യുകെയിലെ മലയാളികളുടെ കരുണയ്ക്ക് ഇക്കുറി കയ്യടിച്ചത് കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുസ്തക്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് നടത്തിയ ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലില്‍ സഹായങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ് ഹൈക്കോടതി ജഡ്ജി യുകെയിലെ മലയാളികളുടെ കരുണയെ പ്രശംസിച്ചത്. സത്യമല്ല, തെളിവുകളാണ് കോടതിക്ക് പരിഗണിക്കേണ്ടി വരുന്നതെന്നു പറഞ്ഞു സത്യത്തിനു വേണ്ടി നിലനില്ക്കാന് ആഹ്വാനം ചെയ്താണ് ജസ്റ്റിസ് മുസ്തക് പ്രസംഗം അവസാനിപ്പിച്ചത്. ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന പത്തനാപുരം ഗാന്ധി ഭവനില്‍ നടന്ന നിയമബോധന ചടങ്ങിനിടയില്‍ ആയിരുന്നു ഏഴു രോഗികള്‍ ഫണ്ട് ഏറ്റുവാങ്ങിയത്.
ബ്രിട്ടീഷ് മലയാളി ഫൗണ്ടേഷന് ഏഴ് നിര്‍ദ്ധന രോഗികള്‍ക്ക് 8250 പൗണ്ടാണ് ഇന്നലെ ഗാന്ധിഭവനിലെ ചടങ്ങില്‍ വച്ച് വിതരണം ചെയ്തത്. സഹായം അഭ്യര്‍ത്ഥിച്ച ആറുപേര്‍ക്ക് 1250 പൗണ്ട് വീതവും ഒരാള്‍ക്ക് 750 പൗണ്ടുമാണ് നല്‍കിയത്. കോട്ടയം ഓണംത്തുരുത്ത് സ്വദേശി മനോജ് ജോസഫ്, കണ്ണൂര്‍ ചെമ്പേരി സ്വദേശി ജോര്‍ജ്ജ് തോമസ്, എറണാകുളം അങ്കമാലി സ്വദേശിനി നീതു സുജിത്ത്, വയനാട് സ്വദേശി എല്‍ദോ, ആലപ്പുഴ കലവൂരിലെ ബാലിക ശ്രീരഞ്ജിനി എന്‍എസ്, കോട്ടയം കീഴൂര്‍ സ്വദേശി ഔസേഫ് ലൂക്കാ എന്നിവര്‍ക്കാണ് 1250 പൗണ്ട് നല്‍കിയത്. ഇടുക്കി കട്ടപ്പന സ്വദേശിനി ജെസ്സിക്ക് 750 പൗണ്ട് നല്കി.
ഗാന്ധിഭവന് ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തും നിയമ ബോധന സെമിനാറിലുമാണ് സഹായ വിതരണം നടത്തിയത്. രാവിലെ ഒന്‍പതു മണിക്കാണ് പരിപാടി ആരംഭിച്ചത്. ജീവിതം സന്തോഷിക്കുവാന്‍ വേണ്ടിമാത്രമാണെന്നു കരുതുന്ന ഒരു സൈബര്‍ തലമുറയാണ് വളര്‍ന്നുവരുന്നത്. സാമൂഹ്യ സ്പന്ദനങ്ങളറിയാത്ത തലമുറ. പരസ്പര സ്നേഹവും സഹകരണവും കുറയുന്ന ഈ സാഹചര്യത്തില്‍ ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് പ്രസക്തിയേറുന്നു. എന്നു നമ്മള് ഗാന്ധിജിയുടെ ആശയങ്ങള്‍ നിരാകരിച്ചു തുടങ്ങിയോ അന്നുമുതല്‍ സാമൂഹ്യ ജീവിതത്തില്‍ താളംതെറ്റലുകള്‍ തുടങ്ങി. ഇന്ത്യയെ ഒന്നിച്ചു നിര്‍ത്തുന്ന ആശയങ്ങളാണ് ഗാന്ധിജിയുടേതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് കൂട്ടിച്ചേര്‍ത്തു.
പത്തനാപുരം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എ.കെ. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് സ്വാഗതമാശംസിച്ച ചടങ്ങില്‍ സംസ്ഥാന വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ വിശിഷ്ടാതിഥിയായിരുന്നു. പുനലൂര്‍ മുന്‍സിഫ് ജി. ഹരീഷ്, കൊല്ലം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ ആര്. സുധാകാന്ത്, ഗാന്ധിഭവന് നീതിഭവന്‍ സിഇഒ മുന്‍ എ ഡി എം എച്ച് സലിംരാജ്, പുനലൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എച്ച് രാജീവന്, സിഡബ്ല്യുസി അംഗം പി.എസ്.എം ബഷീര്‍, അഡ്വ. രാജീവ് രാജധാനി, അഡ്വ. ബീനാവിന്സന്റ്, എസ്പിസി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. എസ്. രശ്മി, ഗാന്ധിഭവന് ചെയര്മാന് അഡ്വ. എന്‍. സോമരാജന്, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി സെക്രട്ടറി ഷിബു തോമസ് എന്നിവര്‍ പങ്കെടുത്തു.