1 GBP = 93.50 INR                       

BREAKING NEWS

ഹൈലാന്‍ഡ് എസ്റ്റേറ്റിലെ ബെര്‍ക്ഹാളില്‍ ഐസൊലേഷനില്‍ താമസിച്ചിട്ടും ചാള്‍സ് രാജകുമാരന് കൊവിഡ്; ഭാര്യ കാമിലയും നിരീക്ഷണത്തില്‍; ബ്രിട്ടീഷ് കിരീടാവാശിയേയും കൊറോണ ബാ ധിച്ച വാര്‍ത്ത കേട്ട് ഞെട്ടി ലോകം; മഹാമാരി ബ്രിട്ടനെ കാര്‍ന്ന് തിന്നുമ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ബ്രിട്ടീഷുകാര്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ബ്രിട്ടണില്‍ കിരീടാവകാശി ചാള്‍സ് രാജകുമാരനും കോവിഡ് 19. ചാള്‍സ് രാജകുമാരന്റെ സ്രവ പരിശോധനയാണ് രോഗം ഉറപ്പിച്ചത്. ഇതോടെ ബ്രിട്ടണില്‍ കൊറോണ വൈറസ് എല്ലാ മേഖലയിലും പടര്‍ന്ന് പിടിച്ചെന്ന് വ്യക്തമായി. എല്ലാ മുന്‍കരുതലുമെടുത്തിട്ടാണ് കൊട്ടാരത്തിലും വൈറസ് എത്തിയത്. ചാള്‍സ് രാജകുമാരന് രോഗ ബാധയുള്ളത് ബ്രിട്ടീഷ് രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയെന്ന മഹാമാരി ബ്രിട്ടനെ കാര്‍ന്ന് തിന്നുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ചാള്‍സ് രാജകുമാരനെ രോഗം ബാധിച്ചുവെന്ന വസ്തുത.

യുകെയില്‍ കൊറോണ മരണം വിതച്ച് മുന്നേറുന്നത് രാജകുടുംബത്തെയും കടുത്ത പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. കോവിഡ്-19 നെ പ്രതിരോധിക്കുന്നതിനായി കടുത്ത മുന്‍കരുതലുകളാണ് രാജകുടുംബാംഗങ്ങളെല്ലാം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ഒറ്റക്ക് ഒരു വീട്ടിലാണ് കഴിയുന്നത്. ഒന്നാം കിരീടാവകാശിയും മകനുമായ ചാള്‍സും ഭാര്യയും വേറൊരിടത്താണ് കഴിഞ്ഞത്. ചാള്‍സിന്റെ മകനും രണ്ടാം കിരീടാവകാശിയുമായ വില്യവും ഭാര്യയും മക്കളും മൂന്നാമതൊരിടത്താണ് വേറിട്ട് താമസിക്കുന്നത്. കൊറോണയെ ബക്കിങ്ഹാം കൊട്ടാരം അതിജീവിക്കുന്നതിനാണ് ഇതെന്നും വിശദീകരിച്ചു. ഇതിനിടെയാണ് ചാള്‍സ് രാജകുമാരന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമില്ല ക്വാറന്റൈനിലായി.

ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും 53,000 ഏക്കര്‍ വരുന്ന ഹൈലാന്‍ഡ് എസ്റ്റേറ്റിലെ ബെര്‍ക്ഹാളിലാണ് താമസിച്ചിരുന്നത്. ഇരുവര്‍ക്കും 70 വയസിന് മേല്‍ പ്രായമുള്ളതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ചാണ് ഇവര്‍ ഐസൊലേഷനിലെന്ന വണ്ണം മാറിത്താമസിച്ചിരിക്കുന്നത്. ചാള്‍സിന്റെ ലണ്ടനിലെ വീടായ ക്ലാരന്‍സ് ഹൗസ് നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. വില്യവും ഭാര്യ കേയ്റ്റും മൂന്ന് മക്കളും നിലവില്‍ ലണ്ടനില്‍ നിന്നും മാറി മറ്റൊരിടത്താണ് താമസിക്കുന്നത്. ലണ്ടനില്‍ കൊറോണ കടുത്ത അപകടം വിതച്ച് കൊണ്ട് വ്യാപിക്കുന്നതിനാലാണ് മുന്‍കരുതല്‍. എന്നാല്‍ ഇതെല്ലാം വെറുതെയായി. ചാള്‍സിന് വൈറസ് സ്ഥിരീകരിച്ചതോടെ കാമില്ലയും സംശയ നിഴലിലാണ്.
വിന്‍ഡ്സറിനോട് താല്‍ക്കാലികമായി വിടപറഞ്ഞിരിക്കുന്ന രാജ്ഞി വിരലില്‍ എണ്ണാവുന്ന ജീവനക്കാരോടൊപ്പം നിലവില്‍ സെല്‍ഫ് ഐസൊലേഷനിലാണ്. രാജ്യത്തെ 70വയസു പിന്നിട്ടവര്‍ക്ക് കൊറോണ ഭീഷണി കൂടുതലായതിനാല്‍ ഇത്തരക്കാര്‍ മുന്‍കരുതലായി സെല്‍ഫ് ഐസൊലേഷനില്‍ കഴിയണമെന്ന ഗവണ്‍മെന്റ് നിര്‍ദ്ദേശം മാനിച്ചാണ് രാജ്ഞി ഇത്തരത്തില്‍ ഏറെക്കൂറെ ഏകാന്ത വാസം നയിക്കാന്‍ തുടങ്ങിയത്. വെറും എട്ട് ജീവനക്കാരൊടൊപ്പം ഒരു വീട്ടില്‍ രാജ്ഞി ' വെര്‍ച്വല്‍ സെല്‍ഫ് ഐസൊലേഷനില്‍' ആണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനിടെയാണ് മകന് രോഗ ബാധ സ്ഥിരീകരിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊട്ടാരത്തിലെ ഏതാണ്ട് നൂറോളം ജീവനക്കാരോട് വീട്ടില്‍ പോയ്ക്കോള്ളാനാണ് കൊട്ടാരം നിര്‍ദ്ദേശിച്ചിരുന്നത്. കൊറോണ ഭീഷണിയില്‍ രാജകുടുംബാംഗങ്ങളുടെയും ആ ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണീ നടപടി. നിലവില്‍ അടുത്ത കുടുബാംഗങ്ങള്‍ക്ക് പോലും രാജ്ഞിയെ കാണുന്നതിന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്.

ഐസൊലേഷനില്‍ പോകുന്നതിനായി രാജ്ഞിയും ഭര്‍ത്താവായ ഫിലിപ്പ് രാജകുമാരനും കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിന്‍ഡ്സറില്‍ നിന്നു സാന്‍ഡ്രിന്‍ഗ്ഹാമിലെ വീട്ടിലേക്ക് മാറുകയായിരുന്നു. തന്റെ പ്രിയപ്പെട്ട സ്റ്റാഫുകളായ പേജ് ഓഫ് ബാക്ക്സ്റ്റെയേര്‍സ് പോള്‍ വൈബ്രൂവും പഴ്സണല്‍ അഡൈ്വസറായ ഏയ്ജെല കെല്ലിയും രാജ്ഞിക്കൊപ്പം ഇപ്പോഴുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുകെയെ കൊറോണ വൈറസ് എത്രമാത്രം ആഴത്തിലും വ്യാപ്തിയിലും ഗുരുതരമായി ബാധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് പുതിയ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നത്. ഇതു പ്രകാരം ബ്രിട്ടനിലെ പാതിയോളം പേര്‍ക്ക് ഇതിനോടകം കൊറോണ ബാധിച്ചു കഴിഞ്ഞിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതായത് ജനുവരി മുതല്‍ രോഗം രാജ്യത്ത് പടരാന്‍ തുടങ്ങിയെന്നും ഈ പഠനം നടത്തിയവര്‍ സമര്‍ത്ഥിക്കുന്നു. യുകെയില്‍ ഇന്നലെ മാത്രം കൊറോണ 87 ജീവനെടുത്ത് ആകെ മരണം 422 ആയി മാറിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ കൊറോണയെന്ന മഹാമാരി ബ്രിട്ടന്റെ ഭൂപടം തിരുത്തുമോ? എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാകുന്നുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിലൂടെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം യുകെയില്‍ പുതുതായി  1427 രോഗികളെ സ്ഥിരീകരിക്കുകയും രാജ്യത്തെ  കൊറോണ രോഗികളുടെ മൊത്തം എണ്ണം 8077 ആയി കുതിച്ചുയരുകയും ചെയ്ത വേളയിലാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ തിയററ്റിക്കല്‍ എപ്പിഡെമിയോളജിയിലെ പ്രഫസറായ സുനേത്ര ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയ പഠനഫലം പുറത്ത് വിട്ടിരിക്കുന്നത്.

