1 GBP = 92.00INR                       

BREAKING NEWS

'ജനതാകര്‍ഫ്യൂ' ദിനത്തില്‍ സ്വന്തം വസതികളില്‍ തങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും; ഏഴ് ജില്ലകള്‍ അടച്ചിടാനുള്ള കേന്ദ്രനിര്‍ദ്ദേശം വന്നതോടെ സ്ഥിതി മാറി ക്ലിഫ് ഹൗസ് മുഖ്യമന്ത്രിയുടെ ഓഫീസായി പ്രവര്‍ത്തിച്ചു; അഞ്ചു മണിയോടെ രാജ്യം മുഴുവന്‍ ഒരുമിച്ചു കൈയടിച്ചു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു; കയ്യടിയില്‍ പങ്കുചേര്‍ന്ന് സൈനികരും; ഉത്തരേന്ത്യയില്‍ കൂട്ടം കൂടിയും നൃത്തം ചെയ്തും ജനങ്ങള്‍; പ്രധാനമന്ത്രിയുടെ 'സോഷ്യല്‍ ഡിസ്റ്റന്‍സിങ്' വിപരീത ഫലമുണ്ടാക്കിയെന്നും ആശങ്ക

Britishmalayali
kz´wteJI³

തിരുവനന്തപുരം/ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുന്ന എന്തിനോടും വിപരീത മനോഭാവത്തില്‍ പെരുമാറുന്ന സ്വഭാവം മലയാളികള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇന്നലെ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി സ്വന്തം വസതികളില്‍ ഇരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതോടെ കേരളീയര്‍ സ്വന്തം വീടുകളില്‍ കഴിച്ചു കൂട്ടി. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സ്വന്തം വസതികളില്‍ കഴിച്ചു കൂട്ടുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് ഇതും തിരക്കുപിടിച്ച ദിവസമായി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മുഖ്യമന്ത്രിയുടെ ഓഫീസായി പ്രവര്‍ത്തിച്ചു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണത്തിന് ഞായറാഴ്ച സംസ്ഥാന സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായി കേന്ദ്രസര്‍ക്കാര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിയുമായി ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും സംസാരിച്ചു. അത്യാവശ്യമുള്ള ഫയലുകളും മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചിരുന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായും മുഖ്യമന്ത്രി സംസാരിച്ചു. ഏഴ് ജില്ലകള്‍ അടച്ചിടാനുള്ള കേന്ദ്രനിര്‍ദ്ദേശം വന്നതോടെ സ്ഥിതി മാറി. മന്ത്രിമാരും ഉദ്യോഗസ്ഥരും ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ തേടിക്കൊണ്ടിരുന്നു.

ആരോഗ്യമന്ത്രി ശൈലജയുടെ കര്‍ഫ്യൂ ദിനവും ഒട്ടും ശാന്തമായിരുന്നില്ല. കാണാന്‍വന്ന മാധ്യമപ്രവര്‍ത്തകരോടെല്ലാം ജനങ്ങള്‍ ജാഗ്രത വേണമെന്ന് ആവര്‍ത്തിക്കുമ്പോഴും മന്ത്രിയുടെ മനസ്സില്‍ ആശങ്ക പ്രകടമായിരുന്നു. കര്‍ശന നിയന്ത്രണവുമായി കേന്ദ്രനിര്‍ദ്ദേശം വന്നതോടെ ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ മുടങ്ങാതിരിക്കാനുള്ള കരുതലും ശ്രമവും അവര്‍ നടത്തിക്കൊണ്ടേയിരുന്നു. ഔദ്യോഗിക വസതിയായ കണ്‍ന്റോണ്‍മെന്റ് ഹൗസിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുണ്ടായിരുന്നത്. സന്ദര്‍ശകരോ സുരക്ഷാ ഡ്യൂട്ടിയിലല്ലാത്ത മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ല. എന്നാല്‍, ഫോണിന് വിശ്രമമുണ്ടായില്ല. ബാക്കി സമയം വായനയ്ക്കായും നീക്കിവെച്ചു.

രാവിലെ ഔദ്യോഗിക വസതിയില്‍ ശുചീകരണം നടത്തുകയും അതിന്റെ വീഡിയോ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കര്‍ഫ്യൂ ആചരിച്ചത്. വിവിധ ജില്ലകളിലെ വീടുകളിലായി മറ്റ് മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളോടൊപ്പം ശുചീകരണത്തിന് മുന്നിട്ടിറങ്ങി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനു പിന്തുണ പ്രഖ്യാപിച്ചു ഇന്നലെ നിരത്തില്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്ങും വിജനമായ അന്തരീക്ഷമായിരുന്നു ഇന്നലെ. രാവിലെ 7 മുതല്‍ ആരംഭിച്ച കര്‍ഫ്യൂ രാത്രി 9 വരെ തുര്‍ന്നു. അര്‍ധരാത്രിക്കു ശേഷം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ നിന്നു ബസ് പുറപ്പെട്ടില്ല സ്വകാര്യ ബസ് സര്‍വീസുമില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ ഓട്ടോകളും ടാക്സികളും നിരത്തിലില്ല വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്നു.

