1 GBP = 92.00INR                       

BREAKING NEWS

ഡല്‍ഹിയില്‍ 15 ലക്ഷം പേരില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായേക്കാം; മുംബൈയിലും കൊല്‍ക്കത്തയിലും ബെംഗളുരുവിലും അഞ്ചു ലക്ഷം കേസുകള്‍ വരെയുണ്ടാകാം; കൊച്ചി ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളിലും ഒരു പരിധി കഴിഞ്ഞാല്‍ കോവിഡ് രോഗ വ്യാപനം തടയല്‍ അത്രയേറെ ബുദ്ധിമുട്ടാകും; രാജ്യത്ത് കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ തൊട്ടടുത്തെന്ന് മുന്നറിയിപ്പ്; ഇന്ത്യയുടെ ഭാവി എങ്ങനെയെന്ന് നിശ്ചയിക്കുന്നത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച 21 ദിവസങ്ങളില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ ഘട്ടം എത്തിയപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ 21 ദിവസത്തേക്ക് രാജ്യം അടച്ചിടുന്നു എന്ന തീരുമാനം പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ നിര്‍ണായകമായത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) റിപ്പോര്‍ട്ടായിരുന്നു. രാജ്യത്ത് അതിവേഗം കൊറോണ വൈറസ് വ്യാപനം നടക്കുന്നു എന്നാണ് ഇവര്‍ നല്‍കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് കൈവിട്ടു പോയാല്‍ എന്തായിരിക്കും രാജ്യത്തിന് സംഭവിക്കുന്ന എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുക ഉണ്ടായി. രാജ്യത്തിന്റെ ഭാവി എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക തീരുമാനം കൈക്കൊള്ളുകയായിരുന്നു മോദി ഇന്നലത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിലൂടെ ചെയ്തത്.

രോഗവ്യാപനം ഉണ്ടായാല്‍ അത് ഡല്‍ഹിയില്‍ മാത്രം 15 ലക്ഷം പേരെ ബാധിക്കുമെന്നായിരുന്നു പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ അഞ്ച് ലക്ഷം വീതം കേസുകള്‍ വരെയുണ്ടാകാം. ഫെബ്രുവരി മുതല്‍ 200 ദിവസത്തേക്ക് ഇത് ഉയരാമെന്നും ഫെബ്രുവരി 27ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രതികൂല സാഹചര്യമാണെങ്കില്‍ ഡല്‍ഹിയില്‍ ഇത് ചുരുങ്ങിയ കാലത്തില്‍ 10 ദശലക്ഷം വരെ ഉയരാം. മുംബൈയില്‍ നാല് ദശലക്ഷം വരെ. ഫെബ്രുവരി മുതല്‍ 50 ദിവസത്തെ കാലയളവില്‍ ഇത് ഉയരാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രവചിക്കാവുന്നതും ശുഭപ്രതീക്ഷ നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ രോഗ വ്യാപനം വളരെ പതുക്കെയായിരിക്കും. ഡല്‍ഹിയില്‍ 700 ദിവസത്തിനിടെ രണ്ട് ലക്ഷം കേസുകളായിരിക്കും ഇങ്ങനെ ഉണ്ടാകുക. ഇതു സംഭവിക്കണമെങ്കില്‍ ലക്ഷണങ്ങള്‍ കാണിച്ചതില്‍ പകുതി പേരെയെങ്കിലും മൂന്നു ദിവസത്തിനകം ക്വാറന്റീനു വിധേയമാക്കേണ്ടിവരും. എന്നാല്‍ ഒരു മാസം മുന്‍പു പൂര്‍ണമായും കണക്കുകള്‍ മാത്രം അടിസ്ഥാനമാക്കി തയാറാക്കിയ വിവരമാണിതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു വിമാനത്താവളങ്ങളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. തുടക്കകാലത്തു വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ വഴിയാണു രോഗം പടരുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിമാനത്താവളങ്ങളിലെത്തിയ 15 ലക്ഷം പേരെയാണു പരിശോധിച്ചതെന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വിമാനത്താവളങ്ങളിലെ തെര്‍മല്‍ സ്‌ക്രീനിങ് വഴി 46 ശതമാനം രോഗബാധിതരായ യാത്രക്കാരെയും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണു റിപ്പോര്‍ട്ടിലുള്ളത്. കൂടാതെ ലക്ഷണങ്ങളോ കൃത്യമായ വിവരമോ ലഭിക്കാത്തതിനാല്‍ രോഗബാധയുള്ളതില്‍ പകുതി യാത്രക്കാരും പരിശോധനയ്ക്കു വിധേയമായില്ലെന്നു മറ്റൊരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാര്‍ച്ച് മുതലാണു വിമാനത്താവളങ്ങളിലെ തെര്‍മല്‍ സ്‌ക്രീനിങ് നടപടി ആരംഭിച്ചത്. എന്നാല്‍ രോഗ ഭീഷണി ഫെബ്രുവരി മാസം മുതലേ ഉണ്ടായിരുന്നു. വിമാനത്താവളങ്ങളില്‍ ലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍നിന്നു രോഗവിവരങ്ങള്‍ ലഭിക്കുന്നതിനുള്ള പരിശോധന സംവിധാനങ്ങള്‍ അപ്പോഴില്ലായിരുന്നുവെന്നും പഠനം വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണം നോക്കിയാല്‍ ഇവര്‍ക്കാകെ ലബോറട്ടറികളില്‍ പരിശോധന നടത്തുകയെന്നതും അസാധ്യമായിരുന്നു. പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടമായ സമൂഹ വ്യാപനം ആരംഭിച്ചിട്ടില്ലെന്നാണു സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ സമൂഹ വ്യാപനം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്നു തിങ്കളാഴ്ച ഐസിഎംആര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 20 ദിവസത്തിനുള്ളിലോ, ചുരുങ്ങിയ മാസങ്ങള്‍ക്കകമോ ഇത് ആരംഭിക്കും. ഇത് തടയാന്‍ വേണ്ടിയാണ് 21 ദിവസത്തെ ലോക്ക്ഡൗണ്‍ രാജ്യം പ്രഖ്യാപിച്ചത്. കൊച്ചിയുള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ ഒരു പരിധി കഴിഞ്ഞാല്‍ രോഗ വ്യാപനം തടയല്‍ അത്രയേറെ ബുദ്ധിമുട്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