രാജ്യത്തെ   കോവിഡ്-19 ന്റെ ഇന്‍ഫെക്ഷന്‍ റേറ്റിനെക്കുറിച്ചുള്ളതായിരുന്നു നിര്‍ണായകമായ ഈ പഠനം. ഇത് പ്രകാരം യുകെയില്‍ ആദ്യത്തെ കോവിഡ്-19 എത്തിയത് ജനുവരി മധ്യത്തോടെയാണെന്നാണ് ഓക്‌സ്‌ഫോര്‍ഡിലെ എവല്യൂഷണറി എക്കോളജി ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതായത് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസുകള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് രണ്ടാഴ്ച  മുമ്പും ആദ്യ മരണമുണ്ടാകുന്നതിന് ഒരു മാസം മുമ്പും വൈറസ് യുകെയില്‍ പ്രവേശിച്ചിരുന്നുവെന്നാണ് ഈ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

പുതിയ പഠനമനുസരിച്ച് വൈറസിന് ബ്രിട്ടനില്‍ ഇത്രയ്ക്ക് വ്യാപകമായി പടരുന്നതിന് സമയമേറെ ലഭിച്ചുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ബ്രിട്ടീഷുകാരില്‍ നിരവധി പേര്‍ തങ്ങളുടെ നല്ല പ്രതിരോധ ശേഷി കൊണ്ടാണ് ഈ വൈറസ് ബാധിച്ചിട്ടും ലക്ഷണങ്ങള്‍ പോലും പ്രകടിപ്പിക്കാതെ പിടിച്ച് നില്‍ക്കുന്നതെന്നും ഈ പഠനം അഭിപ്രായപ്പെടുന്നു. തന്റെ ഈ പഠനത്തെ വിലയിരുത്തുന്നതിനായി ടെസ്റ്റിംഗ് അനിവാര്യമാണെന്നും സുനേത്ര ഗുപ്ത പറയുന്നു. ഇതിനോട് അനുബന്ധിച്ച് വ്യാപകമായ സെറോളോജിക്കല്‍ സര്‍വേകള്‍ അഥവാ ആന്റിബഡി ടെസ്റ്റിംഗ് അത്യാവശ്യമാണെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഇതിലൂടെ മാത്രമേ യുകെ രോഗത്തിന്റെ ഏത് സ്റ്റേജിലാണെത്തിയതെന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.ഇന്നലെ മാത്രം മരിച്ചിരിക്കുന്ന 87 പേരില്‍ 21 പേരും ലണ്ടനിലെ എന്‍എച്ച്എസ് ട്രസ്റ്റിന്റെ പരിധിയില്‍ വരുന്നവരാണ്. സ്‌കോട്ട്‌ലന്‍ഡില്‍ ഇന്നലെ രണ്ട് മരണവും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഓരോ മരണങ്ങള്‍ വീതവും പുതുതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തിങ്കളാഴ്ച രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവര്‍ 44 പേരായിരുന്നു. ഒരാഴ്ചക്കിടെ രാജ്യത്തെ മരണനിരക്കില്‍ ഏതാണ്ട് ആറിരട്ടി വര്‍ധനവാണ് പ്രകടമായിരിക്കുന്നത്. അതായത് കഴിഞ്ഞ ചൊവ്വാഴ്ച വെറും 71 പേര്‍ മരിച്ച സ്ഥാനത്താണ് ഇന്നലെ മരണം 422ല്‍ എത്തിയിരിക്കുന്നത്.

