1 GBP = 98.50INR                       

BREAKING NEWS

ലോകരാജ്യങ്ങളില്‍ കൊറോണയെ ശക്തമായി പ്രതിരോധി ക്കുവാന്‍ ആരോഗ്യമേഖലകളിലെ വിദഗ്ധരോടൊപ്പം മറ്റെല്ലാ മേഖലകളിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തണം

Britishmalayali
റോയ് സ്റ്റീഫന്‍

വ്യക്തികളെന്നും വ്യത്യസ്ഥത നിലനിര്‍ത്തുന്നവരാണ്, വ്യക്തികള്‍ക്ക് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഒരേസമയം ചെയ്യുവാന്‍ കഴിവുള്ളവരായതുകൊണ്ടും സാധിക്കുന്നതുകൊണ്ടുമാണ് ഭൂമിയില്‍ മനുഷ്യര്‍ എല്ലാ പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്നത്. ഒരു മനുഷ്യനില്‍ നിന്നും ഉത്ഭവിച്ചു പല സമൂഹങ്ങളിലൂടെ വളര്‍ന്നു വിവിധ രാജ്യങ്ങളായി ഭൂമിയുടെമേല്‍  അധികാരവും അവകാശവും നിലനിര്‍ത്തുന്ന മനുഷ്യര്‍ സദാജാഗരൂകരായി ജീവിക്കുന്നതുകൊണ്ടും കൂടിയാണ് ലോകത്തിലുള്ള എല്ലാ അനര്‍ഥങ്ങളുടെ മേലും വിജയം കൈവരിക്കുന്നത്. എന്നാല്‍ ഓരോ വ്യക്തികള്‍ക്കും ലഭിച്ചിരിക്കുന്ന എല്ലാക്കഴിവുകളും യഥാസമയങ്ങളില്‍ പലരും ഉപയോഗിക്കുന്നില്ലാ എന്നതുകൊണ്ട് തന്നെ അവരോരുത്തരുടെയും കഴിവുകള്‍ വൃഥാവിലാവുകയാണ്.

അതിസമര്‍ത്ഥര്‍ അഥവ ബുദ്ധിശാലികള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ നിരന്തരം വായനയിലും ഗവേഷങ്ങളിലുമുപരി പലമേഖലകളിലും പ്രവര്‍ത്തനമികവ് പുലര്‍ത്തുന്നവരും സമൂഹത്തിലെ പ്രവര്‍ത്തനങ്ങളെയും മനുഷ്യന്റെ ജീവിതരീതികളെയും വിമര്‍ശനകരമായി ചിന്തിക്കുന്നവരുമാണ്. നിരന്തരമായി വിമര്‍ശനകരമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിനാലും തങ്ങളുടേതായ അഭിപ്രായങ്ങള്‍ അനുയോജ്യമായ തെളിവുകള്‍ സഹിതം നിരത്തുവാന്‍ സാധിക്കുന്നത് കൊണ്ട് മാത്രമാണ് സമൂഹത്തിലും ലോകത്തെല്ലായിടത്തും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും നിലവിലുള്ളവയെ പരിഷ്‌ക്കരിച്ചുകൊണ്ട് കൂടുതല്‍ ഉപകാരപ്രദമാക്കി മാറ്റുവാനും സാധിക്കുന്നത്. എന്നാല്‍ സമര്‍ത്ഥരും ബുദ്ധിജീവികളുമാണെന്ന് സ്വയം അവരോധിക്കുന്ന വ്യക്തികള്‍ കാലോചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവരുടെ ബുദ്ധിസാമര്‍ഥ്യം കൊണ്ട് അവര്‍ക്കും ലോകത്തൊരാള്‍ക്കും ഗുണം ലഭിക്കാതെ പോവുകയാണ്.

