക ധമനികള്‍ തടസപ്പെട്ടു എന്നുമാത്രമാണ്. എന്നാല്‍ എന്തുകൊണ്ട് ഈ ധമനികളില്‍ തടസങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്ന് ചിലരെങ്കിലും അന്യഷിക്കുമ്പോള്‍ ലഭിക്കുന്ന ഉത്തരം പലതാണെങ്കിലും കൂടുതലും ഭക്ഷണവും ഭക്ഷണരീതികളും, അനുയോജ്യമായ വ്യായാമമിലായ്മയും, അമിതമായ  ജീവിത സമ്മര്‍ദ്ദങ്ങളും. എന്നാല്‍ ഇത്രയൊക്കെയുണ്ടെങ്കിലും കുറച്ചു വ്യക്തികള്‍ മാത്രമാണ് ചിന്തിക്കുവാന്‍ ശ്രമിക്കുന്നത് ഈ പ്രതിപാദിച്ച കരണങ്ങളെല്ലാം തന്നെ വ്യക്തിനിര്‍മ്മിതം തന്നെയല്ലേയെന്ന്. ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ എന്ത് ചെയ്യണം എന്ത് പ്രവര്‍ത്തിക്കണം എന്ത് കഴിക്കണമെന്ന് തീരുമാനിക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉള്ളപ്പോള്‍ എങ്ങനെയാണ് വീണ്ടും രോഗിയായി മാറുന്നത്. ഇതിനെല്ലാത്തിനുമുള്ള ഉത്തരം മറ്റെങ്ങും ലഭിക്കില്ല പകരം ഓരോ വ്യക്തികളുടെയും ജീവിത സാഹചര്യങ്ങള്‍ തന്നെയാണ്, ഏത് സാഹചര്യത്തിലാണ് അവരോരുത്തരും ജനിക്കുന്നതും, വളരുന്നതും, ജീവിക്കുന്നതും, ജോലി ചെയ്യുന്നതും, അതിലുമുപരി അവരോരുത്തരുടേയും നിലവിലെ പ്രായത്തിനനുസൃതമായ ജീവിതരീതികളും.

സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തികളുടെ ചുറ്റുപാടുകളും  സാമൂഹിക ജീവിത രീതികളും അവരോരുത്തരുടേയും ആരോഗ്യത്തെ എത്രമാത്രം ബാധിക്കുന്നു എന്നറിയുന്നത് എല്ലാവര്‍ക്കും വളരെയധികം ഗുണം ചെയ്യുമെന്നുമുള്ളതില്‍  തര്‍ക്കമില്ലാത്ത കാര്യം തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ നിലവിലെ കണക്കുകള്‍ പ്രകാരം ലോകമെന്പാടും അവശ്യ സാധനങ്ങളുടെ ലഭ്യത വര്‍ധിച്ചു ചിലയിടങ്ങളില്‍ ആവശ്യത്തിലധികവുമായി അതോടൊപ്പം  വര്‍ദ്ധിച്ചുവന്ന ഉപഭോഗ ജീവിതശൈലിയില്‍   ലോകമെമ്പാടുമുള്ള മനുഷ്യരുടെ അമിതവണ്ണവും ഏകദേശം മൂന്നിരട്ടിയായി മാറി. 2016 -ലേ കണക്കുകള്‍ പ്രകാരം പതിനെട്ടു വയസിനു മുകളിലുള്ള മനുഷ്യരില്‍ മൂന്നിലൊന്നു പേരും അമിതവണ്ണമുള്ളവരാണ് അവരില്‍ പകുതിയും തടിച്ചു കൊഴുത്ത പൊണ്ണത്തടിയന്മാരും. അതിലും ആകാംഷാജനകമായ വസ്തുത ലോകജനസംഖ്യയില്‍ ഭൂരിഭാഗവും ജീവിക്കുന്നത്  ഭാരക്കുറവിനേക്കാള്‍ അമിതവണ്ണമുള്ള  ആളുകള്‍  അകാലത്തില്‍ മരിക്കുന്ന രാജ്യങ്ങളിലുമാണ്.  