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ കാര്യത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇത് പ്രകാരം ഇന്നലെ മാത്രം 1427 പുതിയ കേസുകള്‍ സ്ഥിരീകരിക്കപ്പെടുകയും മൊത്തം രോഗികളുടെ എണ്ണം 8077 ആയെന്നും ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍  ഹോസ്പിറ്റലുകളിലെ രോഗികളെ മാത്രം കൊറോണ പരിശോധനക്ക് വിധേയമാക്കിയാല്‍ മതിയെന്ന വിവാദ തീരുമാനം ഗവണ്‍മെന്റ് എടുത്തത് കാരണം ഇതിലും എത്രയോ ഇരട്ടി രോഗികള്‍ തിരിച്ചറിയപ്പെടാതെ സമൂഹത്തില്‍ ഏവരോടും ഇടപഴകി നടക്കുന്നുണ്ടെന്നും അതിനാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്ത് കൊറോണ ബാധിച്ചവര്‍ ഏതാണ്ട് നാല് ലക്ഷത്തിനടുത്ത് വരുമെന്നും സൂചനയുണ്ട്.

ഇത്തരത്തില്‍ യുകെയിലെ കോവിഡ്-19 കേസുകളും മരണവും ദിനംപ്രതി വര്‍ധിക്കുമ്പോഴും ഇതിനെ പിടിച്ച് കെട്ടാനായി ഭാഗികമായ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കര്‍ക്കശമായി നടപ്പിലാക്കിയിട്ടും രാജ്യത്തെ ജനങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇതിന്റെ ഗുരുതരാവസ്ഥ ഇനിയും ബോധ്യം വന്നിട്ടില്ലെന്നും നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും ആരോപണമുണ്ട്. നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും ലണ്ടന്‍ ട്യൂബിലേക്കും ട്രെയിനുകളിലേക്കും യാത്രക്കാര്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇടിച്ച് കയറി തൊട്ട് തൊട്ട് നിന്ന് സഞ്ചരിക്കുന്ന അവസ്ഥയുണ്ടെന്നുമുള്ള ആശങ്ക കലര്‍ന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

വൈറസ് ബാധയെ പിടിച്ച് കെട്ടുന്നതിനായി പാര്‍ക്കുകളിലും മറ്റ് പൊതുഇടങ്ങളിലും പോകുന്നത് പരമാധി കുറയ്ക്കണമെന്നും അഥവാ പോയാല്‍ തന്നെ രണ്ട് പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടരുതെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് കൊണ്ട് ബോറിസ് താക്കീതേകിയിരുന്നു. എന്നാല്‍ പാര്‍ക്കുകളിലും മറ്റും ഇപ്പോഴും ആളുകള്‍ ഒരുമിച്ച് കൂടുന്ന അവസ്ഥയുണ്ടെന്ന് ചിലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗം പടരുന്നത് കുറയ്ക്കാനായി സാമൂഹിക അകലം പാലിക്കണമെന്ന ഗവണ്‍മെന്റിന്റെ നിര്‍ദേശത്തിന് ചിലര്‍ യാതൊരു വിലയും കൊടുക്കാത്തതും കടുത്ത ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വിലക്ക് ലംഘിച്ച് കൊണ്ട് ബാര്‍ബിക്യൂ നടത്തിയ നിരവധി പേരെ ഇന്നലെ പോലീസ് ലാത്തി വീശി പിരിച്ച് വിടേണ്ടി വന്നുവെന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category