കോവിഡ് 19 പശ്ചാത്തലത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റര്‍നാഷനല്‍ ടെര്‍മിനലില്‍ പ്രത്യേക സുരക്ഷ ആവശ്യമുള്ളവരെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സുകള്‍. ജനതാ കര്‍ഫ്യു ദിനത്തില്‍ അഗ്നിരക്ഷാ സേന മലപ്പുറം കുന്നുമ്മലലില്‍ അണുനശീകരണം നടത്തി. അതേസമയം കൊറോണ വൈറസ് രോഗബാധയെ ചെറുക്കുന്നതിന്റെ ഭാഗമായും പകര്‍ച്ചവ്യാധിക്കിടെ കര്‍മ്മനിരതരാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അഭിനന്ദന സൂചകമായുമാണ് ഞായറാഴ്ച 'ജനത കര്‍ഫ്യു' ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, രോഗത്തിനെതിരെ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട ദിനത്തെ പലരും 'ആഘോഷ'മാക്കി മാറ്റി.

ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പാത്രങ്ങളില്‍ കൊട്ടിയും കൈയടിച്ചും 'ജനതാ കര്‍ഫ്യു'വിന്റെ ഭാഗമാകാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതാണെങ്കിലും കൊറോണ രോഗത്തിന്റെ ഭീഷണി അനുദിനം വര്‍ദ്ധിച്ചുവരുന്ന ഒരു സാഹചര്യത്തില്‍ കൂട്ടം കൂടി നിന്നുകൊണ്ടും ആഘോഷമാക്കിയും വീണ്ടുവിചാരമില്ലാതെ അത് ചെയ്യുന്നത് ആപത്തിനെ ക്ഷണിച്ചു വരുത്തലാണ്.'സാമൂഹിക അകലം' അകലം പാലിക്കണമെന്നും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞുകഴിഞ്ഞ സാഹചര്യത്തിലാണ് ഇവര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നതാണ് വിരോധാഭാസം. നിരവധി പേര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ കാണാന്‍ സാധിക്കും.ഈ വീഡിയോകള്‍ കണ്ട അനേകം ആള്‍ക്കാര്‍ അപകടകരമായ ഈ പ്രവണതയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.

'സോഷ്യല്‍ ഡിസ്റ്റന്‍സിങ്' എന്നതുകൊണ്ട് ഇതാണോ ഉദ്ദേശിക്കുന്നത് എന്നാണ് ഇവര്‍ പരിഹാസരൂപേണ ചോദിക്കുന്നത്.രോഗം അതിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കാന്‍ സാദ്ധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും ആരോഗ്യ വിദഗ്ദര്‍ നിരന്തരം മുന്നറിയിപ്പുകള്‍ തന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഒരു കൂട്ടം ആള്‍ക്കാര്‍ ഇങ്ങനെ പെരുമാറുന്നതെന്നത് നിര്‍ഭാഗ്യകരമാണ്. രാജ്യത്ത് ഇതുവരെ കൊറോണ രോഗം ബാധിച്ചത് ഏകദേശം 350 പേരെയാണ്. രോഗം മൂലം രാജ്യത്ത് ആറുപേര്‍ മരണമടയുകയും ചെയ്തിരുന്നു.

അതിനിടെ കോവിഡ്-19 പ്രതിരോധത്തില്‍ പങ്കുചേര്‍ന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനുള്ള ഉദ്യമത്തില്‍ പങ്കുചേര്‍ന്ന് സൈനികരും. കശ്മീര്‍ ഗുറെസ് വാലിയിലെ ദവാര്‍ ബറ്റാലിയനിലെ സൈനികരാണ് ഞായാറാഴ്ച വൈകുന്നേരം രാജ്യത്തോടൊപ്പം കയ്യടിയില്‍ പങ്കുചേര്‍ന്ന് കോവിഡ്-19നെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ചത്. സൈനികരുടെ വീഡിയോ ഇന്ത്യന്‍ ആര്‍മി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കയ്യടിച്ച് കൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് വന്‍ സ്വീകാര്യതയാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അതിനിടെ ഒരുമിച്ച് കൈയടിച്ചാല്‍ കൊറോണ വൈറസ് ബാധയെ തുരത്താമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഒരുമിച്ച് കൈയടിച്ചാലുണ്ടാകുന്ന തരംഗം കൊറോണവൈസ് അണുബാധയെ നശിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category