വ്യക്തികളില്‍ അമിതഭാരവും അമിതവണ്ണവുമെന്നാല്‍  അമിതമായ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അസാധാരണമായ   അവസ്ഥ മാത്രമാണ്. അതായത് നിലവിലെ ലോകത്തുള്ള ഭൂരിഭാഗം വ്യക്തികളും അവരുടെ ആവശ്യത്തെക്കാള്‍ കൂടുതല്‍ ആഹാരം കഴിക്കുന്നു. അമിതമായ ഭക്ഷണം അനുയോജ്യമായ ശാരീരിക പ്രവര്‍ത്തനത്തിന്റെ അഭാവത്തില്‍ അലിഞ്ഞുപോകാതെ  ശരീരത്തില്‍ നിലനില്‍ക്കുന്നു. ശരീരത്തിന്റെ  ദൈനംദിന പ്രവര്‍ത്തനത്തിന്  ആവശ്യമില്ലാത്ത കൊഴുപ്പ് ശരീരത്തിന് തന്നെ ദോഷം ചെയ്തുകൊണ്ടിരിക്കുന്നു, അതേത്തുടര്‍ന്ന് മനുഷ്യന്‍ സ്വാഭാവികമായും രോഗിയായി മാറുന്നു. സ്വാഭാവിക ശരീരത്തിന്റെ താളം തെറ്റിയ മനുഷ്യന്‍ നഷ്ടപെട്ട സ്വാഭാവികത വീണ്ടെടുക്കുവാനായി കൃത്രിമമായ സൃഷ്ടിച്ച മരുന്നുകള്‍ കഴിക്കുന്നു.  അതേത്തുടര്‍ന്ന് ജന്‍മനാ ലഭിച്ച രോഗപ്രതിരോധശക്തികള്‍ വീണ്ടും കുറയുന്നു.  അങ്ങനെ ആരോഗ്യം ക്ഷയിച്ച ശരീരത്തിലേയ്ക്ക് മൃഗങ്ങളില്‍ നിന്നും മറ്റു മനുഷ്യരില്‍ നിന്നും പുതിയ രോഗാണുക്കളുടെ രൂപത്തില്‍ വീണ്ടും പുതിയ രോഗങ്ങളെത്തുന്നു.

ജാതിമത രാഷ്ട്രീയ ചിന്താഗതികളില്ലാതെ ആല്‍മാര്‍ത്ഥത നിറഞ്ഞ  സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ഓരോ വ്യക്തികളുടെയും ലക്ഷ്യം ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ആരോഗ്യപൂര്‍ണമായ സന്തുഷ്ട്ട ജീവിതവും അഭിവൃദ്ധിയും മാത്രമാണ്. അങ്ങനെയുള്ള വ്യക്തികള്‍ പ്രവര്‍ത്തിക്കുകയും നേതൃത്ത്വം നല്‍കുകയും ചെയ്യുന്ന എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും പരമപ്രധാനമായ ഉദ്ദേശവും ഒന്നു മാത്രം 'എക്കാലവും അഭിവൃദ്ധി പ്രാപിക്കുന്ന ശക്തമായ സമൂഹങ്ങളും അതിലുള്ള അംഗങ്ങളും'. ഭൂരിഭാഗം മനുഷ്യരും പൂര്‍ണ്ണ ആരോഗ്യത്തോടെ ജനിക്കുന്നതിനാല്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കുക എന്നുള്ളത്  ഭരണകൂടങ്ങളെക്കാളും ആശുപത്രികളെക്കാളും ആരോഗ്യ സംഘടനകളേക്കാളുമുപരി ഓരോ വ്യക്തികളുടെയും പ്രാഥമികാവശ്യവും കടമയും ജീവിതലക്ഷ്യവുമാണ്. കാരണം ഓരോ വ്യക്തികളുമാണ് സമൂഹങ്ങളെ സംരക്ഷിക്കേണ്ടതും നയിക്കേണ്ടതും അതിലുപരി അവരുടെ പ്രവര്‍ത്തനങ്ങളും ജീവിത ശൈലികളും നിയന്ധ്രിക്കുന്നതും സാമൂഹിക താല്‍പര്യങ്ങള്‍ക്ക് വിധേയമായും അനുരൂപമായും രൂപപ്പെടുത്തേണ്ടതും.