അതേസമയം ചൈനയ്ക്കും, യൂറോപ്പിനും പിന്നാലെ കൊറോണ വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് സൂചിപ്പിച്ചു ശാസ്ത്രജ്ഞന്‍ പ്രശസ്ത എപ്പിഡമോളജിസ്റ്റായ ഡോ.രമണന്‍ ലക്ഷ്മി നാരായണ്‍ രംഗത്തെത്തിയിരുന്നു. 30 കോടി കോവിഡ്-19 പോസിറ്റീവ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് ലക്ഷ്മി നാരായണന്‍ പ്രവചിച്ചത്. സെന്റര്‍ ഫോര്‍ ഡിസീസ് ഡയനമിക്‌സ് എക്കണോമിക്‌സ ആന്‍ഡ് പോളിസി ഡയറക്ടറാണ് ലക്ഷ്മി നാരായണ്‍. 2017 ല്‍ അദ്ദേഹം എഴുതിയ 'പ്രിപ്പേറിങ് ഫോര്‍ പാന്‍ഡെമികിസ്' എന്ന പഠനത്തില്‍ സമാനമായ ഒരു രോഗ വ്യാപനത്തെ കുറിച്ചുള്ള സൂചനയുണ്ട്.

ഇന്ത്യയില്‍ വളരെ ചെറിയ വിഭാഗം ആളുകള്‍ക്കു മാത്രമേ കൊറോണ വൈറസ് ഗുരുതരമായി ബാധിക്കുവെന്നാണ് ഡോ.ലക്ഷ്മി നാരായണ്‍ പ്രവചിച്ചത്. അതില്‍ തന്നെ മരണ നിരക്കും വളരെ കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രാജ്യത്തെ 80 ശതമാനം ആളുകള്‍ക്കും വൈറസ് ബാധ ഉണ്ടായേക്കാമെന്നാണ് ദി വയറിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കിയത്. കോവിഡ്-19ന്റെ വ്യാപനത്തില്‍ ഇന്ത്യ ഇപ്പോഴും രണ്ടാം ഘട്ടത്തില്‍ മാത്രമാണെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തില്‍ വൈറസ് പരിശോധനയ്ക്കുള്ള സൗകര്യം രാജ്യവ്യാപകമായി വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ലക്ഷ്മി നാരായണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category