എല്ലാ സന്ദര്‍ഭങ്ങളിലും അധികാരികള്‍ക്ക് അനുയോജ്യമായ തീരുമാനമെടുക്കേണ്ടതിന് നേരായതും ശരിയായതുമായ ഉപദേശങ്ങള്‍ യോഗ്യതയുള്ളവരും അതിനായി നിയുക്തരായ വ്യക്തികളില്‍ നിന്നും തേടേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ തിരിച്ചും മറ്റു വ്യക്തികള്‍ക്ക് ഉപദേശങ്ങള്‍ കൊടുക്കുന്നവര്‍ ഉത്തമവും ഫലപ്രദമായ ഉപദേശങ്ങളും കൊടുക്കേണ്ടതും അനിവാര്യമാണ്. ജനാധിപത്യ വ്യവസ്ഥിതികളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ രാജ്യങ്ങളെ നേരായി നയിക്കുന്നുണ്ടെങ്കിലും നിര്‍ണ്ണായക ഘട്ടങ്ങളിലും ചില പ്രത്യേക സാഹചര്യങ്ങളിലും ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നത്  അതാത് മേഖലകളില്‍ നൈപുണ്യം ലഭിച്ചവരില്‍ നിന്നുമാത്രമാണ്. പ്രത്യേകിച്ചും നിലവിലുള്ള ആരോഗ്യമേഖലകളിലെ അനിശ്ചതത്വങ്ങളില്‍ രാഷ്ട്രീയ നേതൃത്വവും പൊതുജനങ്ങളും നേരായ മാര്‍ഗം പ്രതീക്ഷിക്കുന്നത് മെഡിക്കല്‍ മേഖലകളിലെ വിദഗ്ധരില്‍ നിന്നും മാത്രമാണ്. എന്നിരുന്നാല്‍ കൂടിയും മറ്റെല്ലാ മേഖലകളിലുള്ള വിദഗ്ധരുടെ സഹായ സഹകരണങ്ങള്‍ അധികമായി ആവശ്യമുള്ള സമയങ്ങളിലൂടെയാണ് ലോകം നിലവില്‍ കടന്നു പോയ്‌കൊണ്ടിരിക്കുന്നത്. 

കോവിഡ് -19 നെന്ന പകര്‍ച്ചവ്യാധി ലോകത്തെല്ലായിടത്തും ഭീതിപരത്തിക്കൊണ്ട് ജനങ്ങളെ വീടുകള്‍ക്കുളളില്‍ തളച്ചിടുകയും ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും ആരോഗ്യമേഖലകളിലുള്ള വിധഗ്ധരില്‍ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാല്‍ കൂടിയും സാമൂഹികജീവികളായ മനുഷ്യര്‍ ഈ അധുനിക യുഗത്തില്‍ ഇതുവരെ നേടിയതെല്ലാം ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന വസ്തുതയും ഓര്‍മ്മിക്കണം. പ്രത്യേകിച്ചും മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍മ്മനിരതരും സാമൂഹിക പ്രതിബദ്ധതയുമുള്ള ബുദ്ധിജീവികളെന്നു വിശേഷിപ്പിക്കാവുന്ന സാധാരണക്കാര്‍.

ഇതിനുമുമ്പ് ലോകം ഇതിലും വലിയ പകര്‍ച്ചവ്യാധികളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ട്, അപ്പോഴെല്ലാം മനുഷ്യന്റെ ജീവിത രീതികളിലും ചിന്താഗതികളിലും മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. നിലവില്‍ ആരോഗ്യമേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്ന അവശ്യസേവനങ്ങളും അതോടൊപ്പം സര്‍ക്കാരിന്റെ സുരക്ഷാസംവിധാനങ്ങളും മാത്രമാണ് അവരുടെ തനത് പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തുന്നത്. എന്നാല്‍ ബാക്കിയുള്ള എല്ലാ മേഖലകളും തന്നെ ആധുനിക ലോകത്തിന്റെ സംഭാവനായ കംപ്യൂട്ടറുകളുടെ സഹായത്തോടെ വിദൂരങ്ങളിലുള്ള സ്വന്തം ഭവനങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്നു.  വികസിത രാജ്യങ്ങളില്‍ ഭൂരിഭാഗം മനുഷ്യര്‍ക്കും ഇതൊരു പുത്തന്‍ അനുഭവമല്ലെങ്കിലും അവികസിത രാജ്യങ്ങള്‍ക്ക് ഇതൊരു പുതിയ അറിവും അനുഭവുമാണ്. 