പൂര്‍ണ്ണ ആരോഗ്യമുള്ള വ്യക്തികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല മറിച്ച്  വ്യക്തിപരമായി ജോലിചെയ്തു ജീവിക്കുവാനുള്ള ആരോഗ്യകരമായ അന്തരീക്ഷവും, അനുയോജ്യമായ  അവസരങ്ങളും സുരക്ഷിതമായ ഭവനങ്ങളും സുസ്ഥിരമായ വ്യക്തിബന്ധങ്ങളും, ഉയര്‍ന്ന ആത്മാഭിമാനവും അതിലുപരി സമൂഹത്തില്‍ അന്യോന്യമുള്ള ആരോഗ്യകരമായ പെരുമാറ്റങ്ങളും കൂടിയാണ്. അതോടൊപ്പം  ആരോഗ്യമുള്ള സമൂഹമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതേ സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള സാഹചര്യമൊരുക്കുകയും ഒരാളെപ്പോലും  രോഗികളാവാതെ മുന്‍കരുതലുകളെടുത്തു സംരക്ഷിക്കുന്നവയാണ്. ആരോഗ്യമുള്ള സമൂഹത്തില്‍ നിലവിലുള്ള എല്ലാ നയപരമായ തീരുമാനങ്ങളും  സാമൂഹികവും, സാംസ്‌കാരികവും, രാഷ്ട്രീയവും, സാമ്പത്തികവും, വാണിജ്യവും, പാരിസ്ഥിതികവുമായ തീരുമാനങ്ങള്‍ അംഗംങ്ങളുടെ ആരോഗ്യപരമായ ജീവിതത്തിനെ അനുകൂലിക്കുന്നതും  പ്രോത്സാഹിപ്പിക്കുന്നതുമായിരിക്കണം.

ഇപ്പോള്‍ ലോകത്തുള്ള എല്ലാ മനുഷ്യരെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണാ വൈറസ് ഈ വര്‍ഷം ജനുവരിയിലെ ആദ്യനാളുകളില്‍ ചൈനയിലുള്ള ചെറിയ നഗരമായ വുഹാനിലെ ജനങ്ങളെ പരിഭ്രാന്തരാക്കി വീടുകളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുവാന്‍ നിര്‍ബന്ധിതരായപ്പോള്‍ ലോകത്തിന്റെ മറ്റുഭാങ്ങളിലുള്ള ഒരാള്‍ പോലും തങ്ങളുടേതാണ് അടുത്ത ഊഴമെന്ന് സ്വപ്നത്തില്‍പോലും കരുതിയില്ല. പ്രത്യേകിച്ചും ശാസ്ത്രസാങ്കേതിക വിദ്യകളുടെ ബലത്തി ലും സംരക്ഷണത്തിലും ജീവിക്കുന്ന പാശ്ചാത്യലോകം.  ഇറ്റലിയുടെ വടക്കന്‍ പ്രവിശ്യകളിലുള്ള ഒരു നഗരമാണ് കോഡോഗ്ണോ, വളരെ പുരാതനമായ നഗരത്തിലെ നിവാസികളെല്ലാം തന്നെ പാശ്ചാത്യലോകത്തിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ആഡംബര ജീവിതം നയിക്കുന്നവര്‍. അവരിലൊരാള്‍ക്ക് ഫെബ്രുവരിയുടെ പകുതിയില്‍  തുടങ്ങിയ രോഗലക്ഷണങ്ങള്‍  ദിവസങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിനാളുകളില്‍ പകര്‍ന്നു പിടിച്ചപ്പോഴും അവരാരും കരുതിയില്ലായിരുന്നു അവരെല്ലാവരും മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വന്തം വീടുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ടവരായി മാറുമെന്ന്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചില മാനസിക വിഭ്രാന്തികളുള്ള സിനിമകളില്‍ കാണുന്നതുപോലെ ആ പട്ടണം പുറം ലോകത്തിനു മുന്‍പില്‍ കൊട്ടിയടയ്ക്കപ്പെട്ടു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ സമൂഹത്തില്‍നിന്നും ബന്ധുമിത്രാദികളില്‍ നിന്നും ഒറ്റപ്പെടുത്തി. രോഗം മൂര്‍ച്ഛിച്ചു മരണാസന്നരായവര്‍ക്കു പോലും അനുയോജ്യമായ ചികിത്സാ സൗകര്യം ഒരുക്കുവാന്‍ സാധിക്കുന്നില്ലാ. മരണപ്പെട്ടവര്‍ക്ക്  ആദരണീയമായി അന്ധ്യകര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള സാവകാശംപോലും ലഭിക്കാതെ തിടുക്കത്തില്‍ അടക്കുവാന്‍ മാത്രം സാധിച്ചു. ചുരുക്കത്തില്‍ ഈ അടുത്തനാളുകളില്‍ വരെ  വളരെതിരക്കേറിയ പട്ടണത്തില്‍ ശ്മാശാന മൂകത പടര്‍ന്ന് എല്ലാവരെയും പോലുസുകാരുടെ കാവലോടെ അവരവരുടെ വീടുകളില്‍ തളച്ചു നിര്‍ത്തി. 

