ആദ്യം അതിശയം തോന്നിയെങ്കിലും ഇപ്പോള്‍ ആവേശം തോന്നുന്നു; ആരും ഒറ്റയ്ക്കല്ലെന്നും എല്ലാവരും ഒരുമിച്ചിട്ടുണ്ടെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കാലഘട്ടത്തിന്റെ ആവശ്യം തന്നെ; ജനത കര്‍ഫ്യൂ ദിനത്തില്‍ തിരുവനന്തപുരം നഗരം ചുറ്റിയപ്പോള്‍ തിരിച്ചറിഞ്ഞത് ഒരു ജനതയുടെ ആത്മാഭിമാനം എങ്ങനെ ഉണരുന്നുവെന്ന് തന്നെ
ഇന്ത്യാ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നാട് ഭരിക്കുന്ന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഹര്‍ത്താല്‍ നടന്നിരിക്കുന്നു. അതിന് രണ്ട് തരത്തിലുള്ള പ്രത്യേകത ഉണ്ട്. നാട്ടിലെ രാഷട്രീയ പാര്‍ട്ടികള്‍ മാറിമാറി ഹര്‍ത്താല്‍ നടത്തുന്നത് കേരളത്തില്‍ പതിവാണെങ്കിലും അത്തരം ജനജീവിതം സ്തംഭിപ്പിക്കുന്ന ഒന്നും ഒരുകാലത്തും ഇന്ത്യയിലെ മറ്റിടങ്ങളല് നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹര്‍ത്താലായി ഇതിനെ വിശേഷിപ്പിക്കേണ്ടി വരും. ഇന്ന് അല്പം മുമ്പ് തിരുവന്നതപുരം നഗരം മുഴുവന്‍ ഓടിത്തിര്ത്തപ്പോള് മനസ്സിലായത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു ഹര്‍ത്താല്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല എന്നത് തന്നെയാണ്.
തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും അടങ്ങുന്ന കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഏത് രാഷട്രീയ പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും വാഹനങ്ങള്‍ ഓടുക പതിവാണ്. എന്നാല്‍ ഇന്ന് തിരുവനന്തപുരം അടക്കമുള്ള ഒരു നഗരത്തിലും ഒരു ഗ്രാമത്തിലും വാഹനങ്ങള്‍ ഓടിയില്ല എന്നത് വാസ്തവമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വാഹനങ്ങള്‍ ഓടിച്ചാല്‍ അത് തടയുന്നതിനോ തല്ലിപ്പൊട്ടിക്കുന്നതിനോ ആരും എത്തുകയില്ല എന്ന് ഉറപ്പുണ്ടായിട്ടും ആരും നിരത്തില്‍ ഇറക്കിയില്ല എന്നതാണ്. തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലൂടെയും ഇന്ന് യാത്ര ചെയതപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി. വളരെ അത്യാവശ്യം ഇല്ലാത്ത ആരും തെരുവില്‍ ഇന്ന് ഇറങ്ങിയേ ഇല്ല. ഒരു കടകളും തുറന്ന് കിടക്കുന്നത് കണ്ടില്ല.
മരുന്ന് കടകളും പെട്രോള്‍ പമ്പുകളുംതുറക്കും എന്ന് പറഞ്ഞെങ്കിലും അത്തരം കടകള്‍ പോലും തുറന്നിരിക്കുന്നത് കാണാന്‍ കഴിഞ്ഞില്ല. അതായത്, ആരും ഭയപ്പെടുത്താതിരുന്നിട്ടും, ആരും നിര്‍ബന്ധിക്കാതിരുന്നിട്ടും തിരുവന്നതപുരത്തേയും കേരളത്തിലേയും, എന്തിനേറെ ഇന്ത്യയിലെ തന്നെ സകല ജനങ്ങളും ഇന്ന് വീട്ടിലിരുന്നു എന്ന് തന്നെയാണ്. ഇത് വ്യക്തമാക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ജനതാ കര്‍ഫ്യൂവിനെ രണ്ട് കൈകളും നീട്ടി ഇന്ത്യന്‍ ജനത സ്വീകരിച്ചു എന്ന് തന്നെയാണ്. ഈ കര്‍ഫ്യൂ പ്രഖ്യാപിക്കുമ്പോള്‍ അതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയും നിരാശയും അതിശയവും പ്രകടിപ്പിക്കുകയു ചെയ്ത വ്യക്തിയാണ് ഞാന്‍.
അതിന്റെ പ്രധാനപ്പെട്ട കാരണം ഇത്തരം കര്‍ഫ്യൂകള്‍ ഒരു തമാശയായി തോന്നിയതുകൊണ്ടല്ല, നേരെമറിച്ച് വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനത്തിന് വേണ്ടി ഇന്ത്യയുടെ പ്രധാമന്ത്രി പ്രത്യക്ഷപ്പെട്ടപ്പോള്‍ ഈ നാട് കൊറോണ മൂലം അനുഭവിക്കുന്ന യാതനകള്‍ക്കുള്ള പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ ഒന്നും പ്രഖ്യാപിക്കാതെ കൈകഴുകുന്നതിനെ കുറിച്ചും ശബ്ദം ഉണ്ടാക്കുന്നതിനെ കുറിച്ചും കര്‍ഫ്യൂ നടത്തുന്നതിനെ കുറിച്ചും മാത്രം പറഞ്ഞതുകൊണ്ടാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക...