അനേകം കരങ്ങളിലൂടെ കടന്നെത്തുന്ന പത്രക്കെട്ടുകള്‍ നിങ്ങളുടെ വീട്ടില്‍ എത്തുമ്പോള്‍ കൊറോണ എത്തില്ലേ? മുഷിഞ്ഞ് നാറിയ നോട്ടുകെട്ടുകളെ കൊറോണ വെറുതെ വിടുമോ? ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളില് എങ്ങനെ കൊറോണ വൈറസ് എത്താതെ പോകും? ആനവണ്ടിയില്‍ തിങ്ങി നിറഞ്ഞ് ജനം യാത്ര ചെയ്യുമ്പോള്‍ ഒരു മീറ്റര്‍ അകലം ബാധകമല്ലേ? കൊറോണ കാലത്തെ മലയാളികളുടെ കാപട്യങ്ങള്‍..
ഒടുവില്‍ കേരളം അടച്ച് പൂട്ടിയിരിക്കുന്നു. അതായത്, കേരളത്തിന്റെ സകല പ്രവര്‍ത്തികളും അത്യാവശ്യമല്ലെങ്കില്‍ നിരോധിച്ചിരിക്കുകയാണ്. കേരളത്തിലെ തെരുവുകളിലൂടെ ഓടുന്നതിനുള്ള അവകാശം സ്വകാര്യ വാഹനങ്ങള്‍ക്ക് ഉണ്ടെങ്കില്‍ കൂടി പൊലീസ് കൈകാണിക്കുകയും പരിശോധിക്കുകയും എന്തിന് വേണ്ടി പോകുന്നു എന്ന് ചോദിക്കുകയും ചെയ്യുമ്പോള്‍ ഉത്തരം പറയേണ്ട ബാധ്യത ഓരോ പൗരനുമുണ്ട്. തെരുവില്‍ കൂട്ടം കൂടി നില്‍ക്കുകയോ വെറുതെ നില്‍ക്കുകയോ ചെയ്യുന്നവരെ പോലും അടിച്ചോടിക്കാന്‍ പൊലീസ് ഔത്സുക്യം കാണിക്കുന്നു. ഈ കൊറോണ കാലത്ത് അങ്ങനെ ചെയ്യുന്നതില്‍ അത്ഭുതമൊന്നുമില്ല. ഇവിടെ മനുഷ്യാവകാശവും പൗരാവകാശവും പരിഗണിക്കുന്നതിനേക്കാള്‍ നല്ലത് സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക തന്നെയാണ്.
മലയാളികള്‍ ഒരുമിച്ച് ശുചിത്വം അടക്കമുള്ള കാര്യങ്ങളില്‍ പുതിയ പ്രമാണങ്ങള്‍ നടപ്പിലാക്കുകയും അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നു. എല്ലാം നല്ലത് തന്നെയാണ്. ഒരു കാര്യവുമില്ലാതെ ഭീതി പടര്‍ത്തുകയും ഭീതിയോടെ ജീവിക്കുകയും ഭീതിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. അങ്ങനെ ഒരു വശത്ത് നമ്മള് വ്യക്തിശുചിത്വത്തില്‍ അധിഷ്ടിതമായി, വ്യക്തി സുരക്ഷയില്‍ അധിഷ്ടിതമായി കരുതലുകള്‍ എടുക്കുമ്പോള്‍ ചില താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് വേണ്ടി നമ്മള് കാപട്യത്തിന്റെ മറ്റൊരു മുഖവും തുറന്ന് കാണിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ വീടുകളില്‍ ദിവസവും എത്തുന്ന പത്രക്കെട്ടുകള്‍ തന്നെയാണ്.
പത്രങ്ങള്‍ അണുവിമുക്തമാണെന്നും മനുഷ്യസ്പര്‍ശം ഏല്‍ക്കുന്നില്ല എന്നുമുള്ള ന്യായീകരണങ്ങളുമായി പത്രമുതലാളിമാരും അവരുടെ പിണിയാളുകളും രം?ഗത്തെത്തിയിട്ടുണ്ട്. കാലാകാലങ്ങളില്‍ അവര്‍ ചെയ്യുന്നത് അങ്ങനെ തന്നെയാണ്. പൂര്‍ണമായും യന്ത്രങ്ങളുടെ സഹായത്താല്‍ അച്ചടിച്ച് യന്ത്രങ്ങളുടെ സഹായത്താല്‍ പായ്ക്ക് ചെയ്ത് യന്ത്രങ്ങളുടെ സഹായത്താല്‍ വാഹനങ്ങളില്‍ കയറ്റി യന്ത്രങ്ങളുടെ സഹായത്താല്‍ വിതരണം ചെയ്ത്, കൂടാതെ അതിനെ അണുവിമുക്തമാക്കാനുള്ള നടപടികളും എടുക്കുന്ന ഏക സ്ഥാപനമാണ് മാധ്യമങ്ങളും പത്രങ്ങളും എന്നാണ് പ്രചരണം. സ്വന്തം കച്ചവടത്തെ ദോഷമായി ബാധിക്കുന്നതിനെതിരെ പുതിയ തിയറി സൃഷ്ടിക്കുന്നതിനും അതിനെ ന്യായീകരിക്കുന്ന തരത്തില്‍ പ്രചരണം നടത്തുന്നതിനുമുള്ള അവകാശം പത്രമുതലാളിമാര്‍ക്ക് ഉള്ളതുകൊണ്ട് തന്നെ അതിനോട് ഞാന്‍ എതിര്‍പ്പ് പറയുന്നില്ല. എന്നാല്‍, പ്രായോ?ഗികമായി മനുഷ്യ സ്പര്ശമേല്ക്കാതെ ഒരു പത്രത്തിനും വീടുകളില്‍ എത്താന്‍ കഴിയില്ല എന്ന വാസ്തവം എല്ലാവര്‍ക്കുമറിയാം.
യന്ത്രങ്ങളുടെസഹായം ഉണ്ടെങ്കില്‍ പോലും അച്ചടിക്കുന്നത് മുതല്‍ വീടുകളില്‍ എത്തുന്നത് വരെയുള്ള പ്രക്രിയയില്‍ മനുഷ്യസ്പര്‍ശം പലതവണ ഏല്ക്കും എന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത്? പ്രധാനപ്പെട്ട ഏജന്റ്മാര്‍ക്ക് കിട്ടുന്ന പത്രം അതാതിടങ്ങളിലെ വഴിയരുകുകളിലെ കടമുറ്റത്ത് വെച്ച് പലതായി തിരിച്ച് അതിലേക്ക് പരസ്യങ്ങള്‍ കുത്തിനിറച്ച് അതെടുത്ത് സൈക്കിളില്‍ വരുന്ന സബ് ഏജന്റുമാര്‍ക്ക് കൊടുക്കാത്ത ഇടങ്ങള്‍ എവിടെയെങ്കിലും ഉണ്ടാകുമോ? ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ചചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..