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തില്‍ മനുഷ്യന്റെ ജീവിതരീതികള്‍ ഒരേ ആയുസ്സില്‍ തന്നെ പലയാവര്‍ത്തി മാറിക്കൊണ്ടിരിക്കുകയാണ്. അവികസിത രാജ്യങ്ങളില്‍ ഗ്രാമങ്ങളില്‍ നിന്നും നാട്ടിന്‍പുറങ്ങളില്‍ നിന്നും മനുഷ്യര്‍ അധുനികതയെ പുല്‍കാനും അനുയോജ്യമായ ജോലി സാധ്യതകള്‍ക്കായി പട്ടണങ്ങളിലേയ്ക്ക് ചേക്കേറുമ്പോള്‍. പട്ടണങ്ങളിലുള്ളവര്‍ ശുദ്ധമായ വായുവും ജലവും തേടി ഗ്രാമങ്ങളിലേയ്ക് തിരികെപോയ്ക്കൊണ്ടിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം വിദഗ്ധ മേഖലകളിലുള്ളവര്‍ ഏകദേശം എഴുപതു ശതമാനവും ആഴ്ചയില്‍ ഒരിക്കലെങ്കിലും വീട്ടിലിരുന്നു ജോലി ചെയ്യുന്നവരാണ് അതോടൊപ്പം ഏകദേശം അമ്പതു ശതമാനവും ഒരാഴ്ചയുടെ പകുതിയോളം വീട്ടിലിരുന്നു ജോലി ചെയ്യുന്നുണ്ട്. ഇനി വരും കാലങ്ങളില്‍ ലോകജനസംഘ്യയുടെ ഇരുപത് ശതമാനവും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരായിരിക്കും.

ഈ പുതിയ ജീവിത രീതികള്‍ക്ക് ടെലികമ്മ്യൂട്ടിംഗ് എന്ന നാമകരണവും നല്‍കിയിട്ടുണ്ട്. ആഗോള തലങ്ങളിലുള്ള വന്‍കിട വ്യവസായ മേഖലകളെല്ലാം തന്നെ തങ്ങളുടെ സ്വന്തം ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനായി ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമായ ചൈനയില്‍ രോഗം തുടങ്ങിയ ആദ്യകാലങ്ങളിലെ ഉത്കണ്ഠയും സംഭ്രമവും കഴിഞ്ഞപ്പോള്‍ തന്നെ എല്ലാ മേഖലകളിലെയും ഉദ്യോഗാസ്ഥര്‍ വീട്ടിലിരുന്നു ജോലി ചെയ്യുവാന്‍ തുടങ്ങിയിരുന്നു. പ്രത്യേകിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ അവരുടെ പാഠ്യേതര വിഷയങ്ങളും മറ്റെല്ലാ വിഷയങ്ങളുടെയും ഭാഗീകമായെങ്കിലും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിരുന്നു. ചുരുക്കത്തില്‍ കൊറോണാ വൈറസിനോടുള്ള പേടി ലോകത്തു നിന്നും അപ്രത്യക്ഷമാകുമ്പോള്‍ മനുഷ്യര്‍ക്ക് വീണ്ടും നിലവിലെ ജീവിത രീതികള്‍ക്ക് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും.

ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്ന എല്ലാ രാജ്യങ്ങളിലേയും നിലവിലുള്ള രോഗപ്രതിരോധ നടപടികളെല്ലാം താല്‍ക്കാലികമാണ്, അധികം താമസിയാതെ മനുഷ്യരും സമൂഹവും ഇപ്പോളുള്ള എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തുമുന്നേറുക തന്നെ ചെയ്യും. അപ്പോഴും ഊര്‍ജ്ജസ്വലതയുള്ള ഒരു ലോകം നിലനില്‍ക്കുമെന്ന്  ഉറപ്പ് വരുത്തേണ്ടതും അനിവാര്യമായ വസ്തുതയാണ്. അതിനാവശ്യമുള്ളത് എല്ലാ മേഖലകളിലെയും വിദഗ്ധരെ ഈ മഹാമാരിയെ നിര്‍വീര്യമാക്കുവാനുള്ള പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ഉള്‍പെടുത്തുക എന്നതുമാത്രമാണ്. കൊറോണ ബാധിച്ച ഒരു സ്വീഡിഷ് പൗരന്‍ കൊറോണയുമായുള്ള തന്റെ ജീവിതാനുഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുണ്ടായി.