എന്നാല്‍ ഇതിലും തീവ്രമായ പ്രകൃതിദുരന്തങ്ങളെപ്പോലും അതിജീവിക്കുവാന്‍ കഴിവുള്ള ആ പട്ടണത്തിലെ മനുഷ്യര്‍ പ്രായോഗികമായി പ്രവര്‍ത്തിച്ചു. ഒരുസമയത്ത് അവശ്യസാധനങ്ങള്‍  യെധേഷ്ടം ലഭിച്ചിരുന്നത് കൊറോണയുടെ സാന്നിധ്യത്തില്‍ കിട്ടാക്കനിയായപ്പോള്‍ ഉള്ളതുകൊണ്ട് ജീവിക്കുവാന്‍ ശീലിച്ചു. കടകമ്പോളങ്ങളിലേ അലമാരകള്‍ ശൂന്യമായപ്പോഴും മറ്റുള്ളവരെയും സര്‍ക്കാരുദ്യോഗസ്ഥരെയും പഴിക്കാതെ   അവശ്യസാധനങ്ങളുടെ ലഭ്യതയനുസരിച്ചു കടകളുടെ മുന്‍പില്‍ ക്യൂനില്‍ക്കുവാന്‍ ശീലിച്ചു. കൊറോണ വൈറസ്സില്‍ നിന്നും രക്ഷപെടുവാനുള്ള ഏകമാര്‍ഗം മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയെന്ന സുപ്രധാന വസ്തുത തിരിച്ചറിഞ്ഞവര്‍ ബന്ധുമിത്രാദികളില്‍ നിന്നുപോലും അകലം പാലിച്ചു. ഓരോ വ്യക്തികള്‍ക്കും സ്വന്തം ജീവനും ആരോഗ്യവുമാണ് ഏറ്റവും പ്രധാനമെന്ന് തിരിച്ചറിഞ്ഞു അനുയോജ്യമായി ജീവിക്കുവാന്‍ സാധിക്കുന്നു. പല രാജ്യങ്ങളിലെയും പൂര്‍വികര്‍ അവരെയും അവരുടെ രാജ്യത്തെയും സംരക്ഷിക്കുവാന്‍ ഭൗതികമായി യുദ്ധം ചെയ്‌തെങ്കില്‍ പുതിയ തലമുറ തങ്ങളെയും തങ്ങളുടെ രാജ്യത്തെയും സംരക്ഷിക്കുവാന്‍ ഉത്തരവാദിത്ത്വപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത്  തങ്ങളോരോരുത്തരുടേയും ജീവിത ശൈലികളില്‍ സമയോചിതമായ മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്തത്. മനുഷ്യന്റെ ജീവന് ആപത്താണെന്നു മനസിലായപ്പോള്‍ ജീവിതരീതികളും പ്രവര്‍ത്തനശൈലികളും മാറ്റിക്കൊണ്ട് ആസന്നമായ മഹാമാരിയില്‍ നിന്നും രക്ഷനേടുവാന്‍ ചിലര്‍ക്കെങ്കിലും  സാധിച്ചു.

കൊറോണാ വൈറസ് സാധാരണക്കാരായ മനുഷ്യരെ ആരോഗ്യമുള്ളവരായും ശുചിത്ത്വമുള്ളവരായും ജീവിക്കുവാനുമുള്ള മുന്നറിയിപ്പും കൂടിയാണ് നല്‍കുന്നത്. അതിനായി നിലവിലുള്ള മനുഷ്യന്റെ അനാരോഗ്യ ജീവിതശൈലികള്‍ മാറ്റിക്കൊണ്ട് ആരോഗ്യമുള്ളവരായി ജീവിക്കുവാന്‍  പ്രേരിപ്പിക്കുകയാണ്.  ആഹാരപാനീയങ്ങള്‍  അവശ്യവസ്തുക്കളായി മാത്രം കണ്ടുകൊണ്ട് ഉപയോഗിക്കുവാനും ശീലിപ്പിക്കുകയാണ് ഈ കാലഘട്ടങ്ങളില്‍. അത്യാവശ്യനേരങ്ങളില്‍ മനുഷ്യര്‍ക്ക് സ്വന്തം ജീവന്‍ നിലനിര്‍ത്തുവാന്‍ അവരുടെ എത്ര കഠിനമായ ജീവിതരീതികളും  മാറ്റുവാന്‍ സാധിക്കുമെന്ന്  പ്രാവര്‍ത്തികമായി കാണിച്ചുകൊടുക്കുമ്പോള്‍ ഇനിയുള്ള കാലങ്ങളിലെങ്കിലും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുവാന്‍ ആഹ്വാനവും ചെയ്യുകയാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category