ഫെബ്രുവരി ആദ്യവാരത്തില്‍ ആംസ്റ്റര്‍ഡാമില്‍ നിന്നും ജനീവയിലേക്കുള്ള യാത്രാമധ്യേ കൊറോണയെ തുടര്‍ന്നുള്ള  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരു ഇറ്റാലിയന്‍ ചെറുപ്പക്കാരനോട് ചേര്‍ന്നിരുന്നു യാത്ര ചെയ്തത്  മാത്രമാണ് അദ്ദേഹത്തിന് രോഗം പിടിപെടുവാനുണ്ടായ സാഹചര്യം. മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇക്കോണമി ഫ്‌ലൈറ്റുകളില്‍ ചേര്‍ന്നിരുന്നുള്ള യാത്രകളില്‍ സാംക്രമിക രോഗങ്ങള്‍ എളുപ്പത്തില്‍ പകരുന്നതിന്റെ ഉദാഹരണം മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ വിവരണം. രോഗാവസ്ഥയില്‍ തികച്ചും ഒറ്റപ്പെട്ടുപോയപ്പോള്‍ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളും അത്യാവശ്യം ലഭിക്കേണ്ട പോഷകാഹാരങ്ങളായ പഴങ്ങളും പച്ചക്കറികള്‍ മുതല്‍ ചായ കുടിക്കുവാനുള്ള പാലുപോലും വിപണിയില്‍ ലഭിക്കാതിരുന്നതിന്റെ വിഷമതകളും.

കൂടുതല്‍ സങ്കടമുളവായ വസ്തുത അദ്ദേഹത്തിനുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകളേക്കാളുപരി ലോകം ഒത്തിരി വളര്‍ന്നുയെന്നത് വെറും മിഥ്യാധാരണകള്‍ ആയിരുന്നുവെന്ന തിരിച്ചറിവാണ്. ലോകത്തിനാവശ്യമുള്ളതില്‍ കൂടുതല്‍ ആഹാരപാനീയങ്ങളും അവശ്യസാധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും അത്യാവശ്യ വേളയില്‍ ലഭിക്കാതെ വന്നു. ഇവിടെ കൊറോണാ വൈറസല്ലാ മനുഷ്യനെ തോല്‍പ്പിക്കുന്നത് പകരം മനുഷ്യന്റെ പിടിപ്പുകേടുകള്‍ മാത്രമാണ്. അവശ്യ വസ്തുക്കള്‍ ശരിയായ രീതിയില്‍ ആവശ്യക്കാരന്റെ പക്കലെത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥകള്‍.

കോവിഡിനെത്തുടര്‍ന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപെട്ട ഇറ്റലിയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ അതിലും പരിതാപകരമാണ്. ചൈനയില്‍ ഉത്ഭവിച്ച മഹാമാരി ലോകത്തെല്ലായിടത്തും വ്യാപിക്കുവാനുള്ള സാദ്ധ്യതകളുണ്ടെന്ന് രാജ്യാന്തര ആരോഗ്യസംഘടനകള്‍ നല്‍കിയ മുന്നറിയുപ്പുകളെ അവഗണിച്ചതിലുണ്ടായ തിരിച്ചടികള്‍. സ്വന്തം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുവാന്‍ സാധിക്കുന്നില്ലാ എന്ന് തിരിച്ചറിഞ്ഞ നേതൃത്വം മുന്‍കരുതലുകള്‍ എടുക്കുവാന്‍ സാധിക്കാതെ വന്നപ്പോഴുണ്ടായ പിഴവുകള്‍ക്ക് പരസ്യമായി മാപ്പുചോദിക്കേണ്ടി വന്നു.

വികസിത രാജ്യങ്ങളിലെ നേതൃത്ത്വം ആദ്യകാലങ്ങളില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെങ്കിലും അന്യോന്യം പഴിചാരാതെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ പഠിച്ചുകൊണ്ട് അവരോരുത്തരുടേയും പ്രവര്‍ത്തന ശൈലികളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുന്നോട്ട് തന്നെ പോകുമ്പോള്‍ പ്രത്യാശയേറുകയാണ്. അവികസിത രാജ്യമെന്ന് മുദ്രകുത്തിയിട്ടുള്ള ഭാരതത്തിന്റെ നിലപാടുകളും മുന്‍കരുതലുകളും നിലവില്‍ മറ്റു ലോകരാജ്യങ്ങള്‍ക്ക് മാതൃകയാവുകയാണ്. വര്‍ഗ്ഗീയ ശക്തികളുടെ ഒറ്റപ്പെട്ട ചില ഭ്രാന്തന്‍ ചിന്താഗതികളും കാഴ്ചപ്പാടുകളെയും അവഗണിച്ചാല്‍ ഭാരതത്തിലെ ആരോഗ്യ വിദഗ്ധരുടെയും രാഷ്ട്രീയ നേതൃത്ത്വത്തിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ കൊറോണയെന്ന മഹാമാരിയില്‍ നിന്നും എല്ലാ ഭാരതീയര്‍ക്കും സംരക്ഷണ കവചം തീര്‍ക്കുവാന്‍ സാധിക്കും.

ലോകത്തില്‍ മനുഷ്യരെന്നും അമൂല്യസൃഷ്ടികള്‍ തന്നെയാണ്, ഏകോപിച്ചുള്ള പ്രവര്‍ത്തങ്ങളിലൂടെ ഏതൊരു പ്രതികൂല സാഹചര്യത്തെയും നേരിടുവാന്‍ കഴിവുള്ളവരെന്നു പലയാവര്‍ത്തി തെളിയിച്ചിട്ടുള്ളവര്‍. ശരാശരി ആരോഗ്യമുള്ള വ്യക്തികള്‍ക്ക് കോവിഡ് -19 സാധാരണയുണ്ടാവുന്ന ജലദോഷവും പനിയും പരത്തുന്ന പോലുള്ള ഒരു വൈറസ് മാത്രമാണ്. വ്യക്തികളില്‍ ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന രോഗം. ഓരോ വ്യക്തികളും വ്യത്യസ്ഥരാണെന്നും സ്വന്തം ജീവിതം സംരക്ഷിക്കേണ്ടതിന് മറ്റുള്ളവരില്‍ നിന്നും എല്ലാക്കാര്യങ്ങളിലും അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് മാത്രമാണ് നിലവില്‍ ഈ വൈറസ് നല്‍കുന്ന പാഠങ്ങള്‍. എന്നാല്‍ ഇതുമൂലം ലോകരാഷ്ട്രങ്ങള്‍ക്ക് ഉണ്ടാകുവാന്‍ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും നഷ്ടങ്ങളും എന്തൊക്കെയാണെന്നും എങ്ങനെ തരണം ചെയ്യുവാന്‍ സാധിക്കുമെന്നും തല്‍ക്കാലത്തേക്ക് ആരും തന്നെ ചിന്തിക്കുന്നുമില്ല. വികസിത രാജ്യങ്ങളില്‍  ധാരാളം കരുതല്‍ ധനമുണ്ടായിരിക്കും പക്ഷെ അവികസിത രാജ്യങ്ങളില്‍ നഷ്ടപ്പെടുന്ന ഓരോ പ്രവൃത്തി ദിനങ്ങളിലും ആഗോളകടബാധ്യതകള്‍  കൂടിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.

അതോടൊപ്പം ഒരു വൈറസ് ലോകത്തുള്ള എല്ലാ  മനുഷ്യരുടെയും അനുദിന ജീവിതം താറുമാറാക്കിയപ്പോള്‍ അതിലും വലിയ പ്രശ്‌നങ്ങളില്‍ നിന്നും സാധാരണക്കാരുടെ ശ്രദ്ധ മാറിപ്പോവുകയാണ്.  യാതൊരുപ്രതിവിധിയുമില്ലാതെ മനുഷ്യന്റെ  കുടിവെള്ളം മുട്ടിക്കുന്ന ആഗോളതാപനവും, താഴ്ന്ന പ്രദേശങ്ങള്‍ക്ക് ആശങ്കയേറുന്ന സമുദ്രനിരപ്പുകളിലെ ഉയര്‍ച്ചയും, എല്ലാ വര്‍ഷവും അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന കാട്ടുതീകളും, ശാസ്ത്രീയ പ്രവചനങ്ങള്‍ക്കതീതമായ കാലാവസ്ഥകളും അതിലെല്ലാമുപരി രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന മാനുഷിക സംഘര്‍ഷങ്ങള്‍ മൂലമുള്ള ആഗോള അഭയാര്‍ഥികളും സാധാരണക്കാരുടെ മുന്‍പില്‍ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യചിന്ഹങ്ങളായി നിലനില്‍ക്കുന്നു. അതിസമര്‍ത്ഥരെന്നു വിശേഷിപ്പിക്കുന്ന മനുഷ്യര്‍ക്ക് ഒരേ സമയത്തുതന്നെ അതിവേഗത്തിലും അതോടൊപ്പം സാവധാനത്തിലും മാനവരാശിയുടെയും ഭൂമിയുടെയും സുസ്ഥിരമായ നിലനില്‍പ്പിനെപ്പറ്റി ചിന്തിച്ചു തീരുമാനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam